---
title: "മെഗാ പബ്ലിക് മീറ്റ്; മലബാർസമരത്തെ വർഗീയകലാപമെന്നു വിളിക്കുന്നത് ചരിത്രപരമായ വങ്കത്തമാണെന്ന് - കെ.കെ എൻ കുറുപ്പ്"
english_title: "Mega Public Meet; Calling the Malabar struggle a communal riot is historically stupid - KKN Kurup"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/17925/mega-public-meet-calling-the-malabar-struggle-a-communal-riot-is-historically-stupid-kkn-kurup"
published_at: "2021-12-27T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c941ddd6ae2_kn kurupp.jpg"
keywords: []
---

# മെഗാ പബ്ലിക് മീറ്റ്; മലബാർസമരത്തെ വർഗീയകലാപമെന്നു വിളിക്കുന്നത് ചരിത്രപരമായ വങ്കത്തമാണെന്ന് - കെ.കെ എൻ കുറുപ്പ്

> **Lead Summary:** **കുറ്റ്യാടി : **മലബാർസമരത്തെ വർഗീയകലാപമെന്നു വിളിക്കുന്നത് ചരിത്രപരമായ വങ്കത്തമാണെന്നും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് ഖിലാഫത്ത് സമരമെന്നും കെ.കെ.എൻ. കുറുപ്പ്. മലബാർ സമരത്തിന്റെ നൂറാംവാർഷികാചരണത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ നടന്ന മെഗാ പബ്ലിക് മീറ്റിങ്ങിൽ ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി : **മലബാർസമരത്തെ വർഗീയകലാപമെന്നു വിളിക്കുന്നത് ചരിത്രപരമായ വങ്കത്തമാണെന്നും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് ഖിലാഫത്ത് സമരമെന്നും കെ.കെ.എൻ. കുറുപ്പ്. മലബാർ സമരത്തിന്റെ നൂറാംവാർഷികാചരണത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ നടന്ന മെഗാ പബ്ലിക് മീറ്റിങ്ങിൽ ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഖിലാഫത്തിന്റെ ഭാഗമായി തെക്കെ മലബാറിൽ പൊട്ടിപ്പുറപ്പെട്ട സമരത്തെ ഗാന്ധിജി തള്ളിപ്പറഞ്ഞുവെങ്കിലും ആ സമരങ്ങളിൽ ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു മലബാർസമരം. ബ്രിട്ടീഷുകാർക്കും ജന്മിമാർക്കും ഭൂവുടമകൾക്കും അനീതിക്കുമെതിരേയുമുള്ള സായുധ കലാപമെന്നനിലയിൽ വിലയിരുത്തുമ്പോഴാണ് അതിന്റെ ഗൗരവം ബോധ്യപ്പെടുക.

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യയിൽ നടന്ന ഏറ്റവുംവലിയ കലാപമാണ് 1921-ലേത്. അതുകൊണ്ടുതന്നെ ഇതിന്റെ നൂറാംവാർഷികം തികച്ചും അനിവാര്യമാണ്. ഗ്രാമങ്ങൾതോറും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് ജന്മി നാടുവാഴിത്തത്തിന് എതിരേയായിരുന്നു 1921-ലെ സമരമെന്നു വസ്തുതകൾ വെച്ചു പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്.മലബാർസമരത്തിൽ ഹിന്ദുക്കളും മുസ്‌ലിങ്ങളുമടങ്ങുന്ന അടിസ്ഥാനവർഗങ്ങളായിരുന്നു പങ്കെടുത്തത്. പക്ഷെ അതു പരിഗണിക്കാതെ വർഗീയ കലാപമായി ചിത്രീകരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഓൺലൈനിൽ ഉദ്ഘാടനംചെയ്തു. മൂവാറ്റുപുഴ അശ്‌റഫ് മൗലവി, അബ്ദുൽഹമീദ് വാണിയമ്പലം, കെ.ടി. ഹനീഫ്, വി.ആർ. അനൂപ്, റാനിയ സുലൈഖ, ടി. ശാക്കിർ, പി അബ്ദുൽഹമീദ്, ഖാലിദ് മൂസ നദ്‌വി, അബ്ദുല്ല സൽമാൻ, എൻ.കെ. റഷീദ് ഉമരി, പി. അമ്മദ്, കെ.എസ്. ബശീർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/17925/mega-public-meet-calling-the-malabar-struggle-a-communal-riot-is-historically-stupid-kkn-kurup)