---
title: "കുറ്റ്യാടി ജലസേന പദ്ധതിയുടെ ഭാഗമായി പാടശേഖരങ്ങളിലേക്ക് ജലവിതരണം ആരംഭിച്ചു"
english_title: "#part #Kuttiadi #JalSena #project #water #supply #paddocks #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/272822/part-kuttiadi-jalsena-project-water-supply-paddocks-started-new-update"
published_at: "2025-02-25T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd8b62c97c7_water.jpg"
keywords: []
---

# കുറ്റ്യാടി ജലസേന പദ്ധതിയുടെ ഭാഗമായി പാടശേഖരങ്ങളിലേക്ക് ജലവിതരണം ആരംഭിച്ചു

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി ജലസേന പദ്ധതിയുടെ ഭാഗമായി പെരുവയൽ ,കുറിച്ചകം, അടിവയൽ പാടശേഖരങ്ങളിലേക്ക് കുറ്റ്യാടി ജലസേചന പദ്ധതിയുടെ വെള്ളമെത്തി. ഇതോടെ ധാരാളം കർഷകർക്ക് ഏറെ ആശ്വാസമായി.

## Article Content

കുറ്റ്യാടി: കുറ്റ്യാടി ജലസേന പദ്ധതിയുടെ ഭാഗമായി പെരുവയൽ ,കുറിച്ചകം, അടിവയൽ പാടശേഖരങ്ങളിലേക്ക് കുറ്റ്യാടി ജലസേചന പദ്ധതിയുടെ വെള്ളമെത്തി. ഇതോടെ ധാരാളം കർഷകർക്ക് ഏറെ ആശ്വാസമായി.

വർഷങ്ങൾക്കു മുൻപ് നിർമ്മാണം പൂർത്തിയാക്കിയ കുറ്റ്യാടി ജലസേചന പദ്ധതിയുടെ തകർച്ചാ ഭീഷണി നേരിടുന്ന ഭാഗങ്ങളുടെയും, കനാലുകളുടെയും പുനർനിർമാണത്തിനായി 175 കോടി രൂപയുടെ പ്രൊപ്പോസൽ ഇറിഗേഷൻ വകുപ്പ് സമർപ്പിച്ചിട്ടുണ്ട്.

ഈ പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കി തുടർനടപടികൾ സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമസഭയിൽ മുൻപ് ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചിരുന്നു.

ജലവിതരണത്തിനായി അത്യാവശ്യം ചെയ്യേണ്ടുന്ന പുനരുദ്ധാരണ പ്രവൃത്തികളാണ് ഈ വർഷവും നടപ്പിലാക്കിയത് .

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കനാൽ പുനരുദ്ധാരണത്തിനായി വിവിധ പ്രവർത്തികൾക്ക് 2024-25 സാമ്പത്തിക വർഷം അനുമതി ലഭിക്കുകയുണ്ടായി. ഇതിൽ എല്ലാ പ്രവർത്തികളും പുരോഗതിയിലാണ് .

കനാലുകളെ കോൺക്രീറ്റ് ലൈൻ ചെയ്ത് പുനരുദ്ധരിക്കുന്നതിനായി 42 ലക്ഷം രൂപയുടെ 5 പ്രവർത്തികൾ അനുവദിച്ചിട്ടുണ്ട്. കനാലിലെ ചെളിയും മണലും നീക്കം ചെയ്യുന്ന പ്രവർത്തിക്കായി 54.74 ലക്ഷം രൂപയുടെ 25 പ്രവർത്തികൾ നടപ്പിലാക്കി.

കൂടാതെ CADA പദ്ധതിയുടെ ഭാഗമായി കനാലുകൾക്കായി ലഭ്യമായ 24.7 ലക്ഷം രൂപയുടെ രണ്ടു പ്രവർത്തികളും സജ്ജീകരിച്ചിട്ടുണ്ട്.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകളിലൂടെയുള്ള ജലവിതരണം 19.02.2025 ന് ആരംഭിക്കുകയും വലതുകര ഇടതുകര കനാലുകളലിലും വേളം, തിരുവളളൂർ, നടുവണ്ണൂർ ബ്രാഞ്ച് കനാലുകളിൽ ജലവിതരണം നടത്തുന്നതിനിടെ ചില സാങ്കേതിക കാരണങ്ങളാൽ ജലവിതരണം ക്രമീകരിക്കേണ്ടതായി വന്നിട്ടുണ്ട്.

ആയത് ഉടൻ തന്നെ പരിഹരിച്ചു ജലവിതരണം പൂർവസ്ഥിതിയിൽ പുനസ്ഥാപിക്കുന്നതാണ് എന്ന് കുറ്റ്യാടി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/272822/part-kuttiadi-jalsena-project-water-supply-paddocks-started-new-update)