---
title: "അഞ്ചൽക്കാരുണ്ടോ? പോസ്റ്റുമാൻ മരിച്ചതോടെ നരിപ്പറ്റയിൽ തപാൽവിതരണം താറുമാറിൽ"
english_title: "Postal delivery in Naripetta disrupted after postman's death"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/17705/postal-delivery-in-naripetta-disrupted-after-postmans-death"
published_at: "2021-12-25T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c68859252c3_ .jpg"
keywords: []
---

# അഞ്ചൽക്കാരുണ്ടോ? പോസ്റ്റുമാൻ മരിച്ചതോടെ നരിപ്പറ്റയിൽ തപാൽവിതരണം താറുമാറിൽ

> **Lead Summary:** **കുറ്റ്യാടി: **അസുഖബാധിതനായി പോസ്റ്റുമാൻ മരിച്ചതോടെ നരിപ്പറ്റ പോസ്റ്റോഫീസ് പരിധിയിൽ തപാൽവിതരണം താറുമാറിൽ. രജിസ്ട്രേഡുകളും മാസികകളും ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ പോസ്റ്റോഫീസിൽ കുമിഞ്ഞുകിടക്കുകയാണ്.

## Article Content

**കുറ്റ്യാടി: **അസുഖബാധിതനായി പോസ്റ്റുമാൻ മരിച്ചതോടെ നരിപ്പറ്റ പോസ്റ്റോഫീസ് പരിധിയിൽ തപാൽവിതരണം താറുമാറിൽ. രജിസ്ട്രേഡുകളും മാസികകളും ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ പോസ്റ്റോഫീസിൽ കുമിഞ്ഞുകിടക്കുകയാണ്.

പോസ്റ്റുമാന്റെ രണ്ടുതസ്തികകൾ ഉണ്ടെങ്കിലും നിലവിൽ ഒരാൾപ്പോലും ഇല്ലാത്ത അവസ്ഥയാണ്. താത്കാലികമായി നിയമിക്കപ്പെടുന്നവർ ജോലിഭാരംമൂലം തസ്തികയിൽ തുടരാൻ താത്പര്യപ്പെടുന്നില്ല.

നരിപ്പറ്റ പഞ്ചായത്തിലെ 11, 12, 13, 14, 15, 16, വാർഡുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് പോസ്റ്റോഫീസ് പരിധി. രണ്ടു പോസ്റ്റുമാന്മാർ വേണ്ടിടത്ത് ഒരാൾമാത്രമാണ് ഉണ്ടായിരുന്നത്. ഒരാളെക്കൂടിനിയമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പരിഹാരമുണ്ടായില്ല.

നിലവിലുണ്ടായിരുന്ന പോസ്റ്റുമാൻ ഇതിനിടയിൽ അസുഖബാധിതനാവുകയും ഇക്കഴിഞ്ഞ മേയിൽ മരണപ്പെടുകയും ചെയ്തു. ഇതോടെ സ്ഥിരം പോസ്റ്റുമാൻ തസ്തികയും ഒഴിഞ്ഞു.

താത്കാലികമായി നിയമിക്കപ്പെടുന്നവർ പോസ്റ്റോഫീസിന്റെ പരിധിയുടെ വ്യാപ്തിയും തപാൽ ഉരുപ്പടികളുടെ ബാഹുല്യവും തുച്ഛമായ വേതനവും കാരണം രണ്ടോ മൂന്നോ ദിവസംകൊണ്ട് ജോലി ഒഴിവാക്കിപ്പോവുകയാണ്.

ഇതിനോടകം അഞ്ചുപേർ മാറിമാറി വന്നെങ്കിലും തുടരാൻ തയ്യാറായില്ല. ആശാകിരണം പെൻഷൻ, വിവിധ സർവകലാശാലകളിൽനിന്നും മറ്റുമുള്ള സർട്ടിഫിക്കറ്റുകൾ, ഡ്രൈവിങ് ലൈസൻസുകൾ തുടങ്ങിയവയുടെയൊക്കെ സമയബന്ധിതമായ വിവരണം ഇതുകാരണം മുടങ്ങിയിരിക്കുകയാണ്.

തപാൽവിതരണം വൈകുന്നത് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. രാവിലെ ഒമ്പതുമുതൽ തപാൽ ഉരുപ്പടികൾ തീരുന്നതുവരെ പൊരിവെയിലത്ത് സഞ്ചരിച്ചാൽ താത്കാലികജീവനക്കാർക്ക് ലഭിക്കുന്നത് 400 രൂപയാണ്.

ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതുഅവധിദിനങ്ങളിൽ തുക ലഭിക്കുകയുമില്ല. ഇരുചക്രവാഹനം ഉപയോഗിച്ച് വിതരണംനടത്തിയാൽ 150 രൂപ പെട്രോളടിക്കാൻ വേണം.

അവധിദിവസങ്ങളിൽ വിതരണത്തിൽ ഏർപ്പെട്ട ഒരാൾക്ക് 4500 രൂപ കൈയിൽനിന്ന് ചെലവാകും. അവധിദിനങ്ങൾ ഒഴിവാക്കി ഇയാൾക്ക് ലഭിക്കുക 9000 രൂപയും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/17705/postal-delivery-in-naripetta-disrupted-after-postmans-death)