---
title: "കുറ്റ്യാടിയിലെ വാണിജ്യ സാധ്യത; മണിമല നാളികേര പാർക്ക് യാഥാർഥ്യത്തിലേക്ക്, സംരംഭകർക്കായി നടപടിക്രമങ്ങൾ ലളിതമാക്കി"
english_title: "Commercial potential in Kuttiadi; Manimala Coconut Park becomes a reality"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316951/commercial-potential-in-kuttiadi-manimala-coconut-park-becomes-a-reality"
published_at: "2025-09-25T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4d7cc40124_velom.jpg"
keywords: []
---

# കുറ്റ്യാടിയിലെ വാണിജ്യ സാധ്യത; മണിമല നാളികേര പാർക്ക് യാഥാർഥ്യത്തിലേക്ക്, സംരംഭകർക്കായി നടപടിക്രമങ്ങൾ ലളിതമാക്കി

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടി മണ്ഡലത്തിലെ നാളികേര കർഷകർക്ക് പുതിയ വാണിജ്യ സാധ്യതകൾ തുറന്നുകൊണ്ട് മണിമല നാളികേര പാർക്ക് യാഥാർഥ്യമാകുന്നു. ഈ വർഷം തന്നെ പാർക്കിലേക്ക് വ്യവസായികളെ ക്ഷണിക്കുമെന്ന് എം.എൽ.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി അറിയിച്ചു. പാർക്കുമായി ബന്ധപ്പെട്ട് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, ഈ വർഷം തന്നെ വ്യവസായ സംരംഭകരെ ക്ഷണിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2025 ഡിസംബറിൽ പാർക്ക് വ്യവസായങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടി മണ്ഡലത്തിലെ നാളികേര കർഷകർക്ക് പുതിയ വാണിജ്യ സാധ്യതകൾ തുറന്നുകൊണ്ട് മണിമല നാളികേര പാർക്ക് യാഥാർഥ്യമാകുന്നു. ഈ വർഷം തന്നെ പാർക്കിലേക്ക് വ്യവസായികളെ ക്ഷണിക്കുമെന്ന് എം.എൽ.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി അറിയിച്ചു. പാർക്കുമായി ബന്ധപ്പെട്ട് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, ഈ വർഷം തന്നെ വ്യവസായ സംരംഭകരെ ക്ഷണിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2025 ഡിസംബറിൽ പാർക്ക് വ്യവസായങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

വികസന പ്രവർത്തനത്തിന്റെ ആദ്യഘട്ടമായി അഞ്ചേക്കറിലെ മരങ്ങളുടെ വാല്വേഷൻ പൂർത്തിയാക്കുകയും മരം വിൽക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. റബർ ബോർഡിന്റെയും സോഷ്യൽ ഫോറസ്ട്രിയുടെയും മൂല്യനിർണയവും അനുമതിയും അടിസ്ഥാനമാക്കിയുള്ള മരം മുറിക്കൽ അന്തിമ ഘട്ടത്തിലാണ്. അടുത്തഘട്ടമായി തുടർന്നുള്ള പത്തേക്കറിലെ മരങ്ങൾ മുറിക്കാൻ വാല്വേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മതിൽ, പ്രവേശന കവാടം ഉൾപ്പെടെ 73.61 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികളും 160 കെവിഎ ട്രാൻസ്ഫോമർ സ്ഥാപിക്കലും പൂർത്തിയായി. ഒരു കോടി രൂപ ചെലവിട്ടുള്ള പരിസരസൗകര്യങ്ങൾ, റോഡ് ലാൻഡ് ഡെവലപ്മെന്റ് പ്രവൃത്തികൾ എന്നിവ ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

നാളികേര പാർക്കിൽ വ്യവസായങ്ങൾ തുടങ്ങാൻ താൽപ്പര്യമുള്ള സംരംഭകർക്കായി നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. സംരംഭകർ പാർക്ക് സന്ദർശിച്ച് ഭൂമി നേരിട്ട് കണ്ടശേഷം ഫോം എ പൂരിപ്പിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട്, അപേക്ഷ, മറ്റ് രേഖകൾ എന്നിവ സമർപ്പിക്കണം. അപേക്ഷ കെ.എസ്.ഐ.ഡി.സി. (KSIDC) ലാൻഡ് അലോട്ട്മെന്റ് കമ്മിറ്റിയിലും ഡിസ്ട്രിക്ട് അലോട്ട്മെന്റ് കമ്മിറ്റിയിലും പാസായ ശേഷം ഭൂമിയുടെ തുക അടച്ച് പാട്ടത്തിന് എടുക്കാം.

നാളികേര പാർക്കിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അവലോകന യോഗം ചേർന്നു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലമണി തായണ, വൈസ് പ്രസിഡന്റ് പി.എം. കുമാരൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യോഗത്തിന് ശേഷം എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.ഐ.ഡി.സി. ഉദ്യോഗസ്ഥരും യു.എൽ.സി.സി.എസ്. പ്രതിനിധികളും ചേർന്ന് സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316951/commercial-potential-in-kuttiadi-manimala-coconut-park-becomes-a-reality)