---
title: "കുരുന്നുകളുടെ സ്വന്തം 'ബിന്ദു ടീച്ചർ'; മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള സംസ്ഥാന പുരസ്കാരം ബിന്ദു കൊല്ലറോത്തിന്"
english_title: "Bindu Kollaroth wins state award for best Anganwadi helper"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340984/bindu-kollaroth-wins-state-award-for-best-anganwadi-helper"
published_at: "2026-02-09T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698971d13c7be_Bindu_Kollaroth_wins_state_award_.jpg"
keywords: []
---

# കുരുന്നുകളുടെ സ്വന്തം 'ബിന്ദു ടീച്ചർ'; മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള സംസ്ഥാന പുരസ്കാരം ബിന്ദു കൊല്ലറോത്തിന്

> **Lead Summary:** **കുറ്റ്യാടി : [** ഐസിഡിഎസ് സംസ്ഥാനതലത്തിൽ നൽകുന്ന മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള അവാർഡ് ബിന്ദു കൊല്ലറോത്തിന്. കഴിഞ്ഞ 14 വർഷമായി തളീക്കര അങ്കണവാടിയിൽ ബിന്ദു നടത്തിവരുന്ന മാതൃകാപരമായ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം തേടിയെത്തിയത്.

## Article Content

**കുറ്റ്യാടി : [** ഐസിഡിഎസ് സംസ്ഥാനതലത്തിൽ നൽകുന്ന മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള അവാർഡ് ബിന്ദു കൊല്ലറോത്തിന്. കഴിഞ്ഞ 14 വർഷമായി തളീക്കര അങ്കണവാടിയിൽ ബിന്ദു നടത്തിവരുന്ന മാതൃകാപരമായ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം തേടിയെത്തിയത്.

പതിനെട്ട് വർഷത്തിലധികമായി പ്രവർത്തന പഥത്തിൽ സജീവമായ ബിന്ദു വർക്കർ റിജിഷയ്ക്ക് താങ്ങും തണലുമായാണ് തളീക്കരയിൽ പ്രവർത്തിക്കുന്നത്. ഐസിഡിഎസ് കുന്നുമ്മൽ ബ്ലോക്ക് പരിധിയിൽ കായക്കൊടി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ളത് തളീക്കര അങ്കണവാടിയിലാണ്. അങ്കണവാടി ഹെൽപ്പർ എന്ന നിലയിൽ പിഞ്ചുകുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിനപ്പുറം അദ്ധ്യാപിക ഇല്ലാത്ത അവസരങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നതിനും കളിപ്പിക്കുന്നതിനും ഇവർ സമയം കണ്ടെത്തുന്നുണ്ട്. ഭക്ഷണാവശ്യത്തിനായി 'പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികൾ ഒരു പരിധി വരെ ഒഴിവാക്കി പച്ചക്കറി തോട്ടം നിർമ്മിക്കുന്നതിലും ഇവർ അതീവ ശ്രദ്ധ പുലർത്തി വരുന്നു.

അങ്കണവാടിയിൽ ഭക്ഷണ വസ്തുക്കൾ കേടുവരാതെ സൂക്ഷിക്കുന്ന കാര്യത്തിലുമുള്ള ജാഗ്രതയും അംഗീകാരത്തിന് കാരണമായി. ബിന്ദുവിന് കൈവന്ന നേട്ടത്തെ വളരെ ആഹ്ലാദത്തോടെയാണ് നാട്ടുകാർ നോക്കി കാണുന്നത്. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് മന്ത്രി വീണ ജോർജ്ജിൽ നിന്നും ബിന്ദു അവാർഡ് ഏറ്റുവാങ്ങി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി. പവിത്രനാണ് ഭർത്താവ് പാർവ്വണ, പുണ്യ എന്നിവർ മക്കളാണ്.

ഐസിഡിഎസ് സംസ്ഥാന അവാർഡിന് അർഹയായ കെ.ബിന്ദുവിനെ ഷാഫി പറമ്പിൽ എംപി, ഇ.കെ.വിജയൻ എം എൽ എ , കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശീന്ദ്രൻ, കായക്കൊടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.വി. ബിന്ദു, സിഡിപിഒ ഷിഞ്ചു തുടങ്ങിയവർ അഭിനന്ദിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340984/bindu-kollaroth-wins-state-award-for-best-anganwadi-helper)