കുറ്റ്യാടി: ചുട്ടുപൊള്ളുന്ന വേനലിൽ പുഴകളും നീർച്ചാലുകളും വറ്റുന്നു. ജില്ലാ അതിർത്തി പങ്കിടുന്ന കാവിലുംപാറയിലെ മൂന്നാംകൈയിലെ പുന്നക്കയത്തിലും നീരൊഴുക്ക് നിലച്ചു.

പശ്ചിമഘട്ടമലനിരകളിൽ നിന്ന് ഉൽഭവിക്കുന്ന കരിങ്ങാട് പട്ട്യാട്ട് പുഴകൾ സംഗമിക്കുന്ന സ്ഥലമാണിത്. മലയോരത്തെ നീർച്ചാലുകളും നീരുറവകളും വറ്റിയതോടെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്.
നാദാപുരം മുടിയുടെ അടിത്തട്ടിൽ ഉൾവനത്തിൽ ഒരിക്കലും വറ്റാത്ത തണൽത്തട്ടും വറ്റിയതോടെ മൃഗങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന കാവിലുംപാറ, മരുതോങ്കര,കായക്കൊടി, നരിപ്പറ്റ, മേഖലകളിൽ കാർഷിക വിളകളും നശിച്ചു തുടങ്ങി.
തെങ്ങ്, കവുങ്ങ്, ഗ്രാമ്പു, തുടങ്ങിയവയുടെ ഉൽപ്പാദനം കുറഞ്ഞതായും കർഷകർ പറയുന്നു.
സമതല പ്രദേശങ്ങളിലെ കൃഷിക്കും കുടിവെള്ളത്തിന്റെ ലഭ്യതയ്ക്കും പ്രധാന ആശ്രയിക്കുന്ന കുറ്റ്യാടി പുഴയും കൈവഴികളായ തോടും പുഴയും നീർച്ചാലുകളും വറ്റിയത് കർഷകർക്ക് തിരിച്ചടിയാകുന്നു.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാൽ തുറക്കാത്തതും കൃഷിക്കും കുടിവെള്ള ലഭ്യതയ്ക്കും തടസ്സമാവുന്നു.കുടിവെള്ള പദ്ധതിയുടെ കിണറുകൾ വറ്റിത്തുടങ്ങിയതും പ്രതിസന്ധിയാകുന്നു.
Summers are stinging: Water flow is reduced in Punnakayam