---
title: "പുറക്കാട്ടിരി മൈസൂർ ദേശീയപാത; എംഎൽഎമാർ ശക്തമായി ഇടപെടണം ദേശീയപാത വികസന സമിതി"
english_title: "#Purakattiri #Mysore #NationalHighway #MLAs #strongly #intervene #National #Highway #Development #Committee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266110/purakattiri-mysore-nationalhighway-mlas-strongly-intervene-national-highway-development-committee"
published_at: "2025-01-27T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679721e9f1fb2_kp_kunjammed_kuitti.jpg"
keywords: []
---

# പുറക്കാട്ടിരി മൈസൂർ ദേശീയപാത; എംഎൽഎമാർ ശക്തമായി ഇടപെടണം ദേശീയപാത വികസന സമിതി

> **Lead Summary:** **കുറ്റ്യാടി: ** മലബാറിന്റെ സമഗ്ര വികസന മുന്നേറ്റത്തിന് ഏറ്റവും അനിവാര്യമായ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയുടെ അറിയിപ്പ് പ്രകാരം അടുത്തകാലത്ത് പിൻവലിച്ച,പുറക്കാട്ടിരി മൈസൂർ ദേശീയപാതാ വിഷയം നിയമസഭയിൽ ഉയർത്തിക്കൊണ്ടുവരാൻ എംഎൽഎമാർ ശക്തമായി ഇടപെടണമെന്ന് ദേശീയപാത വികസന സമിതി.

## Article Content

**കുറ്റ്യാടി: ** മലബാറിന്റെ സമഗ്ര വികസന മുന്നേറ്റത്തിന് ഏറ്റവും അനിവാര്യമായ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയുടെ അറിയിപ്പ് പ്രകാരം അടുത്തകാലത്ത് പിൻവലിച്ച,പുറക്കാട്ടിരി മൈസൂർ ദേശീയപാതാ വിഷയം നിയമസഭയിൽ ഉയർത്തിക്കൊണ്ടുവരാൻ എംഎൽഎമാർ ശക്തമായി ഇടപെടണമെന്ന് ദേശീയപാത വികസന സമിതി.

മാത്രമല്ല ഈ വർഷത്തെ ബഡ്ജറ്റ് നിർദ്ദേശത്തിൽ ഉൾപ്പെടുത്തി കേന്ദ്ര ഗവൺമെന്റിന് മതിയായ പ്രൊപ്പോസലുകളും രേഖകളും അയക്കാൻ സംസ്ഥാന ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്, ഈ റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ എംഎൽഎമാർക്കും മന്ത്രിമാർക്കും നിവേദനം നൽകി.

ദേശീയപാത വികസന സമിതി നേതാക്കളായ എസി അബ്ദുൽ മജീദ് , പി പി ആലിക്കുട്ടി, സോജൻ ആലക്കൽ , ജമാൽ പാറക്കൽ തുടങ്ങിയവർ ചേർന്ന് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർക്ക് നിവേദനം നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ , പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് , മന്ത്രി ഒ ആർ കേളു , വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ , ടി പി രാമകൃഷ്ണൻ എം എൽ എ, ഇ കെ വിജയൻ എം എൽ എ, കെ എം സച്ചിദേവ് എം എൽ എ, തുടങ്ങിയവർക്കും വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നിവേദനം നൽകി.

കൂടാതെ ഈ റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനുവരി അഞ്ച് മുതൽ ഇമെയിൽ സന്ദേശങ്ങൾ ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന അധികൃതർക്ക് അയക്കുന്നുണ്ട് .

ഈ റോഡിനോടുള്ള അവഗണന തുടർന്നാൽ അത് മലബാറിനോടുള്ള കടുത്ത അവഗണനയായി ജനങ്ങൾ വിലയിരുത്തുമെന്ന് ദേശീയപാത വികസന സമിതി ചെയർമാൻ കെ എ ആൻറണി കോഡിനേറ്റർ സോജൻ ആലക്കൽ എസി അബ്ദുൽ മജീദ് തുടങ്ങിയവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266110/purakattiri-mysore-nationalhighway-mlas-strongly-intervene-national-highway-development-committee)