---
title: "കുരുക്ക് അഴിക്കും; കുറ്റ്യാടിയിലെ അനധികൃത പാർക്കിങ്ങും നിയമലംഘനങ്ങൾക്കും കർശ്ശന നടപടി "
english_title: "Action taken against illegal parking and law violations in Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107235/action-taken-against-illegal-parking-and-law-violations-in-kuttyadi"
published_at: "2023-04-05T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d24481d087_kuttiadi_gathagatham_yogam.jpg"
keywords: []
---

# കുരുക്ക് അഴിക്കും; കുറ്റ്യാടിയിലെ അനധികൃത പാർക്കിങ്ങും നിയമലംഘനങ്ങൾക്കും കർശ്ശന നടപടി 

> **Lead Summary:** **കുറ്റ്യാടി: **ടൗണിൽ ഗതാഗത സ്തംഭനത്തിനിടയാക്കുന്ന അനധികൃത വാഹന പാർക്കിങ്ങിനെതിരേ കർശനനടപടിയെടുക്കാൻ ഗതാഗത ഉപദേശകസമിതി യോഗം തീരുമാനിച്ചു. ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

## Article Content

**കുറ്റ്യാടി: **ടൗണിൽ ഗതാഗത സ്തംഭനത്തിനിടയാക്കുന്ന അനധികൃത വാഹന പാർക്കിങ്ങിനെതിരേ കർശനനടപടിയെടുക്കാൻ ഗതാഗത ഉപദേശകസമിതി യോഗം തീരുമാനിച്ചു. ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഗതാഗത പരിഷ്കാരം നടപ്പാക്കാനും യോഗം തീരുമാനിച്ചു. വടകര റോഡിൽ ഫോറസ്റ്റ് ഓഫീസ് വരെയും മരുതോങ്കര റോഡിൽ സിറാജുൽഹുദവരെയും തൊട്ടിൽപ്പാലം റോഡിൽ ഷെയ്ഡ് ആശുപത്രിവരെയും വാഹന പാർക്കിങ് പാടില്ല. ഫുട്ട് പാത്ത് കച്ചവടവും അനുവദിക്കില്ല. തെരുവ് കച്ചവടങ്ങൾ മരുതോങ്കര റോഡിൽ സിറാജുൽഹുദയ്ക്ക് അപ്പുറത്തേക്ക് പരിമിതപ്പെടുത്തും.

ബസുകൾ പുതിയ സ്റ്റാൻഡിൽനിന്ന് ഇറങ്ങിയാൽ പേരാമ്പ്ര റോഡിൽ പോലീസ് സ്റ്റേഷന് സമീപത്തെ സ്റ്റോപ്പിലും തൊട്ടിൽപ്പാലം റോഡിൽ ഷെയ്ഡ് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പിലും വടകര റോഡിൽ ഗവ. താലൂക്ക് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പിലും മാത്രമേ ആളെ ഇറക്കാനും കയറ്റാനും പാടുള്ളൂ. ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്ന രൂപത്തിൽ പ്രചാരണബോർഡുകൾ പ്രദർശിപ്പിക്കാൻ പാടില്ല.

പുതിയ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യവാഹന പാർക്കിങ് അനുവദിക്കില്ല. ഓട്ടോറിക്ഷകളുടെ കുറ്റ്യാടി ടൗൺ പെർമിറ്റ് പരിമിതപ്പെടുത്താനും അനധികൃത സർവീസിനെതിരേ നടപടി എടുക്കാനും തീരുമാനിച്ചു. താലൂക്ക് ആശുപത്രി പരിസരത്ത് മെയിൻറോഡിൽ ആംബുലൻസ് ഒരെണ്ണം മാത്രം പാർക്ക് ചെയ്യും. മറ്റുള്ളവ ആശുപത്രിക്ക് പിറകുവശം പഴയ ആശുപത്രി കോമ്പൗണ്ടിൽ പാർക്ക് ചെയ്യും. കുറ്റ്യാടി പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ട്രാഫിക് യൂണിറ്റ് രൂപവത്കരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും.അനധികൃത പാർക്കിങ്ങും നിയമലംഘനങ്ങളും കണ്ടാൽ 9447643411, 9947286886 തുടങ്ങിയ നമ്പറുകളിൽ ഫോട്ടോസഹിതം ബന്ധപ്പെട്ടാൽ നടപടി എടുക്കും.

കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ.യുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, ജോ. ആർ.ടി.ഒ. പി.വി. രാജൻ, ഇൻസ്പെക്ടർ ഇ.കെ. ഷിജു, എസ്.ഐ. പി. ഷമീർ, വാർഡ്‌ അംഗം എ.സി. അബ്ദുൾമജീദ്, സി.എൻ. ബാലകൃഷ്ണൻ, പി.പി. ദിനേശൻ, വാഴയിൽ ബാലൻ, വി.കെ. ഫൈസൽ, ഒ.വി. ലത്തീഫ്, സി.എച്ച്. ഷരീഫ്, ഹാഷിം നമ്പാട്ടിൽ, പി.പി. ചന്ദ്രൻ, സബിന മോഹൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107235/action-taken-against-illegal-parking-and-law-violations-in-kuttyadi)