---
title: "കക്കട്ടിൽ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു"
english_title: "Police register case after auto-rickshaw driver suffers serious injuries in Kakkat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366552/police-register-case-after-auto-rickshaw-driver-suffers-serious-injuries-in-kakkat"
published_at: "2026-06-17T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06c7e4af90b_WhatsApp_Image_2026-05-15_at_12.44.34_PM.jpeg"
keywords: ["Latest News", "Kuttiady", "Kakkat Accident"]
---

# കക്കട്ടിൽ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

> **Lead Summary:** കുറ്റ്യാടി : അമിതവേഗതയിലെത്തിയ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു. ഒളിയോട്ട് പള്ളി പറയട്ടീമ്മൽ ഹൗസിൽ ഷംനാസിനാണ് ഗുരുതരമായി പരിക്കേറ്റത്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

## Article Content

കുറ്റ്യാടി : അമിതവേഗതയിലെത്തിയ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു. ഒളിയോട്ട് പള്ളി പറയട്ടീമ്മൽ ഹൗസിൽ ഷംനാസിനാണ് ഗുരുതരമായി പരിക്കേറ്റത്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഇക്കഴിഞ്ഞ ജൂൺ 12-ന് രാത്രി 11.50 ഓടെ കക്കട്ട് കെ. മാളിന് മുൻവശത്തായിരുന്നു അപകടം. ഷംനാസ് ഓട്ടോറിക്ഷ നാദാപുരം ഭാഗത്തു നിന്നും കുറ്റ്യാടി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു. വാഹനം കെ മാളിന് മുന്നിലെത്തിയ സമയം എതിർദിശയിൽ നിന്നും അതീവ അശ്രദ്ധയോടും അമിതവേഗതയോടും കൂടി പാഞ്ഞുവന്ന കാർ ഓട്ടോറിക്ഷയിൽ ശക്തമായി ഇടിക്കുകയായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിലേക്ക് തലകീഴായി മറിഞ്ഞു. വണ്ടിക്കടിയിൽ പെട്ട ഷംനാസിന്റെ ഇടതു കൈയുടെ എല്ല് പൊട്ടുകയും ശരീരമാസകലം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എന്നാൽ അപകടം സംഭവിച്ചിട്ടും വാഹനം നിർത്താനോ, പ്രഥമശുശ്രൂഷയോ വൈദ്യസഹായമോ നൽകാനോ മുതിരാതെ കാർ ഓടിച്ചുപോയതായാണ് പരാതി.

സംഭവത്തിൽ പരിക്കേറ്റ ഷംനാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അശ്രദ്ധമായി വാഹനമോടിക്കൽ, മനുഷ്യജീവന് അപകടമുണ്ടാക്കൽ, അപകടം വരുത്തി വാഹനം നിർത്താതെ പോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366552/police-register-case-after-auto-rickshaw-driver-suffers-serious-injuries-in-kakkat)