---
title: "അസ്മിനയുടെ മരണം; കൂട്ടുപ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണം- ആക്ഷൻ കമ്മിറ്റി "
english_title: "Investigation should be extended to co-accused in Asmina's death"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106834/investigation-should-be-extended-to-co-accused-in-asminas-death"
published_at: "2023-04-03T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a64d0a207c_asmina.jpg"
keywords: []
---

# അസ്മിനയുടെ മരണം; കൂട്ടുപ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണം- ആക്ഷൻ കമ്മിറ്റി 

> **Lead Summary:** **കുറ്റ്യാടി: **അഞ്ച് മാസം ഗർഭിണിയായ യുവതി ഭർത്തൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ . ദേവർകോവിലിലെ അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ജംഷീറിനെയും ഭർത്തൃമാതാവ് നഫീസയെയും ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

## Article Content

**കുറ്റ്യാടി: **അഞ്ച് മാസം ഗർഭിണിയായ യുവതി ഭർത്തൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ . ദേവർകോവിലിലെ അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ജംഷീറിനെയും ഭർത്തൃമാതാവ് നഫീസയെയും ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ, കൂട്ടുപ്രതികളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിച്ചാലേ മരണത്തിലേക്ക് നയിച്ച യഥാർഥപ്രതികളെ കണ്ടെത്താൽ കഴിയുകയുള്ളൂ. ജംഷീറിന്റെ രണ്ടു സഹോദരിമാരുടെയും പേരിൽ പോലീസ് ആദ്യഘട്ടത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഉമ്മയുടെയും സഹോദരിമാരുടെയും ഗുരുതരമായ പീഡനമാണ് അസ്മിനയെ മരണത്തിലേക്ക്‌ നയിച്ചതെന്നും രേഖപ്പെടുത്തിയിരുന്നു.വാണിമേൽ സ്വദേശിയായ സഹോദരീഭർത്താവും പീഡനത്തിന് നേതൃത്വം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.

ആവശ്യമായ തെളിവുകൾ ശേഖരിച്ച് കേസന്വേഷണം ശരിയായ ദിശയിൽ നീങ്ങണമെന്നും അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.പി. കുഞ്ഞബ്ദുള്ള, കൺവീനർ എം.കെ. ശശി, ട്രഷറർ കെ.പി. കുഞ്ഞമ്മദ് എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.അതിനിടെ അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച റിമാൻഡ്‌ ചെയ്ത ഭർത്താവ് ജംഷീറിനെ ജില്ലാജയിലിലേക്കും ഭർത്തൃമാതാവ് നഫീസയെ മാനന്തവാടി ജില്ലാജയിലിലേക്കും മാറ്റി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106834/investigation-should-be-extended-to-co-accused-in-asminas-death)