---
title: "മായുന്ന പാടശേഖരങ്ങൾ;  രാത്രിയുടെ മറവില്‍ മണ്ണിട്ട് മൂടി വേളത്തെ പാടശേഖരങ്ങള്‍"
english_title: "#Fading #fields #paddyfields #covered #soil #coverofnight"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/274119/fading-fields-paddyfields-covered-soil-coverofnight"
published_at: "2025-03-03T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c55d38277da_PADDY.jpg"
keywords: []
---

# മായുന്ന പാടശേഖരങ്ങൾ;  രാത്രിയുടെ മറവില്‍ മണ്ണിട്ട് മൂടി വേളത്തെ പാടശേഖരങ്ങള്‍

> **Lead Summary:** **വേളം: **ജില്ലയിലെ പ്രധാന നെല്ലുല്പാദന കേന്ദ്രങ്ങളിലൊന്നായ വേളം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങള്‍ മണ്ണിട്ടുമൂടി അതിവേഗം മായുന്നു. ഒട്ടേറെ പരാതികള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു പ്രയോജനവുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.

## Article Content

**വേളം: **ജില്ലയിലെ പ്രധാന നെല്ലുല്പാദന കേന്ദ്രങ്ങളിലൊന്നായ വേളം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങള്‍ മണ്ണിട്ടുമൂടി അതിവേഗം മായുന്നു. ഒട്ടേറെ പരാതികള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു പ്രയോജനവുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പഞ്ചായത്തിലെ തീക്കുനി ശാന്തിനഗര്‍, പുത്തൂര്‍ താഴെ, കേളോത്ത് മുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് മണ്ണുമാഫിയ രാത്രിയുടെ മറവില്‍ വ്യാപകമായി മണ്ണിട്ടു നികത്തുന്നത്. നെല്‍കൃഷി വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരും കോടികള്‍ മുടക്കി വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് നെല്‍വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായ രീതിയില്‍ നികത്തുന്നത്.

അനധികൃതമായി മണ്ണിടിക്കുന്നത് ജിയോളജി വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ല. അനധികൃതമായ മണ്ണിടിക്കലും വയലുകളും നീർച്ചാലുകളും നികത്തുന്നതും ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതര്‍ കണ്ണടയ്ക്കുന്നതിനു പിന്നില്‍ ലക്ഷങ്ങളുടെ ഇടപാടുകളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മയക്കുമരുന്ന് ക്രിമിനല്‍ സംഘങ്ങള്‍ ക്വട്ടേഷനെടുത്താണ് രാത്രിയുടെ മറവില്‍ മണ്ണിട്ടു മൂടുന്നത്. അതുകൊണ്ട് തന്നെ പരാതിപ്പെടാനോ എതിര്‍ക്കണോ നാട്ടുകാര്‍ക്ക് കഴിയുന്നുമില്ല. അധികാരികളും നിയമസംവിധാനങ്ങളും നിസ്സഹായത തുടര്‍ന്നാല്‍ ഇല്ലാതാകുന്നത് വേളത്തെ നെല്‍പ്പാടങ്ങളായിരിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/274119/fading-fields-paddyfields-covered-soil-coverofnight)