---
title: "കർഷക അമർഷം; തൊട്ടിൽപ്പാലം വിത്തുതേങ്ങാ സംഭരണകേന്ദ്രം ഇന്ന് മുതൽ പൂതം പാറയിൽ "
english_title: "Thottilpalam Seed Coconut Storage Center at Pootham Para from today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/25699/thottilpalam-seed-coconut-storage-center-at-pootham-para-from-today"
published_at: "2022-02-11T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6205cdf63d1c1_POOTHAMPARA.jpg"
keywords: []
---

# കർഷക അമർഷം; തൊട്ടിൽപ്പാലം വിത്തുതേങ്ങാ സംഭരണകേന്ദ്രം ഇന്ന് മുതൽ പൂതം പാറയിൽ 

> **Lead Summary:** **തൊട്ടിൽപാലം:** ആറരപ്പതിറ്റാണ്ടിലേറെക്കാലം തൊട്ടിൽപ്പാലം അങ്ങാടിയിൽ പ്രവർത്തിച്ചുവന്ന വിത്തുതേങ്ങാ സംഭരണകേന്ദ്രം മലയോരമേഖലയായ പൂതമ്പാറയിലേക്ക് മാറ്റുന്നു. ഓഫീസ് വെള്ളിയാഴ്ച പൂതമ്പാറയിൽ പ്രവർത്തനം തുടങ്ങും.

## Article Content

**തൊട്ടിൽപാലം:** ആറരപ്പതിറ്റാണ്ടിലേറെക്കാലം തൊട്ടിൽപ്പാലം അങ്ങാടിയിൽ പ്രവർത്തിച്ചുവന്ന വിത്തുതേങ്ങാ സംഭരണകേന്ദ്രം മലയോരമേഖലയായ പൂതമ്പാറയിലേക്ക് മാറ്റുന്നു. ഓഫീസ് വെള്ളിയാഴ്ച പൂതമ്പാറയിൽ പ്രവർത്തനം തുടങ്ങും.

കർഷകരുടെ താത്പര്യം കണക്കിലെടുക്കാതെ ഉദ്യോഗസ്ഥരും പഞ്ചായത്തും ചേർന്നെടുത്ത തീരുമാനത്തിനെതിരേ കർഷകരിൽ പ്രതിഷേധം ശക്തമാണ്. കുരുമുളക് സംഭരണകേന്ദ്രത്തിനെന്ന നിലയിൽ വർഷങ്ങൾക്കുമുമ്പേ പൂതമ്പാറയിൽ നിർമിച്ച പഞ്ചായത്തുവക കെട്ടിടത്തിലേക്കാണ് ഓഫീസ് മാറുന്നത്.

തൊട്ടിൽപ്പാലം അങ്ങാടിയിൽനിന്ന്‌ അഞ്ചു കിലോമീറ്റർ അകലെയുള്ള പൂതമ്പാറയിലേക്ക് വിത്തുതേങ്ങാ ഓഫീസ് മാറ്റിയതോടെ കർഷകർക്ക് അവിടെയെത്താനുള്ള ചെലവ് പതിന്മടങ്ങ് കൂടും. മാത്രമല്ല, ഇവിടെയെത്താൻ കെ.എസ്.ആർ.ടി.സി, ടാക്‌സി ജീപ്പുകളും മാത്രമാണാശ്രയം.

ഇത്തരം സാഹചര്യങ്ങളൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി നടത്തിയ ഓഫീസ് മാറ്റത്തിനെതിരേ സി.പി.എമ്മിലെ കർഷകസംഘടനകൾപോലും അമർഷത്തിലാണ്. തൊട്ടിൽപ്പാലം അങ്ങാടിയിലെ വാടകക്കെട്ടിടത്തിലായിരുന്ന ഇക്കാലമത്രയും വിത്തുതേങ്ങ ഓഫീസ് പ്രവർത്തിച്ചിരുന്നത്. വാടകക്കെട്ടിടത്തിൽ ഉടമ ആവശ്യമായ സൗകര്യമൊരുക്കുന്നില്ലെന്നാണ് ഓഫീസ് മാറ്റത്തിന് പ്രധാനകാരണമായി പറയുന്നത്.

പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറുമ്പോൾ ഭീമമായ വാടക ലാഭിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലുമുണ്ട്. ജില്ലയിലെ മരുതോങ്കര, കാവിലുമ്പാറ, കായക്കൊടി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ നൂറുകണക്കിന് വിത്തുതേങ്ങാ കർഷകരാണ് തൊട്ടിൽപ്പാലം കേന്ദ്രം വഴി കൃഷിവകുപ്പിന് കാലാകാലമായി വിത്തുതേങ്ങ നൽകിവരുന്നത്.

വർഷംതോറും ലക്ഷക്കണക്കിന് വിത്തുതേങ്ങയാണ് ഈ കേന്ദ്രം വഴി കൃഷിവകുപ്പ് സംഭരിച്ചുവന്നിരുന്നത്. വിവിധ ആവശ്യങ്ങൾക്കായി വിത്തുതേങ്ങാ കർഷകർക്ക് സംഭരണകേന്ദ്രവുമായി ബന്ധപ്പെടേണ്ടതുണ്ട്. മലയോരമേഖലയിലെ ഇത്തരം കർഷകർക്ക് തൊട്ടിൽപ്പാലം അങ്ങാടിയിലെത്താൻതന്നെ യാത്രാക്കൂലിയും മറ്റുമായി വലിയൊരു സംഖ്യ ചെലവു വേണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/25699/thottilpalam-seed-coconut-storage-center-at-pootham-para-from-today)