---
title: "#Volleyacademy | വോളി അക്കാദമി പ്രവൃത്തി തുടങ്ങി; കായിക മേഖലയ്ക്ക് ഇന്ത്യയിൽ ഏറ്റവും അധികം തുക ചിലവഴിക്കുന്നത് കേരളം - മന്ത്രി വി അബ്ദുറഹ്മാൻ "
english_title: "#VolleyAcademy #started #work #Minister #VAbdurRahman"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136514/volleyacademy-started-work-minister-vabdurrahman"
published_at: "2023-08-04T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd136f71243_kakkattil.jpg"
keywords: []
---

# #Volleyacademy | വോളി അക്കാദമി പ്രവൃത്തി തുടങ്ങി; കായിക മേഖലയ്ക്ക് ഇന്ത്യയിൽ ഏറ്റവും അധികം തുക ചിലവഴിക്കുന്നത് കേരളം - മന്ത്രി വി അബ്ദുറഹ്മാൻ 

> **Lead Summary:** **കക്കട്ടിൽ : **കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വനിത വോളിബോൾ അക്കാദമിയുടെ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു.

## Article Content

**കക്കട്ടിൽ : **കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വനിത വോളിബോൾ അക്കാദമിയുടെ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു.

കായിക മേഖലയ്ക്ക് 1500 കോടി രൂപ ചെലവഴിക്കുന്ന കേരള സംസ്ഥാനമാണ് കളിക്കളങ്ങൾ നിർമ്മിക്കാൻ വേണ്ടി ഇന്ത്യയിൽ തന്നെ ഏറ്റവും അധികം തുകയ്ക്കുള്ള പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

കേരള സർക്കാരിന്റെ പ്രധാന ലക്ഷ്യം ആരോഗ്യകരമായ ജനസമൂഹത്തെ വാർത്തെടുക്കലാണ്. ഓരോ ജില്ലാ ആസ്ഥാനങ്ങളിലും ഓരോ ജില്ലാ സ്റ്റേഡിയങ്ങളുടെ പ്രവൃത്തി പുരോഗമിച്ച് വരികയാണ്.

കളിക്കളമില്ലാത്ത പഞ്ചായത്തുകളിൽ കളിക്കളം നിർമ്മിക്കാൻ വേണ്ടി 110 കോടി രൂപ എൽ.ഡി.എഫ് സർക്കാർ അനുവദിച്ചിരിക്കുകയും അതോടൊപ്പം പുതിയ കായിക നയവും സർക്കാർ അംഗീകരിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പുതിയ ജോലി സാധ്യതകൾ കായിക മേഖലയിൽ കണ്ടെത്തി വരികയാണ് .

ഇതിനായി കേരള സ്പോർട്ട്സ് എക്കണോമി മിഷൻ ആരംഭിക്കുകയാണ്. സർക്കാർ സഹായത്തോടൊപ്പം സ്വകാര്യ നിക്ഷേപവും കണ്ടെത്തിയാണ് കേരള സ്പോർട്ട്സ് എക്കണോമി മിഷൻ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ അന്തർദേശീയ വനിത താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള കുന്നുമ്മൽ വോളിബോൾ അക്കാദമി നിലവിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രവർത്തിക്കുന്നത്.

ഇൻറർ ക്ലബ്ബ് വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തി സമാഹരിച്ച തുക ഉപയോഗിച്ചാണ് കുന്നുമ്മൽ വോളിബോൾ അക്കാദമി വട്ടോളിയിൽ ഒരു ഏക്കർ ഭൂമി വാങ്ങിയത്. 2019-20 സാമ്പത്തിക വർഷം അനുമതി നൽകിയ ഈ പ്രവർത്തി , നിരവധി സാങ്കേതിക കുരുക്കുകൾ മറികടന്നാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ വോളിബോൾ അക്കാദമി സെക്രട്ടറിയും,മുൻ എംഎൽഎയുമായ കെ കെ ലതിക , കോഴിക്കോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫെയ്ഴ്സ് ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജഗോപാൽ, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വിജിലേഷ് , ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കായിക വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വികെ റീത്ത സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136514/volleyacademy-started-work-minister-vabdurrahman)