---
title: "മഴക്കോട്ടു കൊണ്ട്​ മുഖം മറച്ചെത്തി കൊടുവാൾ കൊണ്ട് വെട്ടി; കക്കട്ടിൽ വയോധികന് വെട്ടേറ്റ സംഭവം...... പ്രതി പിടിയിൽ......"
english_title: " ##slashes #elderly #sword #covering #face  #raincoat #Kakkattal#Accused #arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/276085/slashes-elderly-sword-covering-face-raincoat-kakkattalaccused-arrested"
published_at: "2025-03-12T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d1484c851f6_ARRESY.jpeg"
keywords: []
---

# മഴക്കോട്ടു കൊണ്ട്​ മുഖം മറച്ചെത്തി കൊടുവാൾ കൊണ്ട് വെട്ടി; കക്കട്ടിൽ വയോധികന് വെട്ടേറ്റ സംഭവം...... പ്രതി പിടിയിൽ......

> **Lead Summary:** **കുറ്റ്യാടി: ** തിങ്കളാഴ്ച വൈകീട്ട്​ കക്കട്ടിൽ അങ്ങാടിയിൽ വയോധികനെ വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. മധുകുന്ന്​ പുന്നൂപറമ്പത്ത്​ ഗംഗാധരനെ ആക്രമിച്ച കേസിൽ കക്കട്ടിൽ സ്വദേശി ലിനീഷിനെയാണ്​ സി.ഐ എ.പി. കൈലാസ്​നാഥ്​ അറസ്റ്റ്​ ചെയ്തത്​.

## Article Content

**കുറ്റ്യാടി: ** തിങ്കളാഴ്ച വൈകീട്ട്​ കക്കട്ടിൽ അങ്ങാടിയിൽ വയോധികനെ വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. മധുകുന്ന്​ പുന്നൂപറമ്പത്ത്​ ഗംഗാധരനെ ആക്രമിച്ച കേസിൽ കക്കട്ടിൽ സ്വദേശി ലിനീഷിനെയാണ്​ സി.ഐ എ.പി. കൈലാസ്​നാഥ്​ അറസ്റ്റ്​ ചെയ്തത്​.

പരിസരത്തെ കടകളിൽ നിന്ന്​ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്​ പ്രതി പിടിയിലായത്​. കടലാസിൽ പൊതിഞ്ഞ വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച പ്രതി, ഇടവഴിയിൽ കയറി മഴക്കോട്ട് ധരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് മുഖം മാസ്ക് കൊണ്ട് മറച്ച് കടലാസിൽ പൊതിഞ്ഞ കൊടുവാളുമായി വന്നാണ് ആളുകൾ നോക്കിനിൽക്കെ പ്രതി ആക്രമിക്കുന്നത്. സംഭവ ശേഷം വയനാട്ടിലേക്ക്​ രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്നാണ്​ പിടിയിലാവുന്നത്​. ആക്രമിക്കാനുള്ള കാരണം എന്തെന്ന്​ പൊലീസ്​ അന്വേഷിച്ച്​ വരികയാണ്.

ഗംഗാധരന്റെ ബന്ധുവിന്റെ വീട്ടിൽ സി.പി.എം ബ്രാഞ്ച്​ കമ്മിറ്റി യോഗം നടത്തിയതുമായി ബന്ധപ്പെട്ട്​ നേരത്തെ നടന്ന തർക്കങ്ങളും അടിപിടിയുമാണ്​ അക്രമത്തിലേക്ക്​ നയിച്ചതെന്നാണ്​ പൊലീസിന്റെ നിഗമനം. യോഗം നടത്തുന്നത്​ ഗംഗാധരനും ബി.ജെ.പി പ്രവർത്തകനായ മകൻ ലകേഷും​ എതിർത്തിരുന്നു.

തുടർന്ന്​ വാക്കേറ്റവും അടിപിടിയും ഉണ്ടായതായും മകനെതിരെ സി.പി.എമ്മുകാരുടെ പരാതി പ്രകാരം കേസെടുത്തിരുന്നതായും പൊലീസ്​ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/276085/slashes-elderly-sword-covering-face-raincoat-kakkattalaccused-arrested)