---
title: "അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി; പ്ലസ് ടു  വിദ്യാർത്ഥിനി ചന്ദന ചന്ദ്രന്റെ പ്രോജെക്ടിനു രണ്ടാം സ്ഥാനം"
english_title: "#International #Sanitation #Summit #Science #student #ChandanaChandrans #project #got #second #place"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266017/international-sanitation-summit-science-student-chandanachandrans-project-got-second-place"
published_at: "2025-01-26T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6796332e6dc14_CHANTHANA.jpg"
keywords: []
---

# അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി; പ്ലസ് ടു  വിദ്യാർത്ഥിനി ചന്ദന ചന്ദ്രന്റെ പ്രോജെക്ടിനു രണ്ടാം സ്ഥാനം

> **Lead Summary:** **കുറ്റ്യാടി: **അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ചന്ദന ചന്ദ്രൻ അവതരിപ്പിച്ച പ്രൊജക്റ്റ് രണ്ടാം സ്ഥാനം നേടി.

## Article Content

**കുറ്റ്യാടി: **അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ചന്ദന ചന്ദ്രൻ അവതരിപ്പിച്ച പ്രൊജക്റ്റ് രണ്ടാം സ്ഥാനം നേടി.

ശുചിത്വ മിഷൻ, ഉദയം ഫൗണ്ടേഷൻ, ബാൽ രക്ഷാ ഭാരത് കുടുംബശ്രീ മിഷൻ എന്നിവ ചേർന്ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിലാണ് ചന്ദന ചന്ദ്രൻ പ്രൊജക്റ്റ് അവതരിപ്പിച്ചത്.

കൊയിലാണ്ടിയിൽ നടന്ന ജില്ലാതല മത്സരത്തിൽ ചന്ദന ഉൾപ്പെടെ 10 പേരെ തെരഞ്ഞെടുത്തിരുന്നു.

'കുറ്റ്യാടിയിലെ കിണർ ജല മാലിനികരണവും ദ്രവമാലിന്യ സംസ്‌കാരണ രീതിയും' എന്നതായിരുന്നു പ്രൊജക്റ്റ്. ഇതിനു വേണ്ടി കുറ്റ്യാടി പഞ്ചായത്ത് ഒൻപതാം വാർഡായ മാവുള്ളചാലിലെ 22 വീടുകളിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പി.എച്ച് പരിശോധന നടത്തി.

പ്രത്യേകം തയ്യാറാക്കിയ ഇന്റർവ്യൂ ഷെഡ്യൂൾ, ചോദ്യവാലികൾ തുടങ്ങിയവയുടെ സഹായത്തോടെ ഹെൽത്ത് ഇൻസ്പെക്ടർ, കൃഷി ഓഫീസർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, കർഷകർ തുടങ്ങിയവരുമായി അഭിമുഖങ്ങളും നടത്തുകയുണ്ടായി.

രണ്ടു മാസത്തോളമെടുത്താണ് പ്രൊജക്റ്റ് പൂർത്തിയാക്കിയത്. തുടർന്ന് തിരുവനന്തപുരത്ത് നടന്ന പരിശീലന പരിപാടിയിൽ 140 പ്രോജെക്ടുകളിൽ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുത്ത 20 എണ്ണത്തിൽ ഈ പ്രൊജക്റ്റ് ഇടം നേടുകയുണ്ടായി.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശനിൽ നിന്ന് ചന്ദന പുരസ്‌കാരം ഏറ്റുവാങ്ങി.

തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ ഡയറക്ടർ സാംബശിവാ റാവു, ഉത്തരഖണ്ഡിലെ പരിസ്ഥിതി പ്രവർത്തക റിതിമ പാണ്ഡ, മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പദ്ധതി പ്രാവർത്തികമാക്കാനുള്ള തുടർ നടപടികൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മാവുള്ളചാലിൽ നിവാസികൾ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266017/international-sanitation-summit-science-student-chandanachandrans-project-got-second-place)