---
title: " #molestingcase | കായക്കൊടിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി "
english_title: " #molestingcase #schoolgirl #Kayakodi #court #sentenced #accused"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/162171/molestingcase-schoolgirl-kayakodi-court-sentenced-accused"
published_at: "2023-11-14T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655361c438619_rape.jpg"
keywords: []
---

#  #molestingcase | കായക്കൊടിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി 

> **Lead Summary:** **കായക്കൊടി: [** കായക്കൊടിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു.

## Article Content

**കായക്കൊടി: [** കായക്കൊടിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു.

വീട്ടിനകത്ത് അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയും മൊബൈൽ ഫോണിലൂടെ ലൈംഗിക വീഡിയോകളും ഫോട്ടോകളും അയച്ചു കൊടുക്കുകയും ചെയ്ത കേസിലെ പ്രതിക്കാണ് അഞ്ചുവർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചത്.

2021 ജൂലൈ മാസത്തിനു ശേഷം കൊറോണ സമയത്ത് സ്കൂൾ പഠനാവശ്യാർത്ഥം അധ്യാപകർ വാങ്ങിക്കൊടുത്ത മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ചു കൊടുക്കുകയും കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രമം നടത്തുകയും ചെയ്യുകയായിരുന്നു.

കേസിലെ പ്രതിയായ കായക്കൊടി എള്ളിക്കാം പാറയിലെ കുന്നോത്ത് കുന്നുമ്മൽ ദിനേശൻ ഇ.പി എന്നയാളെയാണ് നാദാപുരം ഫസ്റ്റ് ട്രാക്ക് കോടതി (പോക്സോ ജഡ്ജ് എം ശുഹൈബ് ശിക്ഷിച്ചത്.

തൊട്ടിൽപാലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. തൊട്ടിൽപാലം ഇൻസ്പെക്ടർ എം.ടി ജേക്കബ്, എസ് ഐ സജി അഗസ്റ്റിൻ എന്നിവരാണ് കേസ് അന്വേഷണം പൂർത്തീകരിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/162171/molestingcase-schoolgirl-kayakodi-court-sentenced-accused)