---
title: "കണ്ണീർക്കടലായി മൊകേരി; ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് മരിച്ച ആദിദേവിന് കണ്ണീർ വിട നൽകി ജന്മനാട്"
english_title: "adhidevdeath student body cremated kuttiadi student dies pine tree falls ooty"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/292251/adhidevdeath-student-body-cremated-kuttiadi-student-dies-pine-tree-falls-ooty"
published_at: "2025-05-26T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833fafc1ee96_adidev.jpg"
keywords: []
---

# കണ്ണീർക്കടലായി മൊകേരി; ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് മരിച്ച ആദിദേവിന് കണ്ണീർ വിട നൽകി ജന്മനാട്

> **Lead Summary:** **മൊകേരി: ** ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് മരിച്ച കുറ്റ്യാടി സ്വദേശിയായ ആദിദേവിന് വിട നൽകി ജന്മനാട് . പൊതുദർശനത്തിനു വെച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു .

## Article Content

**മൊകേരി: ** ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് മരിച്ച കുറ്റ്യാടി സ്വദേശിയായ ആദിദേവിന് വിട നൽകി ജന്മനാട് . പൊതുദർശനത്തിനു വെച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു .

പൊന്നുമോന്റെ വേർപാടിന്റെ ഞെട്ടലിലാണ് ഒരു നാടൊന്നാകെ . കളിചിരിയുമായി കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാൻ പോയ ആദിദേവ് തിരിച്ചെത്തിയത് ചേതനയറ്റ ശരീരവുമായാണ് . കലിതുള്ളിപെയ്യുന്ന പേമാരിയെ പോലും കണക്കാക്കാതെയാണ് ആദിദേവിനെ അവസാനമായി ഒരു നോക്ക് കാണാൻ വിങ്ങിപ്പൊട്ടിക്കൊണ്ട് ഒന്തംപറമ്പത്തെ വീട്ടിലേക്ക് ആളുകൾ എത്തുന്നത് .

നെഞ്ചുപൊട്ടിക്കരയുന്ന ഉറ്റവരെയും സഹപാഠികളെയും ഒന്നാശ്വസിപ്പിക്കാൻ പോലും സാധിക്കാതെ നിസ്സഹായവസ്ഥയോടെ വിതുമ്പുകയാണ് കോവുക്കുന്ന് ഗ്രാമം .

ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് ആദിദേവിന്റെ ജീവനെടുത്ത ദുരന്തമുണ്ടായത് . അവധിക്കാലമാഘോഷിക്കാൻ കുറ്റ്യാടിയിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കെത്തിയതായിരുന്നു കുടുംബം. ഊട്ടി-ഗുഡല്ലൂർ ദേശീയപാതയിലെ ട്രീ പാർക്ക് ടൂറിസ്റ്റ് സെന്‍ററിലാണ് അപകടമുണ്ടായത്.

കുറ്റ്യാടി മൊകേരി കോവുക്കുന്നിലെ ഒന്തംപറമ്പത്ത് പ്രസീതിന്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്. കുറ്റ്യാടി ഭാഗത്തുനിന്ന് പതിനാല് പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് എത്തിയത്. ധാരാളം മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലെ ട്രീ പാർക്ക് ഭാഗത്ത് ചുറ്റിനടക്കുമ്പോൾ ആദിദേവിന്‍റെ തലയിൽ പൊടുന്നനെ പൈൻമരം വീഴുകയായിരുന്നു.

പരിക്കേറ്റ ആദിദേവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസും വനംവകുപ്പും സ്ഥലത്തെത്തിയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്നലെ വൈകുന്നേരം ആറുമണിക്ക് പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ മൃതദേഹം രാത്രി പത്തരയോടെ മണിയോടെ മൊകേരിയിലെ വീട്ടിൽ എത്തിച്ചു.

വട്ടോളി സംസ്കൃതം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിദേവ്. അച്ഛൻ പ്രസീദ് കൺസ്യൂമർ ഫെഡിൽ നീതി മെഡിക്കൽസ് വെയർഹൗസ് മാനേജറാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/292251/adhidevdeath-student-body-cremated-kuttiadi-student-dies-pine-tree-falls-ooty)