---
title: "കുറ്റ്യാടി ഗ്രാമ ന്യായാലയ കോടതി മാവുള്ളചാലിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക; നാദാപുരം ബാർ അസോസിയേഷൻ "
english_title: "Kuttyadi village court abandons move to relocate court to Mavullachal; Nadapuram Bar Association"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/18597/kuttyadi-village-court-abandons-move-to-relocate-court-to-mavullachal-nadapuram-bar-association"
published_at: "2021-12-31T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf302627c56_adv.jpg"
keywords: []
---

# കുറ്റ്യാടി ഗ്രാമ ന്യായാലയ കോടതി മാവുള്ളചാലിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക; നാദാപുരം ബാർ അസോസിയേഷൻ 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി ഗ്രാമ ന്യായാലയ കോടതി മാവുള്ള ചാലിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നാദാപുരം ബാർ അസോസിയേഷൻ. നാദാപുരം ബാർ അസോസിയേഷന്‍റെ വാർഷിക ജനറൽ ബോഡിയിലവതരിപ്പിച്ച പ്രമേയത്തിലാണ് ആവിശ്യം ഉന്നയിച്ചത്.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി ഗ്രാമ ന്യായാലയ കോടതി മാവുള്ള ചാലിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നാദാപുരം ബാർ അസോസിയേഷൻ. നാദാപുരം ബാർ അസോസിയേഷന്‍റെ വാർഷിക ജനറൽ ബോഡിയിലവതരിപ്പിച്ച പ്രമേയത്തിലാണ് ആവിശ്യം ഉന്നയിച്ചത്.

കുറ്റ്യാടി പോലീസ് സ്റ്റേഷൻ സമീപത്തായി പഴയ സബ് രജിസ്ട്രാർ ഓഫീസിൽ പ്രവർത്തിച്ചുവരുന്ന കുറ്റ്യാടി ഗ്രാമ ന്യായാലയ കോടതി അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കോടതി പ്രവർത്തനങ്ങൾ സുഖകരമായി നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

2019 മുതൽ തന്നെ പുതിയ കെട്ടിടത്തിന് സാധ്യതകൾ അന്വേഷിക്കുകയും അതിനായുള്ള പരിശ്രമം നടന്നുവരുന്നുണ്ട്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ ഈ ഗ്രാമ കോടതിയുടെ കെട്ടിടം ഒരുക്കുന്നതിനുള്ള ചുമതല ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾക്കാണ്. കുറ്റ്യാടി ടൗണിൽ നിന്ന് 4 കിലോമീറ്റർ അകലെ പൊതുഗതാഗത സൗകര്യങ്ങളില്ലാത്ത മാവുള്ളചാലിലേക്ക് ഗ്രാമ ന്യായാലയ മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പ്രാദേശിക ഭരണ സംവിധാനങ്ങൾ പരിശ്രമിച്ചാൽ കുറ്റ്യാടി ടൗണിലോ അല്ലെങ്കിൽ പരിസരത്തുള്ള മറ്റേതെങ്കിലും ടൗണിലോ കോടതിക്ക് അനുയോജ്യമായ കെട്ടിടം നിർമിക്കാൻ സാധിക്കുന്നതാണ്. അപ്രകാരം ചെയ്യുന്നതിന് പകരം പൊതു ഗതാഗതസൗകര്യവും മറ്റ് ആവശ്യം വേണ്ടുന്ന സൗകര്യങ്ങളോ ഇല്ലാത്ത ഉൾനാട്ടിലേക്ക് ഒരു കോടതി കൊണ്ടുപോകുന്നത് എല്ലാ അർത്ഥത്തിലും പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.

സാധാരണക്കാർക്കും സ്ത്രീകൾക്കും കോടതി ജീവനക്കാർക്കും അഭിഭാഷകർക്കും അഭിഭാഷക ഗുമസ്തൻ മാർക്കും സ്ഥിരമായി എത്തിച്ചേരേണ്ട ഗ്രാമ ന്യായാലയയിൽ സ്വന്തമായി വാഹനം ഉള്ളവർക്ക് മാത്രം എത്തിച്ചേരാൻ കഴിയുന്ന അവസ്ഥയാണ് കുറ്റ്യാടി ടൗണിൽ നിന്നും മാറ്റുന്നതിലൂടെ സംഭവിക്കുന്നത്.

അതിനാൽ കുറ്റ്യാടി ഗ്രാമ ന്യായാലയം മാവുള്ളചാലിലേക്ക് മാറ്റാനുള്ള തീരുമാനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന് നാദാപുരം ബാർ അസോസിയേഷൻ വാർഷിക ജനറൽ ബോഡി പ്രമേയത്തിൽ ആവശ്യപ്പെട്ടു.

വാർഷിക ജനറൽ ബോഡിയിൽ ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് അഡ്വ സി പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ എം സിജു, അഡ്വ കെ പി രാജീവൻ, അഡ്വ കെ കൃഷ്ണകുമാർ, അഡ്വ രജിത് കുമാർ, അഡ്വ രമേശൻ കടയങ്കോട്ടുമ്മൽ എന്നിവർ സംസാരിച്ചു. അഡ്വ കെ പി വിനേഷ് സ്വാഗതവും അഡ്വ രേഷ്ന എം പി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/18597/kuttyadi-village-court-abandons-move-to-relocate-court-to-mavullachal-nadapuram-bar-association)