---
title: "കുറ്റ്യാടി ജലസേചനപദ്ധതി; പെരുവണ്ണമൂഴി ഡാമിൽനിന്ന് കനാലിലേക്കുള്ള ജലവിതരണം 19-ന്"
english_title: "#Kuttyadi #Irrigation #Scheme #Water #supply #Peruvannamoozhi #Dam #canal #start #19th"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/271090/kuttyadi-irrigation-scheme-water-supply-peruvannamoozhi-dam-canal-start-19th-new"
published_at: "2025-02-18T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b4549097a71_kuttiadi_water_.jpg"
keywords: []
---

# കുറ്റ്യാടി ജലസേചനപദ്ധതി; പെരുവണ്ണമൂഴി ഡാമിൽനിന്ന് കനാലിലേക്കുള്ള ജലവിതരണം 19-ന്

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലുള്ള പെരുവണ്ണമൂഴി ഡാമിൽനിന്ന് 19-ന് കനാലിലേക്കുള്ള ജലവിതരണം തുടങ്ങും. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന പ്രൊജക്റ്റ് അഡ്‌വൈസറി കമ്മിറ്റിയാണ് കനാൽ തുറക്കുന്ന തീയതി നിശ്ചയിച്ചത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലുള്ള പെരുവണ്ണമൂഴി ഡാമിൽനിന്ന് 19-ന് കനാലിലേക്കുള്ള ജലവിതരണം തുടങ്ങും. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന പ്രൊജക്റ്റ് അഡ്‌വൈസറി കമ്മിറ്റിയാണ് കനാൽ തുറക്കുന്ന തീയതി നിശ്ചയിച്ചത്.

കഴിഞ്ഞവർഷം ഫെബ്രുവരി ആറിനാണ് കനാൽ തുറന്നത്. ഇത്തവണ കൂടുതൽ മാസങ്ങളിൽ മഴ ലഭിച്ച സാഹചര്യം പരിഗണിച്ചാണ് കനാൽ തുറക്കുന്നത് നീട്ടിയത്. വൈകി അനുമതി ലഭിച്ച പ്രവൃത്തികളും പൂർത്തിയാകാനുണ്ടായിരുന്നു.

കനാൽ തുറക്കുന്നതിന് മുന്നോടിയായി ചെയ്യേണ്ട പ്രവൃത്തികളും ശുചീകരണവും നടന്നുവരുകയാണ്. കനാൽ തകർന്ന ഭാഗങ്ങളിൽ വശങ്ങൾ കെട്ടി സംരക്ഷിക്കൽ, കനാലിനുള്ളിൽ വശങ്ങളിലും അടിഭാഗത്തും കോൺക്രീറ്റ് ചെയ്യൽ തുടങ്ങിയ 2.50 കോടിയുടെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുന്ന പ്രവൃത്തികളും 2.45 കോടി രൂപയുടെ പദ്ധതിയിതര വിഭാഗത്തിലെ ശുചീകരണ പ്രവൃത്തികളുമാണ് നടക്കുന്നത്.

വടകര, പെരുവണ്ണാമൂഴി സബ് ഡിവിഷനിലായി 84 പ്രവൃത്തികളാണ് ശുചീകരണത്തിനായി ചെയ്യുന്നത്.ഇവ തൊഴിലുറപ്പ് ഫണ്ടിൽ നടത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും ആവർത്തന സ്വഭാവമുള്ളതാണെന്ന കാരണത്താൽ അനുമതി ലഭിച്ചിരുന്നില്ല.

അതിനാൽ പരിമിതമായ ഫണ്ടുപയോഗിച്ചുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്യാൻ കഴിയുന്നത്. അഞ്ച് കോടിയോളം രൂപയാണ് പദ്ധതിയിനത്തിൽ ഇത്തവണ വകയിരുത്തിയിരുന്നത്. പിന്നീട് 50 ശതമനം തുക കുറച്ചതിനാൽ കുറേ പ്രവൃത്തികൾ ഒഴിവാക്കേണ്ടിവന്നു.

പ്രധാന കനാലും ബ്രാഞ്ച് കനാലും ഡിസ്ട്രിബ്യൂട്ടറികളുമെല്ലാമടക്കം 603 കിലോമീറ്റർ ദൈർഘ്യമേറിയതാണ് കുറ്റ്യാടി പദ്ധതിയിലെ കനാൽ ശൃംഖല.ജില്ലയിൽ മൂന്ന് താലൂക്കുകളിലെ 44 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ഇതിൻ്റെ പ്രയോജനം ലഭിക്കുന്നു.

കല്ലൂർ, കക്കോടി, നടുവത്തൂർ, അയനിക്കാട്, തിരുവങ്ങൂർ, ഇരിങ്ങൽ എന്നിങ്ങനെ ഇടതുകര ബ്രാഞ്ച് കനാലുകളും വേളം, തൂണേരി, അഴിയൂർ, മണിയൂർ എന്നിങ്ങനെ വലതുകര ബ്രാഞ്ച് കനാലുകളും പദ്ധതിയുടെ ഭാഗമായുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/271090/kuttyadi-irrigation-scheme-water-supply-peruvannamoozhi-dam-canal-start-19th-new)