---
title: "#pprasad | നെൽകൃഷിയിൽ നിന്നും വിഷരഹിത ബ്രാൻഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയണം - മന്ത്രി പി പ്രസാദ്"
english_title: "#nontoxic #branded  #products #made #from #paddy  #cultivation #Minister #pprasad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/158123/nontoxic-branded-products-made-from-paddy-cultivation-minister-pprasad"
published_at: "2023-10-30T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f975c30853_kuttiadi_2.jpg"
keywords: []
---

# #pprasad | നെൽകൃഷിയിൽ നിന്നും വിഷരഹിത ബ്രാൻഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയണം - മന്ത്രി പി പ്രസാദ്

> **Lead Summary:** **കുറ്റ്യാടി : ** മണ്ഡലത്തിലെ നെൽകൃഷിയിൽ നിന്നും വിവിധ വിഷരഹിത ബ്രാൻഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്.

## Article Content

**കുറ്റ്യാടി : ** മണ്ഡലത്തിലെ നെൽകൃഷിയിൽ നിന്നും വിവിധ വിഷരഹിത ബ്രാൻഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്.

കുറ്റ്യാടി നിയോജക മണ്ഡലം ജനകീയ ശാസ്ത്രീയ നെൽകൃഷി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നെൽകൃഷി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യത്യസ്ത തരത്തിലുള്ള നെൽകൃഷി ഇറക്കാൻ സാധിക്കണമെന്നും അതിൽ നിന്നും വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തണമെന്നും മന്ത്രി പറഞ്ഞു.

ഇതിനായി വിപണി കണ്ടെത്താനും കൃഷി വകുപ്പിന്റെ ബ്രാൻഡ് നെയിം നൽകാനും പാക്കിംഗ് ഉൾപ്പെടെ പരിശീലനം നൽകാനും യന്ത്രസാമഗ്രികൾ എത്തിച്ചു നൽകാനും കൃഷി വകുപ്പ് സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു.

കുറ്റ്യാടി മണ്ഡലം സമഗ്ര കാർഷിക പദ്ധതിക്കായി എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും ആയഞ്ചേരി പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. നെൽകൃഷി ഉൽപ്പാദനവുമായി ബന്ധപ്പെട്ട ക്ലാസുകളും നടന്നു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലിന സ്വാഗതം പറഞ്ഞു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന,

പഞ്ചായത്ത് പ്രസിഡന്റുമാരായ കാട്ടിൽ മൊയ്തു മാസ്റ്റർ, ടി കെ അശ്റഫ്, സബിത മണക്കുനി, വി കെ റീത്ത, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/158123/nontoxic-branded-products-made-from-paddy-cultivation-minister-pprasad)