---
title: "മഴ പെയ്താൽ പാത തോടാകും; നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ ദുരിതയാത്ര, ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യം ശക്തം"
english_title: "Difficult journey on Nadapuram-Kuttyadi state highway, strong demand for construction of drainage channels"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/357957/difficult-journey-on-nadapuram-kuttyadi-state-highway-strong-demand-for-construction-of-drainage-channels"
published_at: "2026-05-07T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc625d69f8e_strong_demand_for_construction_of_drainage_channels.jpg"
keywords: []
---

# മഴ പെയ്താൽ പാത തോടാകും; നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ ദുരിതയാത്ര, ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യം ശക്തം

> **Lead Summary:** കക്കട്ടില്‍: നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ നരിപ്പറ്റ റോഡ് മുതൽ കുളങ്ങരത്ത് ടൗൺ വരെയുള്ള ഭാഗത്ത് ഓവുചാലുകളില്ലാത്തത് കാൽനടയാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

## Article Content

കക്കട്ടില്‍: നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ നരിപ്പറ്റ റോഡ് മുതൽ കുളങ്ങരത്ത് ടൗൺ വരെയുള്ള ഭാഗത്ത് ഓവുചാലുകളില്ലാത്തത് കാൽനടയാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

മഴക്കാലപൂർവ ശുചീകരണം നടത്തി റോഡിനിരുവശവും വൃത്തിയാക്കിയെങ്കിലും വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ മഴ പെയ്യുമ്പോൾ റോഡ് തോടായി മാറുന്ന അവസ്ഥയാണ്.

ഓവുചാലുകളുടെ അഭാവം മൂലം മഴവെള്ളം റോഡിലൂടെ പരന്നൊഴുകി സമീപത്തെ കടകളിലും വീട്ടുമ്മുറ്റങ്ങളിലും അരിച്ചെത്തുകയാണ്. കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ പോലും വെള്ളക്കെട്ട് കാരണം യാത്രക്കാർക്ക് നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വീതി കുറഞ്ഞ ഈ പാതയിലൂടെ മഴവെള്ളം കുത്തിയൊലിക്കുന്നത് അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു.

വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിൽ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ്. ഓവുചാൽ നിർമ്മിക്കാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് കുന്നുമ്മൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെംബർ എ.വി. നാസറുദ്ദീൻ പറഞ്ഞു. ഇതിനായി അധികൃതർക്ക് നിവേദനം നൽകാൻ വാർഡ് വികസന സമിതി തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/357957/difficult-journey-on-nadapuram-kuttyadi-state-highway-strong-demand-for-construction-of-drainage-channels)