---
title: "#KPKunjammatKutty | തേങ്ങയെ രക്ഷിക്കണം; നാളികേര വിലയിടിവിൽ നിയമസഭയിൽ കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം "
english_title: "#coconut #saved #KPKunjammatKutty #MLA's #resolution #calling #attention #coconutprices #Assembly"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/137454/coconut-saved-kpkunjammatkutty-mlas-resolution-calling-attention-coconutprices-assembly"
published_at: "2023-08-08T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2246c3b06f_kunjammad.jpg"
keywords: []
---

# #KPKunjammatKutty | തേങ്ങയെ രക്ഷിക്കണം; നാളികേര വിലയിടിവിൽ നിയമസഭയിൽ കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം 

> **Lead Summary:** **കുറ്റ്യാടി : **നാളികേര വിലയിടിവ് കാരണം കേരകർഷകർ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന ശ്രദ്ധ ക്ഷണിക്കൽ പ്രമേയം കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചു. തേങ്ങയുടെ വിലയിടിവ് കാരണം തെങ്ങ് പരിചരണം മിക്ക സ്ഥലത്തും നടക്കാത്ത അവസ്ഥയാണ് ഉള്ളത്.

## Article Content

**കുറ്റ്യാടി : **നാളികേര വിലയിടിവ് കാരണം കേരകർഷകർ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന ശ്രദ്ധ ക്ഷണിക്കൽ പ്രമേയം കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചു. തേങ്ങയുടെ വിലയിടിവ് കാരണം തെങ്ങ് പരിചരണം മിക്ക സ്ഥലത്തും നടക്കാത്ത അവസ്ഥയാണ് ഉള്ളത്.

ഒരു തേങ്ങ വിറ്റ് രണ്ട് കിലോ അരി വാങ്ങിയ കാലം ഉണ്ടായിരുന്നു. കേന്ദ്രത്തിലെ യുപിഎ സർക്കാർ നടപ്പിലാക്കിയതും,ബിജെപി സർക്കാർ തുടർന്നു വരുന്നതുമായ നവ ഉദാരവൽക്കരണ നയങ്ങൾ ആണ് നാളികേര മേഖലയെ ഇത്രയധികം പ്രതിസന്ധിയിലാക്കിയത്.

നാളികേര സംഭരണം കാര്യക്ഷമമാക്കി നാളികേര കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെ എം എൽ എ അവതരിപ്പിച്ചു. ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് മന്ത്രി നൽകിയ മറുപടി ഇങ്ങനെ ....

> "നാളികേര കർഷകർ നേരിടുന്ന വിലയിടിവ് പരിഹരിക്കുവാനും, സംസ്ഥാനത്തെ നാളികേര ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരിച്ചു വരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 32 രൂപ നിരക്കിലും നടപ്പ് സാമ്പത്തിക വർഷം 34 രൂപ നിരക്കിലും ആണ് പച്ച തേങ്ങ സംഭരിക്കുന്നത്.

പച്ച തേങ്ങ സംഭരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരഫെഡ് നേരിട്ടും വിവിധ സഹകരണ സംഘങ്ങൾ/FPO കൾ മുഖേനയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളത്തിൻറെ (VFPCK),സ്വാശ്രയ കർഷക വിപണികൾ മുഖേനയും കേരള നാളികേര വികസന കോർപ്പറേഷൻ കേന്ദ്രങ്ങൾ വഴിയുമാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്.

129 കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നു. സംസ്ഥാന സർക്കാറിന്റെ പച്ചത്തേങ്ങ സംഭരണ പദ്ധതി തുടരുന്നതോടൊപ്പം തന്നെ കേന്ദ്രത്തിന്റെ കൊപ്രാ സംഭരണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊപ്രസംഭരണവും ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം നൽകുന്ന താങ്ങുവിലേക്ക് പുറമെ(29.30/-) സംസ്ഥാനം പച്ചത്തേങ്ങക്ക് കിലോഗ്രാമിന് 4.7 രൂപ നിരക്കിൽ അധികം നൽകി 34 രൂപ അടിസ്ഥാന വില്ല കർഷകന് കൊപ്ര സംഭരണത്തിലും സർക്കാർ ഉറപ്പാക്കുന്നുണ്ട്.

തേങ്ങയുടെ ഉൽപാദന ചെലവും , ഉത്പാദനവും കണക്കാക്കിയാണ് സംഭരണ വില / തറവില നിശ്ചയിക്കുന്നത്. കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസ് (CACP) കണക്കുകൾ പ്രകാരം കർഷകരുടെ സ്വന്തം ഭൂമിയുടെ ഉപയോഗം ഉൾപ്പെടെയുള്ള മൊത്തം ഉൽപാദനച്ചെലവിനെ(COST C2)അടിസ്ഥാനമാക്കി 2022-23 വർഷം കേരളത്തിൽ ഒരു നാളികേരത്തിന്റെ ഉത്പാദന ചെലവ് 13.94 രൂപയും,അഖിലേന്ത്യ അടിസ്ഥാനത്തിൽ 12.24 രൂപയും ആണ്.

