---
title: "കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതിക്ക് 2.0 കോടി രൂപ വകയിരുത്തും  -ധനകാര്യ വകുപ്പ് മന്ത്രി  കെ എൻ ബാലഗോപാൽ"
english_title: "#2.0 #crores #allocated #Kuttyadi #Heritage #Path #Tourism  #Project #Finance #Minister #KNBalagopal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269975/20-crores-allocated-kuttyadi-heritage-path-tourism-project-finance-minister-knbalagopal"
published_at: "2025-02-13T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67adb55b762ea_BALAGOPALAN.jpg"
keywords: []
---

# കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതിക്ക് 2.0 കോടി രൂപ വകയിരുത്തും  -ധനകാര്യ വകുപ്പ് മന്ത്രി  കെ എൻ ബാലഗോപാൽ

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതിക്ക് 2.0 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.ടൂറിസം മേഖലയിലെ ഉന്നമനം ലക്ഷ്യമാക്കികൊണ്ട്,പുഴയോരവും,സഞ്ചാര പാതയും,വിശ്രമ കേന്ദ്രവും ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് ടൂറിസം വകുപ്പിന് സമർപ്പിച്ചത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതിക്ക് 2.0 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.ടൂറിസം മേഖലയിലെ ഉന്നമനം ലക്ഷ്യമാക്കികൊണ്ട്,പുഴയോരവും,സഞ്ചാര പാതയും,വിശ്രമ കേന്ദ്രവും ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് ടൂറിസം വകുപ്പിന് സമർപ്പിച്ചത്.

ഈ പദ്ധതിക്കാണ് ധനകാര്യ വകുപ്പ് മന്ത്രി 2 കോടി രൂപ അനുവദിച്ചിട്ടുള്ളത്.കോഴിക്കോട് ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് കുറ്റ്യാടി. പഴശ്ശി രാജാവ്, കോട്ടക്ക് കുറ്റി അടിച്ചതുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലപ്പേര് വന്നത് എന്ന ഐതീഹ്യമുണ്ട്. കൂടാതെ പഴശ്ശി രാജാവിന്റെ നീരാട്ട് കടവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രപ്രാധാന്യമുള്ള കുറ്റ്യാടി ടൗൺ ഉള്‍പ്പെടുന്ന കുറ്റ്യാടി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന മനോഹരമായ കുറ്റ്യാടി ചെറുപുഴയും,വലിയ പുഴയും സംഗമിക്കുന്ന സ്ഥലത്താണ് കുറ്റ്യാടി ടൗൺ. കുറ്റ്യാടി ടൗണില്‍ നിന്നും പുഴയോരത്തേക്ക് പോകുന്ന റിവര്‍ റോഡും ഏറെ ടൂറിസം സാധ്യതയുള്ളതാണ്.

ഇത് പഴശ്ശി രാജാവിന്റെ നീരാട്ട് കടവിലേക്കുള്ള വഴിയാണ്. പഴശ്ശിരാജാവ് നിര്‍മ്മിക്കാനാരംഭിച്ച കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കുറ്റ്യാടിയിലുണ്ട്. ബ്രിട്ടീഷ്‌ ഭരണകാലത്ത് പണിത , പഴയ രജിസ്റ്ററോഫീസ് പഴശ്ശി കോട്ടക്കുള്ളില്‍ പഴശ്ശി സ്മാരക മ്യൂസിയമായി പുരാവസ്തു വകുപ്പ് പൈത്രിക കെട്ടിടമായി നിലനിര്‍ത്തിയിട്ടുണ്ട്.

പഴശ്ശി രാജാവ് യുദ്ധകാലത്ത് വയനാട്ടിലേക്ക് കുറ്റ്യാടി വഴി യാത്ര ചെയ്തിരുന്നു എന്നത് ചരിത്ര രേഖകളില്‍ ഉണ്ട്. കൂടാതെ പഴശ്ശിരാജാവിന്റെ സ്വര്‍ണ്ണ വാളുകളുടെ ഭാഗങ്ങള്‍ കുറ്റ്യാടി മലയോരത്തിൽ നിന്നും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

കൂടാതെ ലോക പ്രശസ്തമായ കുറ്റ്യാടി തേങ്ങയ്ക്ക് പ്രസിദ്ധമായ ഈ സ്ഥലത്ത്, മലയോരമേഖലയില്‍ നിന്നുള്‍പ്പെടെ നിരവധി തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും മരങ്ങളുടെയും വിൽപ്പന വര്‍ഷങ്ങള്‍ക്കു മുന്‍പേ കുറ്റ്യാടി കടവ് വഴി നടന്നിരുന്നതാണ്.

കുറ്റ്യാടി ടൗണിൽ നിന്നും പുഴയോരത്തുള്ള പാർക്കുമായി ബന്ധിപ്പിക്കുന്ന കുറ്റ്യാടി റിവര്‍ റോഡ്‌, പൈതൃക റോഡാക്കി മാറ്റി വിനോദ സഞ്ചാര മേഖലയില്‍ അതുല്യ സ്ഥാനത്ത് അടയാളപ്പെടുത്താന്‍ സാധിക്കും.

വയനാട്ടിലേക്കുള്ള പ്രകൃതി സുന്ദരമായ പ്രവേശന മാര്‍ഗ്ഗമായ , കുറ്റ്യാടി ചുരത്തിലേക്ക് കടന്നു പോകുന്നതും കുറ്റ്യാടി ടൗണിലൂടെയാണ്. കൂടാതെ വടകര സാൻഡ്ബാങ്ക്സ്, പയംകുറ്റി മല, ലോകനാര്‍ക്കാവ്, പെരുവണ്ണാമുഴി, ജാനകിക്കാട് എക്കോ ടൂറിസം സ്പോര്‍ട്ട്, എന്നിവയുമായി കുറ്റ്യാടി പൈത്രിക തെരുവ് ബന്ധിപ്പിക്കുന്നതിലൂടെ വലിയ ഒരു കുതിച്ച് ചാട്ടം ടൂറിസം മേഖലയില്‍ സാധ്യമാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269975/20-crores-allocated-kuttyadi-heritage-path-tourism-project-finance-minister-knbalagopal)