---
title: "പത്ത് വര്‍ഷമായി നമ്മള്‍ ഈ സര്‍ക്കാരിന്റെ കെടുതികള്‍ പേറുകയാണ് - പാറക്കല്‍ അബ്ദുല്ല"
english_title: "We have been suffering from this government's evils for ten years."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/348495/we-have-been-suffering-from-this-governments-evils-for-ten-years"
published_at: "2026-03-18T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bae04e6acae_21.jpg"
keywords: []
---

# പത്ത് വര്‍ഷമായി നമ്മള്‍ ഈ സര്‍ക്കാരിന്റെ കെടുതികള്‍ പേറുകയാണ് - പാറക്കല്‍ അബ്ദുല്ല

> **Lead Summary:** **ആയഞ്ചേരി: **ആവേശമുണര്‍ത്തി ആയഞ്ചേരിയില്‍ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ റോഡ്‌ഷോ. സ്ഥാനാര്‍ഥിക്കൊപ്പം സ്ഥലം എംപി ഷാഫി പറമ്പിലും ചേര്‍ന്നപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. വടകരറോഡ് പെട്രോള്‍പമ്പിനു സമീപത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാന്റ് ചുറ്റി കവലയില്‍ സമാപിച്ചു.

## Article Content

**ആയഞ്ചേരി: **ആവേശമുണര്‍ത്തി ആയഞ്ചേരിയില്‍ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ റോഡ്‌ഷോ. സ്ഥാനാര്‍ഥിക്കൊപ്പം സ്ഥലം എംപി ഷാഫി പറമ്പിലും ചേര്‍ന്നപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. വടകരറോഡ് പെട്രോള്‍പമ്പിനു സമീപത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാന്റ് ചുറ്റി കവലയില്‍ സമാപിച്ചു.

പത്ത് വര്‍ഷമായി നമ്മള്‍ ഈ സര്‍ക്കാരിന്റെ കെടുതികള്‍ പേറുകയാണെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് ഈ നാട് മാറിയേ മതിയാകൂ. അതിനായി നമ്മള്‍ രണ്ടാഴ്ച വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണം. ഈ സര്‍ക്കാരിന്റെ അനീതികള്‍ക്കെതിരായി പത്തുവര്‍ഷമായി തെരുവില്‍ സമരം ചെയ്യുകയാണ് കെ എസ് യുക്കാരനും യൂത്ത് കോണ്‍ഗ്രസുകാരനും എംഎസ്ഫുകാരനും യൂത്ത് ലീഗുകാരനുമെല്ലാം. അങ്ങനെ പ്രതിഷേധക്കുന്നവരെ പേപ്പട്ടിയെപ്പോലെ തല്ലിയ സര്‍ക്കാരാണ് നമ്മുടെ മുന്നിലുള്ളത്.

കരിങ്കൊടികാണിച്ചവരെ മുഖ്യമന്ത്രിയുടെ മുന്നില്‍വെച്ച് പൂച്ചട്ടികൊണ്ട് തലയടിച്ചു പൊളിച്ചപ്പോള്‍ അത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നു പറഞ്ഞ ആഭ്യന്തരമന്തരിയാണ് നമുക്കുള്ളത്. കുട്ടികള്‍ക്ക് പ്ലസ്ടു സീറ്റുകള്‍ ലഭിക്കാതായപ്പോള്‍ സമരം ചെയ്ത പ്രവര്‍ത്തകരെ കൊയിലാണ്ടിയിലെ പൊലീസുകാര്‍ ചങ്ങലവെച്ചാണ് കൊണ്ടുപോയത്. അതിനൊക്കെ എണ്ണിയെണ്ണി കണക്ക് ചോദിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും പാറക്കല്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/348495/we-have-been-suffering-from-this-governments-evils-for-ten-years)