എന്നാൽ കേന്ദ്രസർക്കാർ അംഗീകരിച്ച ഉൽപാദനപാധികളുടെ ചെലവും , കുടുംബകൂലിച്ചെലവും ( കോസ്റ്റ് A2+Family labour)അടിസ്ഥാനമാക്കിയാൽ കേരളത്തിൽ ഒരു നാളികേരത്തിന്റെ ഉത്പാദന ചെലവ് 9.91 രൂപയും ,അഖിലേന്ത്യാ അടിസ്ഥാനത്തിൽ 7.92 രൂപയുമാണ്.

ഇപ്രകാരം അഖിലേന്ത്യ അടിസ്ഥാനത്തിൽ കണക്കാക്കിയ ഉത്പാദനച്ചെലവിനെ അധിഷ്ഠിതമാക്കി കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുമ്പോൾ കേരളത്തെ സംബന്ധിച്ച് ടി നിരക്ക് കുറവാണ്. കേരളത്തിൻറെ വർദ്ധിച്ച ഉൽപാദന ചെലവ് പരിഗണിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ താങ്ങ് വില പ്രഖ്യാപിക്കണമെന്നും, നിലവിലെ നിരക്ക് ഉയർത്തണമെന്നും കേന്ദ്രസർക്കാരിനോട് കേരളം നിരവധിതവണ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു തെങ്ങിൽ നിന്നും ലഭിക്കുന്ന നാളികേരത്തിന്റെ എണ്ണം ഒരു വർഷം 50 എന്നതായിരുന്നു അംഗീകരിച്ച കണക്ക്. എന്നാൽ ഇത് വർദ്ധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നുവന്നു. കർഷകരുടെ ആവശ്യങ്ങളുടെയും തുടർന്ന് നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിൽ ഒരു വർഷത്തിൽ തെങ്ങ് ഒന്നിന് പരമാവധി 70 നാളികേരം എന്ന് കണക്കിൽ പച്ച തേങ്ങ സംഭരിക്കുവാൻ നിലവിൽ അനുവാദം നൽകിയിട്ടുണ്ട്.

വർഷത്തിൽ ആറുതവണയായി നടത്തിയിരുന്ന പച്ചത്തേങ്ങ സംഭരണം കർഷകർ രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം അഞ്ചുതവണയായി സംഭരിക്കുന്നതിന് സർക്കാർ ഉത്തരവിലൂടെ അനുവാദം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ചില മേഖലകളിൽ തെങ്ങിൻറെ ഉൽപ്പാദനക്ഷമത 70ലധികമാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരം മേഖല കണ്ടെത്തുന്നതിന് കാർഷിക ഗവേഷണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന വിദഗ്ധസമിതിയെ ചുമതലപ്പെടുത്തുന്ന കാര്യം പരിശോധിക്കുന്നതാണ്. കേന്ദ്രസർക്കാറിന്റെ പ്രൈസസ് സപ്പോർട്ട് സ്കീം നിബന്ധന 29 പ്രകാരം കേരാഫെഡിനെ കൊപ്ര സംഭരണത്തിൽ നിന്നും ഒഴിവാക്കിയതിനാൽ കേരഫെഡിന് സംഭരണം നടത്തുവാൻ സാധിച്ചിട്ടില്ല.

പ്രസ്തുത വ്യവസ്ഥ മാറ്റി നൽകണമെന്ന് കേന്ദ്രസർക്കാരിനോട് രേഖാമൂലവും, നേരിട്ടും 13 /7 /2023 ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ പദ്ധതി പൂർണമായും കൊപ്ര സംഭരണം മാത്രമായിരിക്കുകയും, ഉയർന്ന കൂലി ചെലവ് മൂലം പച്ച തേങ്ങ കൊപ്രയാക്കാൻ കർഷകർ വിമുഖത കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ കേരകർഷകരുടെ താൽപര്യ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ഇടപെട്ട് കൊപ്ര സംഭരണ പദ്ധതിയിൽ പച്ചത്തേങ്ങ കൂടി സംഭരിച്ച് അംഗീകൃത ഏജൻസികൾ മുഖേന അത് കൊപ്രയാക്കി കൈമാറുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളത്.

ഇത് കൂടാതെ കൊപ്രസംഭരണത്തിൽ ഉണ്ട കൊപ്ര ഉൾപ്പെടുത്തണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകരുടെ ആവശ്യാനുസരണം പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അംഗീകാരം നൽകുവാൻ കൃഷി ഡയറക്ടർക്ക് അനുവാദം നൽകിയിട്ടുണ്ട്.

> നാളികേരോൽപാദനം കൂടുതലുള്ള മേഖലകളിൽ എംഎൽഎമാരുമായി കൂടിയാലോചിച്ച് പ്രാദേശിക സൗകര്യങ്ങൾ പരിശോധിച്ചു അവരുടെ സഹകരണത്തോടെ ആവശ്യാനുസരണം കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകുന്നതാണ്."

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/137454/coconut-saved-kpkunjammatkutty-mlas-resolution-calling-attention-coconutprices-assembly)