---
title: "#accident | ഇരുട്ടും ആശയക്കുഴപ്പവും; പക്രം തളം ചുരം റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു "
english_title: "#Darkness #confusion #Road #accidents #common #PakramThalam #road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/174330/darkness-confusion-road-accidents-common-pakramthalam-road"
published_at: "2024-01-03T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65953326e0e56_car.jpg"
keywords: []
---

# #accident | ഇരുട്ടും ആശയക്കുഴപ്പവും; പക്രം തളം ചുരം റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു 

> **Lead Summary:** **തൊട്ടിൽപ്പാലം: [** പക്രം തളം ചുരം റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ചുരമിറങ്ങി വരുന്ന വാഹനങ്ങളാണ് കൂടുതലായും മറിയുന്നത്. കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടങ്ങളാണ് ചുരം റോഡിലുണ്ടായത്.

## Article Content

**തൊട്ടിൽപ്പാലം: [** പക്രം തളം ചുരം റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ചുരമിറങ്ങി വരുന്ന വാഹനങ്ങളാണ് കൂടുതലായും മറിയുന്നത്. കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടങ്ങളാണ് ചുരം റോഡിലുണ്ടായത്.

യാത്രക്കാരുമായി ചുരമിറങ്ങി വരുകയായിരുന്ന ടെമ്പോ ട്രാവലർ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. അതിന് തൊട്ടു മുമ്പായി ഒരു കാർ കൊക്കെയിലേക്ക് മറിഞ്ഞിരുന്നു. രണ്ടു സംഭവങ്ങളിലും ആളപായമില്ലെന്നത് വലിയ ആശ്വാസമാണെങ്കിലും അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുണർത്തുന്നു.

രാത്രിയായാൽ ചുരംറോഡ് ആകെ കൂരിരുട്ടിലാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും തെരുവു വിളക്കുകളില്ല. സംരക്ഷണ ഭിത്തികളും ദിശാസൂചിക ബോർഡുകളും പലസ്ഥലത്തും തകർന്ന നിലയിലാണ്. പക്രംതളം റോഡവസാനിക്കുന്ന ചുങ്കക്കുറ്റിവരെ വലിയ കയറ്റമാണ്. പിന്നീട് വയനാട് ഭാഗം അങ്ങോട്ട് കുത്തനെയുള്ള ഇറക്കവും.

ചുങ്കക്കുറ്റി 10 കി.മീറ്റർ താഴെ പട്ട്യാട്ടാണ് ഈ ഇറക്കം അവസാനിക്കുന്നത്. ഇറക്കത്തിൽ വാഹനങ്ങളുടെ നിയന്ത്രണം വിടുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. റൂട്ട് കൃത്യമായി അറിയാത്ത ഡ്രൈവർമാരാണ് അപകടത്തിൽ പെടുന്നവരിൽ ഏറെയും.

കർണാടകയിൽ നിന്ന് വന്ന ചരക്കുലോറികൾ കഴിഞ്ഞ വർഷം ചുരത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. ചുരം റോഡിലെ കോടയും ഇടയ്ക്കിടെ ഭീഷണിയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/174330/darkness-confusion-road-accidents-common-pakramthalam-road)