---
title: "#arrested | കുറ്റ്യാടി മലഞ്ചരക്കുകടകൾ കുത്തിത്തുറന്ന് അടയ്ക്ക മോഷ്ടിക്കുന്ന സംഘം പിടിയിലായി "
english_title: "#group #people #break #steal #Kuttiady #shops #arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/162372/group-people-break-steal-kuttiady-shops-arrested"
published_at: "2023-11-15T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655468e890ccc_arrest.jpg"
keywords: []
---

# #arrested | കുറ്റ്യാടി മലഞ്ചരക്കുകടകൾ കുത്തിത്തുറന്ന് അടയ്ക്ക മോഷ്ടിക്കുന്ന സംഘം പിടിയിലായി 

> **Lead Summary:** **കുറ്റ്യാടി: [** കുറ്റ്യാടി മലഞ്ചരക്കുകടകൾ കുത്തിത്തുറന്ന് അടയ്ക്ക മോഷ്ടിക്കുന്ന സംഘം പിടിയിലായി. കുറ്റ്യാടി വട്ടോളിയിലും തൊട്ടിൽപ്പാലം മുള്ളൻകുന്നിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കുറ്റ്യാടി: [** കുറ്റ്യാടി മലഞ്ചരക്കുകടകൾ കുത്തിത്തുറന്ന് അടയ്ക്ക മോഷ്ടിക്കുന്ന സംഘം പിടിയിലായി. കുറ്റ്യാടി വട്ടോളിയിലും തൊട്ടിൽപ്പാലം മുള്ളൻകുന്നിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കായക്കൊടി, നാദാപുരം, വാണിമേൽ സ്വദേശികളാണ് പിടിയിലായത്. ഒക്ടോബർ 13-ന് പുലർച്ചെ തൊട്ടിൽപ്പാലം മുള്ളൻകുന്നിൽ മലഞ്ചരക്കുകട കുത്തിത്തുറന്ന് അടയ്ക്ക മോഷ്ടിച്ച കേസിൽ കായക്കൊടി അജ്മൽ മംഗലേരി എന്നയാളെ തൊട്ടിൽപ്പാലം സി.ഐ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പിടികൂടി.

കുറ്റ്യാടി വട്ടോളിയിൽ ഒക്ടോബർ 23-ന് പുലർച്ചെ മലഞ്ചരക്കുകട കുത്തിതുറന്ന് അടയ്ക്ക മോഷ്ടിച്ച കേസിൽ നാദാപുരം മാക്കൂൽ റഹീസ്, വാണിമേൽ ഒടുക്കന്റവിട സുഹൈൽ എന്നിവരെ കുറ്റ്യാടി എസ്.ഐ. മുസ്തഫയുടെ നേതൃത്വത്തിൽ നാദാപുരം ഡിവൈ.എസ്.പി.യുടെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്.

മൂന്നുപേരും മാനന്തവാടി, തൊണ്ടർനാട് എന്നിവിടങ്ങളിലും മലഞ്ചരക്കുകടകളിൽ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തെളിവെടുപ്പിനായി റഹീസ്, സുഹൈൽ എന്നിവരെ കുറ്റ്യാടി പോലീസ് കസ്റ്റഡിയിൽ വാങ്ങി. അടുത്തദിവസം വയനാട് പോലീസ് മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങും.

കുറ്റ്യാടി, തൊട്ടിൽപ്പാലം മേഖലകളിൽ കടകളിലും മറ്റും മോഷണം പെരുകിയതോടെയാണ് പോലീസിന്റെ സ്പെഷ്യൽ സ്ക്വാഡ് അന്വേഷണം ഊർജിതമാക്കിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/162372/group-people-break-steal-kuttiady-shops-arrested)