---
title: "നാടിനെ നടുക്കി അർധരാത്രിയിലെ കൊടുങ്കാറ്റ്; കാവിലുംപാറയിൽ പത്തോളം വീടുകൾ തകർന്നു, കോടികളുടെ നാശനഷ്ടം"
english_title: "Around ten houses collapsed in Kavilumpara, causing damage worth crores"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359762/around-ten-houses-collapsed-in-kavilumpara-causing-damage-worth-crores"
published_at: "2026-05-16T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0811123cc48_causing_damage_worth_crores.jpg"
keywords: []
---

# നാടിനെ നടുക്കി അർധരാത്രിയിലെ കൊടുങ്കാറ്റ്; കാവിലുംപാറയിൽ പത്തോളം വീടുകൾ തകർന്നു, കോടികളുടെ നാശനഷ്ടം

> **Lead Summary:** കുറ്റ്യാടി : കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലകളിൽ ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ കൊടുങ്കാറ്റിൽ കോടികളുടെ നാശനഷ്ടം. പുലർച്ചെ രണ്ട് മണിയോടെ വീശിയടിച്ച കാറ്റിൽ പത്തോളം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. ഒരു വ്യക്തിക്ക് നിസ്സാര പരിക്കേറ്റതായാണ് വിവരം. ആളപായമില്ലാതെ നാട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

## Article Content

കുറ്റ്യാടി : കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലകളിൽ ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ കൊടുങ്കാറ്റിൽ കോടികളുടെ നാശനഷ്ടം. പുലർച്ചെ രണ്ട് മണിയോടെ വീശിയടിച്ച കാറ്റിൽ പത്തോളം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. ഒരു വ്യക്തിക്ക് നിസ്സാര പരിക്കേറ്റതായാണ് വിവരം. ആളപായമില്ലാതെ നാട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പഞ്ചായത്തിലെ മുറ്റഞ്ഞെപ്ലാവ്, വട്ടിപ്പന, കുണ്ടുതോട് തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. മലയോര മേഖലയിലെ പ്രധാന ഉപജീവനമാർഗ്ഗമായ കാർഷിക മേഖലയ്ക്ക് ഈ ദുരന്തം വൻ തിരിച്ചടിയായി. ആയിരക്കണക്കിന് തെങ്ങ്, കവുങ്ങ്, ജാതി, ഗ്രാമ്പൂ, റബ്ബർ മരങ്ങളാണ് വേരോടെ പിഴുതുവീണത്. വ്യാപകമായി വാഴകൃഷിയും നശിച്ചിട്ടുണ്ട്.

വിവിധ പ്രധാന റോഡുകളിൽ മരങ്ങൾ വീണതിനെ തുടർന്ന് പുലർച്ചെ മുതൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. എന്നാൽ നാട്ടുകാരും കുണ്ടുതോട് ദുരന്തനിവാരണ സേനയും ഉടൻ തന്നെ രംഗത്തിറങ്ങി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി വരികയാണ്.

ദുരന്തബാധിത പ്രദേശങ്ങളിൽ പഞ്ചായത്ത്, റവന്യൂ, കൃഷിവകുപ്പ് അധികൃതർ നേരിട്ടെത്തി സന്ദർശനം നടത്തി. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അടിയന്തര സഹായം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359762/around-ten-houses-collapsed-in-kavilumpara-causing-damage-worth-crores)