---
title: "കുറ്റ്യാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി; മൂന്നാം അങ്കത്തിന് പാറക്കൽ അബ്ദുല്ല"
english_title: "UDF candidate in Kuttiadi; Parakkal Abdullah for third term"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/348265/udf-candidate-in-kuttiadi-parakkal-abdullah-for-third-term"
published_at: "2026-03-17T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b93ce79972d_8.jpg"
keywords: []
---

# കുറ്റ്യാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി; മൂന്നാം അങ്കത്തിന് പാറക്കൽ അബ്ദുല്ല

> **Lead Summary:** **കുറ്റ്യാടി :** മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റ്യാടിയുടെ മുൻ എംഎൽഎയുമായ പാറക്കൽ അബ്ദുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി കുറ്റ്യാടിയിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു. കാരുണ്യപ്രവർത്തനങ്ങളിലും വികസനരേഖകളിലും സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ജനകീയ നേതാവായാണ് പാറക്കൽ അറിയപ്പെടുന്നത്. 1958-ൽ വടകര ഏറാമലയിൽ തച്ചർകണ്ടി മൊയ്തു ഹാജിയുടെയും ബീരോളി കുഞ്ഞാമിയുടെയും മകനായി ജനിച്ച അദ്ദേഹം എംഎസ്എഫിലൂടെയാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. ദീർഘകാലം പ്രവാസലോകത്ത് സജീവമായിരുന്ന അദ്ദേഹം ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറിയായി 14 വർഷം സേവനമനുഷ്ഠിച്ചു.

## Article Content

**കുറ്റ്യാടി :** മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റ്യാടിയുടെ മുൻ എംഎൽഎയുമായ പാറക്കൽ അബ്ദുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി കുറ്റ്യാടിയിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു. കാരുണ്യപ്രവർത്തനങ്ങളിലും വികസനരേഖകളിലും സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ജനകീയ നേതാവായാണ് പാറക്കൽ അറിയപ്പെടുന്നത്. 1958-ൽ വടകര ഏറാമലയിൽ തച്ചർകണ്ടി മൊയ്തു ഹാജിയുടെയും ബീരോളി കുഞ്ഞാമിയുടെയും മകനായി ജനിച്ച അദ്ദേഹം എംഎസ്എഫിലൂടെയാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. ദീർഘകാലം പ്രവാസലോകത്ത് സജീവമായിരുന്ന അദ്ദേഹം ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറിയായി 14 വർഷം സേവനമനുഷ്ഠിച്ചു.

പ്രവാസികൾക്കിടയിലും നാട്ടിലും നിരവധി ജീവകാരുണ്യ പദ്ധതികൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ, സെക്രട്ടറി, വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

2016-ൽ ഇടത് കുത്തക മണ്ഡലമായ കുറ്റ്യാടിയിൽ നിന്ന് സിറ്റിംഗ് എംഎൽഎ കെ.കെ. ലതികയെ പരാജയപ്പെടുത്തിക്കൊണ്ട് നേടിയ ചരിത്രവിജയമാണ് പാറക്കൽ അബ്ദുല്ലയെ ശ്രദ്ധേയനാക്കിയത്. തന്റെ ഭരണകാലയളവിൽ 700 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

നിർദ്ധനരായ രോഗികൾക്ക് പ്രതിമാസം മരുന്ന് ലഭ്യമാക്കുന്ന 'ആർദ്രം', വിദ്യാർത്ഥികൾക്കായി 'ബിൽഡ് യുവർ ഡ്രീംസ്', കോവിഡ് സമയത്ത് പ്രവാസികൾക്കായി നടത്തിയ 'കൂടണയാം പാറക്കലിനൊപ്പം' തുടങ്ങിയ ജനക്ഷേമ പദ്ധതികൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.പി കുഞ്ഞമ്മദ് കുട്ടിയോട് 333 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിലെ സജീവ സാന്നിധ്യമായി അദ്ദേഹം തുടർന്നു. 2024-ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും അദ്ദേഹം മുഖ്യപങ്കുവഹിച്ചു. തയ്യിൽ ജമീലയാണ് ഭാര്യ. ജംഷിദ് അബ്ദുള്ള, ഡോ. ജസ്ന അബ്ദുള്ള, ജസ്മൽ അബ്ദുള്ള, ഹിബ അബ്ദുള്ള എന്നിവരാണ് മക്കൾ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/348265/udf-candidate-in-kuttiadi-parakkal-abdullah-for-third-term)