---
title: "കായക്കൊടി ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനം; ഹൈക്കോടതിയുടെ ഇടപെടല്‍"
english_title: "Unscientific ward division Kayakkodi Grama Panchayath High Court intervenes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297391/unscientific-ward-division-kayakkodi-grama-panchayath-high-court-intervenes"
published_at: "2025-06-20T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6855482f4d924_highcourt.jpg"
keywords: []
---

# കായക്കൊടി ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനം; ഹൈക്കോടതിയുടെ ഇടപെടല്‍

> **Lead Summary:** **കായക്കൊടി: **കായക്കൊടി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ വാര്‍ഡ് വിഭജനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ.

## Article Content

**കായക്കൊടി: **കായക്കൊടി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ വാര്‍ഡ് വിഭജനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ.

ഡി ലിമിറ്റേഷന്‍ മാനദണ്ഡങ്ങള്‍ക്കും ജനാധിപത്യപരമായ നിബന്ധനകള്‍ക്കും വിരുദ്ധമാണെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അന്തിമ വിധിക്ക് വിധേയമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ.സി. കുഞ്ഞബ്ദുള്ള മാസ്റ്ററും, ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.കെ. അഷ്‌റഫും അഡ്വ. പി.എ. മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയില്‍ റിറ്റ് ഹരജി സമര്‍പ്പിച്ചിരുന്നു.

ഹരജിയില്‍, ശരാശരി ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള പത്ത് ശതമാനം പരിധിയെ മറികടന്ന വിഭജനങ്ങളാണ് ചില വാര്‍ഡുകളില്‍ ഉണ്ടായതെന്നും, പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്കു പോലും അതിരുകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഇല്ലെന്നും ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, മലയോര ഹൈവേയും സ്റ്റേറ്റ് ഹൈവേയും നിലനില്‍ക്കെ, പഞ്ചായത്ത് റജിസ്റ്ററില്‍ ഇല്ലാത്ത ചില നടപ്പാതകള്‍ അതിരുകളായി ഉള്‍പ്പെടുത്തി വ്യവസ്ഥകള്‍ ലംഘിച്ചതായും ആരോപണമുണ്ട്.ഈ സാഹചര്യത്തില്‍, ഇപ്പോഴത്തെ വിഭജനം മൂലം ഗ്രാമസഭകളുടെ ക്രമീകരണത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികളിലും വോട്ടര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുവെന്ന് ഹരജിക്കാര്‍ കോടതിയില്‍ അവതരിപ്പിച്ചു.

ഹരജി സ്വീകരിച്ചതായി ഹൈക്കോടതി വ്യക്തമാക്കിയതോടൊപ്പം, ഡീ ലിമിറ്റേഷന്‍ കമ്മിറ്റിക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും അടിയന്തിര നോട്ടീസ് അയച്ചിട്ടുണ്ടെന്നും മുസ്ലിം ലീഗ് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297391/unscientific-ward-division-kayakkodi-grama-panchayath-high-court-intervenes)