---
title: "കനാല്‍ തുറന്നു; കുറ്റ്യാടി ജലസേചന പദ്ധതി വലതുകര കനാല്‍ തുറന്നു"
english_title: "The canal opened; Kuttyadi Irrigation Project opened right bank canal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/101269/the-canal-opened-kuttyadi-irrigation-project-opened-right-bank-canal"
published_at: "2023-03-04T13:43:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640300bcb3176_kuttiady_canal.jpg"
keywords: []
---

# കനാല്‍ തുറന്നു; കുറ്റ്യാടി ജലസേചന പദ്ധതി വലതുകര കനാല്‍ തുറന്നു

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി ജലസേചന പദ്ധതി വലതുകര കനാല്‍ തുറന്നു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി ജലസേചന പദ്ധതി വലതുകര കനാല്‍ തുറന്നു.

വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് പെരുവണ്ണാമുഴിക്ക് സമീപം പട്ടാണിപ്പാറയിലെ ഷട്ടര്‍ തുറന്നാണ് വെള്ളം വിട്ടത്. ഇടതുകര മെയിന്‍ കനാല്‍ കഴിഞ്ഞ മാസം 26ന് തുറന്നിരുന്നു.

കനാലില്‍ വന്‍തോതില്‍ അഴുക്കുകളുള്ളതിനാ്ല്‍ പതുക്കെയാണ് വെള്ളമൊഴുകുന്നത്.

34.27കിലോമീറ്ററുള്ള കനാലിന്റെ അവസാന ഭാഗമായ വില്യാപള്ളിയില്‍ വെള്ളമെത്താന്‍ ശനിയാഴ്ച വൈകുന്നേരമാവുമെന്ന് പദ്ധതി വിഭാഗം അസി. എന്‍ജിനിയര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ പട്ടാണിപ്പാറയില്‍ നിന്നൊഴുകിയ വെള്ളം കായക്കൊടി പഞ്ചായത്തിലെ കള്ളാട് നീര്‍പാലത്തിലെത്തിയത് വൈകിട്ട് അഞ്ചിന്. കായക്കൊടിയിലെത്താന്‍ രാത്രിയായി.

കുന്നുമ്മല്‍, പുറമേരി പഞ്ചായത്തുകളിലൂടെയാണ് വില്യപള്ളിയിലെത്തേണ്ടത്. അതുംകഴിഞ്ഞ് അഴിയൂര്‍, മണിയൂര്‍ ബ്രാഞ്ച് കനാലിലും വെള്ളം വിടണം.

കുറ്റ്യാടി മണ്ഡലത്തിലെ മിക്കപഞ്ചായത്തുകളിലും കുടിവെള്ളം പരിഹരിക്കുന്നത് കനാല്‍ മുഖേനയാണ്. കഴിഞ്ഞ വര്‍ഷം വലതുകര കനാല്‍ മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയില്‍ തകര്‍ന്ന് ജലവിതരണം ഏതാനും ആഴ്ച നിലച്ചിരുന്നു.

അടിയന്തര അറ്റകുറ്റപ്പണി നടത്തി ജലസേചനം പുനസ്ഥാപിക്കുകയും ഈ വര്‍ഷം 84 ലക്ഷം രൂപ ചെലവില്‍ കനാല്‍ പുനര്‍നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. കനാല്‍ തുറന്നതോടെ പരിസരങ്ങളിലുള്ളവര്‍ ആഹ്‌ളാദത്തിലാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/101269/the-canal-opened-kuttyadi-irrigation-project-opened-right-bank-canal)