---
title: "#kuttiadi | കലിയാ... കലിയാ... കൂയ്..... കർക്കടകപ്പിറവി അറിയിച്ച് നാട്ടിൻപുറങ്ങളിൽ കലിയൻ വിളി ആചാരം"
english_title: "#Calling Kalian # ritual # rural areas # announce # beginning #karkkidakam "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/131056/calling-kalian-ritual-rural-areas-announce-beginning-karkkidakam-new "
published_at: "2023-07-17T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4cfe4a0d2e_karkkidakam_.jpg"
keywords: []
---

# #kuttiadi | കലിയാ... കലിയാ... കൂയ്..... കർക്കടകപ്പിറവി അറിയിച്ച് നാട്ടിൻപുറങ്ങളിൽ കലിയൻ വിളി ആചാരം

> **Lead Summary:** > **കുറ്റ്യാടി :[ ** "കലിയാ... കലിയാ... കൂയ്.. - ചക്കേം മാങ്ങേം കൊണ്ടത്താ...’ കർക്കടകപ്പിറവി അറിയിച്ച് നാട്ടിൻപുറങ്ങളിൽ കലിയനെ സ്വാഗതംചെയ്തുള്ള ആഘോഷത്തിന്റെ ആർപ്പുവിളികളായിരുന്നു ഞായറാഴ്‌ച എങ്ങും. മിഥുന മാസത്തിന്റെ അവസാന ദിവസം നാട്ടകങ്ങളിൽ ഉയരുന്ന അനുഷ്ഠാനകലയുടെ ഭാഗമായാണ്‌ ഐശ്വര്യത്തിന്റെയും കാർഷിക സംസ്കൃതിയുടെയും പ്രതീകമായുള്ള കലിയൻ പാട്ട്‌.

## Article Content

> **കുറ്റ്യാടി :[ ** "കലിയാ... കലിയാ... കൂയ്.. - ചക്കേം മാങ്ങേം കൊണ്ടത്താ...’ കർക്കടകപ്പിറവി അറിയിച്ച് നാട്ടിൻപുറങ്ങളിൽ കലിയനെ സ്വാഗതംചെയ്തുള്ള ആഘോഷത്തിന്റെ ആർപ്പുവിളികളായിരുന്നു ഞായറാഴ്‌ച എങ്ങും. മിഥുന മാസത്തിന്റെ അവസാന ദിവസം നാട്ടകങ്ങളിൽ ഉയരുന്ന അനുഷ്ഠാനകലയുടെ ഭാഗമായാണ്‌ ഐശ്വര്യത്തിന്റെയും കാർഷിക സംസ്കൃതിയുടെയും പ്രതീകമായുള്ള കലിയൻ പാട്ട്‌.

കർക്കടകത്തിലെ പട്ടിണി അകറ്റാനം വരുംനാളിൽ കാർഷിക വിളവ് മികച്ചതാക്കാനുമാണ് ഈ നാട്ടാചാരം. വിസ്‌മൃതിയിലാകുന്ന കാർഷിക സംസ്‌കാരത്തെപ്പോലെ അന്യംനിന്നുപോകുന്ന കലാരൂപങ്ങളാണ്‌ ഒറ്റ തെയ്യങ്ങളായ കലിയൻ പാട്ടും വേടൻ, കാലൻ, ശീപോതി കെട്ടിയാട്ടവും. കലിയൻപാട്ട് മിഥുനമാസം അവസാന ദിവസം ത്രിസന്ധ്യയ്ക്കാണ്‌. കലിയൻ പാട്ടുമായി ആളെത്തുന്നതിന്‌ പുറമെ വീടുകളിൽ കുട്ടികളും കലിയനെ സ്വാഗതംചെയ്ത്‌ ആർപ്പുവിളിക്കും.

തുടർന്ന്‌ മിഥുനസംക്രാന്തിക്കുശേഷം വേടൻ വീടുകളിലെത്തും. കർക്കടകം പകുതിയോടെയാണ്‌ കാലൻ, ശീപോതി തെയ്യങ്ങൾ വീട്ടിലെത്തുക. ആചാരപ്രകാരം മുതിർന്ന അംഗങ്ങൾ ഇവരെ ആദരിക്കും. ശീപോതി കർക്കടകം അവസാന നാളുകളിൽ എത്തുന്നതോടെ ഐശ്വര്യ നാളുകൾക്ക് തുടക്കമായി എന്നാണ് സങ്കൽപ്പം. ചിങ്ങപ്പിറവിയോടെ കാർഷിക സമൃദ്ധിയുടെ കാലമായി. പിന്നീട് ഉത്സവങ്ങളുടെ വരവറിയിച്ച ഓണപ്പെട്ടനും കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യം തിറയുടെയും കാലമാണ്‌. കടപ്പാട്: ദേശാഭിമാനി - മുകുന്ദൻ കുറ്റ്യാടി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/131056/calling-kalian-ritual-rural-areas-announce-beginning-karkkidakam-new )