---
title: "പുറക്കാട്ടിരി മൈസൂർ ദേശീയപാതയും, പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡും യാഥാർഥ്യമാക്കണം -ദേശീയ വികസന സമിതി"
english_title: "#Purakattiri #Mysore #National #Highway #Poozhithod #West #Alternative #Road #realized #NationalDevelopmentCommittee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/272593/purakattiri-mysore-national-highway-poozhithod-west-alternative-road-realized-nationaldevelopmentcommittee"
published_at: "2025-02-24T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc572f87292_mp.jpg"
keywords: []
---

# പുറക്കാട്ടിരി മൈസൂർ ദേശീയപാതയും, പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡും യാഥാർഥ്യമാക്കണം -ദേശീയ വികസന സമിതി

> **Lead Summary:** കുറ്റ്യാടി: പുറക്കാട്ടിരി മൈസൂർ ദേശീയപാതയും, പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡും യാഥാർഥ്യമാക്കുവാൻ പാർലമെന്റിൽ ശബ്ദമുയരണമെന്ന് ദേശീയ വികസന സമിതി ആവശ്യപ്പെട്ടു.

## Article Content

കുറ്റ്യാടി: പുറക്കാട്ടിരി മൈസൂർ ദേശീയപാതയും, പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡും യാഥാർഥ്യമാക്കുവാൻ പാർലമെന്റിൽ ശബ്ദമുയരണമെന്ന് ദേശീയ വികസന സമിതി ആവശ്യപ്പെട്ടു.

രാത്രികാല യാത്രാ നിരോധനത്തിനു ശാശ്വത പരിഹാരമാവുന്ന, യാതൊരു നിയന്ത്രണവും ഇല്ലാത്ത പാതയാണ് പുറക്കാട്ടിരി -മൈസൂർ ദേശീയപാത.

വയനാട് കോഴിക്കോട് ജില്ലകളുടെ വികസന മുന്നേറ്റത്തിനുതകുന്ന രണ്ടു പാതകളും യാഥാർഥ്യമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്, പാർലമെൻ്റ് അംഗങ്ങളായ,പ്രിയങ്ക ഗാന്ധി,ഷാഫി പറമ്പിൽ,എം.കെ. രാഘവൻ എന്നിവർക്ക് വികസന സമിതി ഭാരവാഹികൾ നിവേദനം നൽകി.

ഈ പാതകൾക്ക് ആവശ്യമായ അനുമതി കേന്ദ്രത്തിൽ നിന്നും നേടിയെടുക്കുന്നതിൽ പാർലമെൻ്റ് അംഗങ്ങൾ നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

2018 മുതൽ ഇതിന് വേണ്ടി വികസന സമിതി ഇടപെടൽ നടത്തി വരുന്നു. പുറക്കാട്ടിരി -മൈസൂർ ദേശീയപാതയ്ക്ക് 7734 കോടി രൂപ വകയിരുത്തി ഡി.പി. ആർ തയ്യാറാക്കാൻ ഹൈദരബാദ് ആസ്ഥാനമായ ചൈതന്യ പ്രൊജക്റ്റ് കൺസൾട്ടൻസിയെ ചുമതലപ്പെടുത്തിയ പ്രകാരം, ഡി.പി.ആർ. എടുത്തു കഴിഞ്ഞു.

പൂഴിത്തോട് ബദൽ പാതയുടെ നിർദേശം മുപ്പത് വർഷം മുമ്പേ ഉള്ളതാണ്.വികസന സമിതി ഭാരവാഹികളായ കെ. എ.ആൻറണി,സോജൻ ആലക്കൽ,പി. പി. ആലിക്കുട്ടി, ഡൊമിനിക് കളത്തൂർ, ജമാൽ പാറക്കൽ,പി.പി. ദിനേശൻ,അഭിലാഷ് പാലഞ്ചേരി, അരുൺ, പി. ചന്ദ്രൻ, സിറിയക് ഫിലിപ്പ്, എച്ച്. ബി.പ്രദീപ്, ബാബു ഫിലിപ്പ്,ബ്രാൻ കുഞ്ഞഹമ്മദ് കുട്ടി തുടങ്ങിയവർ നിവേദന സംഘത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/272593/purakattiri-mysore-national-highway-poozhithod-west-alternative-road-realized-nationaldevelopmentcommittee)