---
title: "അറസ്റ്റ് അഞ്ചായി ; ഹമീദിനെ ചോദ്യംചെയ്താൽ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന് പോലീസ്"
english_title: "Five arrested; Police say questioning Hamid could lead to a turning point in the case"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/123/five-arrested-police-say-questioning-hamid-could-lead-to-a-turning-point-in-the-case"
published_at: "2021-09-22T13:27:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614ae2482d0af_gold.jpg"
keywords: []
---

# അറസ്റ്റ് അഞ്ചായി ; ഹമീദിനെ ചോദ്യംചെയ്താൽ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന് പോലീസ്

> **Lead Summary:** **കുറ്റ്യാടി : **ഗോൾഡ് പാലസ് ജൂവലറി നിക്ഷേപതട്ടിപ്പ് കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം അഞ്ചായി.പോലീസ് അന്വേഷിക്കുന്ന രണ്ടുപേരിൽ ഒരാൾ ഇന്നലെ മഞ്ചേരിയിൽ പിടിയിൽ.

## Article Content

**കുറ്റ്യാടി : **ഗോൾഡ് പാലസ് ജൂവലറി നിക്ഷേപതട്ടിപ്പ് കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം അഞ്ചായി.പോലീസ് അന്വേഷിക്കുന്ന രണ്ടുപേരിൽ ഒരാൾ ഇന്നലെ മഞ്ചേരിയിൽ പിടിയിൽ.

കേസിലെ നാലാം പ്രതിയും ഡയറക്ടർമാരിലൊരാളുമായ ചെറിയകുമ്പളം ചെമ്പോട്ടുകണ്ടി ഹമീദ്‌ (61) ആണ് അറസ്റ്റിലായത്. മഞ്ചേരിയിലെ ഒരു സങ്കേതത്തിൽ ഒളിവിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച വൈകീട്ടോടെ അന്വേഷണ ഉദ്യോഗസ്ഥനായ കുറ്റ്യാടി സി.ഐ. ടി.പി. ഫർഷാദാണ് അറസ്റ്റുചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കേസിൽ പ്രതിചേർക്കപ്പെട്ട ഇയാൾ ഉൾപ്പെടെ രണ്ടുപേർ ദിവസങ്ങളായി ഒളിവിലായിരുന്നു. ഇതേത്തുടർന്ന് കേസന്വേഷണം അയൽജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. അന്വേഷണത്തിനിടെ ഹമീദ് മഞ്ചേരിയിലെ ഒരു ഫ്ളാറ്റിൽ ഒളിവിൽ കഴിയുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്നാണ് അന്വേഷണസംഘം സ്ഥലത്തെത്തി പ്രതിയെ നാടകീയമായി പിടികൂടിയത്.

ഹമീദിനെ ചോദ്യംചെയ്യുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. എസ്.ഐ.മാരായ മനോജ്, മുനീർ, എ.എസ്.ഐ.മാരായ മനോജ്, അശ്‌റഫ്, ബിജു, സി.പി.ഒ.മാരായ റിയാസ് രജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

അറസ്റ്റിലായ പ്രതിയെ ചൊവ്വാഴ്ച നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ചോദ്യംചെയ്യലിനായി പോലിസ് കസ്റ്റഡിയിൽ വാങ്ങും.

മാനേജിങ് പാർട്‌ണർമാരായ വി.പി സമീർ, കെ.പി. ഹമീദ്, ടി. മുഹമ്മദ്, കല്ലാച്ചി ഗോൾഡ് പാലസ് ജീവനക്കാരൻ റുംഷാദ് എന്നിവരാണ് നേരത്തേ പിടിയിലായവർ. അന്വേഷണസംഘം കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്ത ഇവരിപ്പോൾ റിമാൻഡിൽ കഴിയുകയാണ്. ഇനി പിടിയിലാകാനുള്ള സബീലിനെതിരേ തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/123/five-arrested-police-say-questioning-hamid-could-lead-to-a-turning-point-in-the-case)