---
title: "#successpath23 | കുറ്റ്യാടി നിയോജകമണ്ഡലം വിദ്യാഭ്യാസ പദ്ധതി 'സ്മാർട്ട് കുറ്റ്യാടി' യുടെ സക്സസ് പാത്ത് 23 ന് തുടക്കമായി "
english_title: "#KuttyadiConstituency #EducationScheme #SmartKuttyadi #successpath23 #Launched "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/159737/kuttyadiconstituency-educationscheme-smartkuttyadi-successpath23-launched"
published_at: "2023-11-05T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65478704dedd9_success.jpg"
keywords: []
---

# #successpath23 | കുറ്റ്യാടി നിയോജകമണ്ഡലം വിദ്യാഭ്യാസ പദ്ധതി 'സ്മാർട്ട് കുറ്റ്യാടി' യുടെ സക്സസ് പാത്ത് 23 ന് തുടക്കമായി 

> **Lead Summary:** **കുറ്റ്യാടി: [** 'സ്മാർട്ട് കുറ്റ്യാടി'യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന എൻ എം എം എസ് പഠന പരിശീലന പരിപാടിയായ സക്സസ് പാത്ത് 2023ന് മേമുണ്ടയിൽ തുടക്കമായി.

## Article Content

**കുറ്റ്യാടി: [** 'സ്മാർട്ട് കുറ്റ്യാടി'യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന എൻ എം എം എസ് പഠന പരിശീലന പരിപാടിയായ സക്സസ് പാത്ത് 2023ന് മേമുണ്ടയിൽ തുടക്കമായി.

ഈ അധ്യയന വർഷം കുറ്റ്യാടി നിയമസഭാ നിയോജകമണ്ഡല പരിധിയിൽപ്പെട്ട 11 ഹൈസ്കൂളുകളിൽ നിന്ന് എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സ്മാർട്ട് കുറ്റ്യാടിയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്ര പഠന പരിശീലന പരിപാടി ആരംഭിച്ചത്.

നവംബർ 5 ന് തുടങ്ങി എൻ എം എം എസിന്റെ ഔദ്യോഗിക പരീക്ഷ ആരംഭിക്കുന്ന ഡിസംബർ മാസം വരെ നീണ്ടുനിൽക്കുന്നതാണ് ഈ പഠന പരിപാടി.

സക്സസ് പാത്ത്2023ന്റെ ഔപചാരികമായ ഉദ്ഘാടനം മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ സിമി അധ്യക്ഷത വഹിച്ചു.

കെ വിജയൻ മാസ്റ്റർ, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പി കെ ജിതേഷ്, ഡോക്ടർ ഗംഗാധരൻ നെല്ലിയോട്ട്, ടി പുഷ്പ, ഹെൻസ നൻ, ഒ പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

സ്മാർട്ട് കുറ്റ്യാടിയുടെ കൺവീനർ പി കെ അശോകൻ സ്വാഗതവും കെ.കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു. കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പരീക്ഷാ കേന്ദ്രം സന്ദർശിച്ചു.

തുടർച്ചയായി നടത്തുന്ന മാതൃകാ പരീക്ഷകൾ, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പഠന ക്ലാസുകൾ, എൻ എം എം എസ് ചോദ്യവും ഉത്തരവും അടങ്ങിയ മൊബൈൽ അപ്ലിക്കേഷൻ വിതരണം എന്നിവയെല്ലാം ഈ പഠന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പഴയ എൻ എം എം എസ് ചോദ്യവും നിലവിലുള്ള സിലബസിനെ ആസ്പദമാക്കിയ പ്രവർത്തനങ്ങളും അവയുടെ ഉത്തരങ്ങളും ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പ് എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായാണ് നൽകുന്നത്.

സക്സസ് പാത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ തീവ്ര പഠന പരിശീലന പരിപാടിയുടെ ഭാഗമായി ആദ്യത്തെ മാതൃകാ പരീക്ഷയാണ് നവംബർ 5 ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടത്.

700 ഓളം വിദ്യാർഥികളാണ് ഇന്ന് നടന്ന പഠന പരീക്ഷയിൽ പങ്കാളികളായത്. ഒ എം ആർ ഷീറ്റ് ഉപയോഗിച്ച് ഔദ്യോഗിക എൻ എം എം എസ് പരീക്ഷ നടത്തുന്ന രീതികൾ പിന്തുടർന്നു കൊണ്ടാണ് ഇന്നത്തെ മാതൃകാ പരീക്ഷയും നടത്തിയത്.

മത്സര പരീക്ഷകൾക്ക് നേതൃത്വം കൊടുക്കുന്ന ഡി ഒ പി എ കോഴിക്കോടിന്റെ സഹകരണത്തോടെയാണ് സ്മാർട്ട് കുറ്റ്യാടി ഈ സിലബസ് തയ്യാറാക്കിയിട്ടുള്ളത്.

തുടർന്നുള്ള ദിവസങ്ങളിൽ കുറ്റ്യാടി മണ്ഡലത്തിലെ 11 ഹൈസ്കൂളുകളിലും വിദഗ്ധരായ അധ്യാപകർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ കൈകാര്യം ചെയ്യും.

ഓൺലൈൻ ഓഫ് ലൈൻ പരീക്ഷകളും ക്ലാസുകളും സംഘടിപ്പിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ എൻ എം എം എസ് സ്കോളർഷിപ്പ് നേടിയെടുക്കുന്ന മണ്ഡലമാക്കി കുറ്റ്യാടിയെ മാറ്റുക എന്നതാണ് ഈ തീവ്ര പഠന പരിശീലന പരിപാടിയുടെ മുഖ്യമായ ഉദ്ദേശം.

പൊതു വിദ്യാഭ്യാസം ശക്തിപ്പെടുന്നതിന്റെ ഭാഗമായി സ്മാർട്ട് കുറ്റ്യാടി തുടർന്നുവരുന്ന വൈവിധ്യമാർന്ന വിദ്യാഭ്യാസ ഇടപെടലുകളിൽ ഏറ്റവും സവിശേഷമായതാണ് സക്സസ് പാത്ത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/159737/kuttyadiconstituency-educationscheme-smartkuttyadi-successpath23-launched)