---
title: " ആദ്യം പറഞ്ഞു പഠിപ്പിക്കേണ്ടത് മാനവികതയെ കുറിച്ച് -ഷാഫി പറമ്പിൽ എംപി"
english_title: "#first #thing #taught #about #humanity #ShafiParambil #MP"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/273266/first-thing-taught-about-humanity-shafiparambil-mp"
published_at: "2025-02-27T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c000ccf40dd_shafi_parambil_mp.jpg"
keywords: []
---

#  ആദ്യം പറഞ്ഞു പഠിപ്പിക്കേണ്ടത് മാനവികതയെ കുറിച്ച് -ഷാഫി പറമ്പിൽ എംപി

> **Lead Summary:** കുറ്റ്യാടി: മറ്റെന്തിനേക്കാളും ആദ്യം പറഞ്ഞു പഠിപ്പിക്കേണ്ടത് മാനവികതയെ കുറിച്ചാണെന്ന് ഷാഫി പറമ്പിൽ എംപി. ഇല്ലെങ്കിൽ നമ്മൾ തോറ്റുപോകുമെന്നും അത്തരത്തിലുള്ള വാർത്തകളാണ് ദിനേന വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കുറ്റ്യാടി: മറ്റെന്തിനേക്കാളും ആദ്യം പറഞ്ഞു പഠിപ്പിക്കേണ്ടത് മാനവികതയെ കുറിച്ചാണെന്ന് ഷാഫി പറമ്പിൽ എംപി. ഇല്ലെങ്കിൽ നമ്മൾ തോറ്റുപോകുമെന്നും അത്തരത്തിലുള്ള വാർത്തകളാണ് ദിനേന വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോ‌ക്റ്റേഴ്സ് അക്കാദമിയുടെ കേരളത്തിലെ നാലാമത് ബ്രാഞ്ച് കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എംപി.

വിദ്യാർഥികളുടെ നല്ല സ്വപ്നങ്ങളെയും ആശയങ്ങളെയും പരിപോഷിപ്പിക്കാനും ജീവിതലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും മികച്ച പരിശീലനങ്ങളിലൂടെ സാധിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

നമ്മുടെ സ്വപ്നങ്ങൾക്കും ചിന്തകൾക്കും ആശയങ്ങൾക്കും കഴിവിനും സേവനങ്ങൾക്കുമെല്ലാം യാഥാർഥ്യരൂപം നൽകാൻ ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമായ കാലമാണിത്. ഇന്ന് ഏത് ഗ്രാമത്തിലും നഗരത്തിലുമാണെങ്കിലും ആളുകൾക്ക് അവരുടെ മികവുകൾ പുറത്തെടുക്കാൻ ഒരു പ്രയാസവുമില്ല.

നല്ല കഴിവ്, ആശയങ്ങൾ, ഉത്പന്നങ്ങൾ, സേവനങ്ങൾ എല്ലാം ഇന്ന് അംഗീകരിക്കപ്പെടും. നമ്മൾക്ക് അവയോട് എത്ര താൽപ്പര്യമുണ്ട് എന്നതാണ് പ്രധാന ഘടകം.

നമുക്കു പിന്തുണ നൽകാൻ മികച്ച പരിശീലകർ ഉണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അത്തരം പരിശീലന സ്ഥാപനങ്ങൾ നാടിനു മുതൽക്കൂട്ടാവുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഡോക്റ്റേഴ്സ് അക്കാദമി മനേജിങ് ഡയരക്ടർ ഡോ. ബാബുരാജ് അധ്യക്ഷത വഹിച്ചു. പി.സി.രവീന്ദ്രൻ, വി.പി.മൊയ്തു ശ്രീജേഷ് ഊരത്ത്, സാബു കീഴരിയൂർ, സി.എച്ച്. ഷരീഫ്, കെ.പി അബ്ദുൽ മജീദ്, കെ.പി.അബ്ദുൽ റസാഖ്, വി.സി.കുഞ്ഞബ്ദുല്ല, പി.ജമാൽ എന്നിവർ സംസാരിച്ചു.

എൻ.പി.ബഷീർ സ്വാഗതവും ദിനേശ് മണി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/273266/first-thing-taught-about-humanity-shafiparambil-mp)