---
title: "പെരുവയൽ-പള്ളിയത്ത് റോഡിന് ശാപമോക്ഷം; സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചു"
english_title: "Curse lifted for Peruvayal-Palliath road; Rs 3 crore allocated in state budget"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340722/curse-lifted-for-peruvayal-palliath-road-rs-3-crore-allocated-in-state-budget"
published_at: "2026-02-07T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986fd640b345_Curse_lifted_for_Peruvayal-Palliath_road.jpg"
keywords: []
---

# പെരുവയൽ-പള്ളിയത്ത് റോഡിന് ശാപമോക്ഷം; സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചു

> **Lead Summary:** **കുറ്റ്യാടി:[ ** വർഷങ്ങളായി തകർന്ന് തരിപ്പണമായിക്കിടക്കുന്ന വേളം പഞ്ചായത്തിലെ പെരുവയൽ-പള്ളിയത്ത് റോഡിന്റെ നവീകരണത്തിനായി സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചു. ഇതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ ദുരിതയാത്രയ്ക്കാണ് അറുതിയാകുന്നത്. പഞ്ചായത്തിലെ എട്ട്, ഒമ്പത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിലൂടെ കടന്നുപോകുന്ന നാല് കിലോമീറ്റർ പാതയുടെ നവീകരണത്തിനാണ് തുക വകയിരുത്തിയത്.

## Article Content

**കുറ്റ്യാടി:[ ** വർഷങ്ങളായി തകർന്ന് തരിപ്പണമായിക്കിടക്കുന്ന വേളം പഞ്ചായത്തിലെ പെരുവയൽ-പള്ളിയത്ത് റോഡിന്റെ നവീകരണത്തിനായി സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചു. ഇതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ ദുരിതയാത്രയ്ക്കാണ് അറുതിയാകുന്നത്. പഞ്ചായത്തിലെ എട്ട്, ഒമ്പത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിലൂടെ കടന്നുപോകുന്ന നാല് കിലോമീറ്റർ പാതയുടെ നവീകരണത്തിനാണ് തുക വകയിരുത്തിയത്.

കുറ്റ്യാടി മുതൽ കൈപ്രംകടവ് വരെയുള്ള ഭാഗം നേരത്തെ നവീകരിച്ചിരുന്നെങ്കിലും കൈപ്രംകടവ് മുതൽ പെരുവയൽ വരെയുള്ള ഭാഗം പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. കൈതക്കൽ താഴെ, പൂമരമുക്ക്, ചെമ്പോട്, ചെറിയാണ്ടിതാഴെ ഭാഗങ്ങളിൽ കാൽനടയാത്ര പോലും അസാധ്യമാണ്. പി.ഡബ്ല്യു.ഡി അധികൃതർ നടത്തിവന്ന താൽക്കാലിക അറ്റകുറ്റപ്പണികൾ മഴയത്ത് ഒലിച്ചുപോകുന്നത് പതിവായിരുന്നു.

റോഡിന്റെ ശോച്യാവസ്ഥ കാരണം ബസ് സർവീസുകൾ വെട്ടിക്കുറച്ചതോടെ വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. നിലവിൽ കുറ്റ്യാടിയിൽ നിന്ന് പള്ളിയത്ത്, പന്നിമുക്ക് വഴി പേരാമ്പ്രയിലേക്ക് രണ്ട് സർവീസുകൾ മാത്രമാണുള്ളത്. ഗതാഗത സൗകര്യമില്ലാത്തതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ജീപ്പ് സർവീസുകളും റോഡിന്റെ മോശം അവസ്ഥ കാരണം നിർത്തേണ്ടി വന്നു. ഓട്ടോറിക്ഷകൾ പോലും ഈ റൂട്ടിലേക്ക് വരാൻ മടിക്കുന്ന സാഹചര്യമായിരുന്നു.

റോഡ് തകർന്നതോടെ സ്കൂൾ വാഹനങ്ങൾക്ക് എത്താൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ചേരാപുരം സ്കൂളിന് പുറമെ വേളം എൽ.പി സ്കൂൾ, വിവിധ മതപഠന ശാലകൾ, ആരാധനാലയങ്ങൾ, അങ്കണവാടികൾ എന്നിവയെല്ലാം ഈ പാതയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

ആയഞ്ചേരി, ആവള, തിരുവള്ളൂർ ഭാഗത്തുള്ളവർക്ക് പെരുവണ്ണാമൂഴി, പേരാമ്പ്ര ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള പ്രധാന പാതയാണിത്. ചങ്ങരോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും ഇതോടെ സുഗമമാകും. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ വടകര ഭാഗത്തേക്ക് കൂടുതൽ ബസ് സർവീസുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340722/curse-lifted-for-peruvayal-palliath-road-rs-3-crore-allocated-in-state-budget)