---
title: "വന്യജീവി ശല്യം രൂക്ഷം; കാവിലുംപാറയിൽ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വൻ നാശനഷ്ടം "
english_title: "Wild Elephant Destroys Crops in Kavilumpar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367553/wild-elephant-destroys-crops-in-kavilumpar"
published_at: "2026-06-22T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38e1e9adc24_Wild_Elephant_Destroys_Crops_in_Kavilumpar.jpg"
keywords: ["Latest News", "Wild Elephant Destroys Crops", "Kavilumpar"]
---

# വന്യജീവി ശല്യം രൂക്ഷം; കാവിലുംപാറയിൽ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വൻ നാശനഷ്ടം 

> **Lead Summary:** കുറ്റ്യാടി: ജനവാസമേഖലയായ വട്ടിപ്പനയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രദേശത്ത് ആനയിറങ്ങിയത്. വട്ടിപ്പന കാവുങ്കൽ താഴെ രാജുവിന്റെ പുരയിടത്തിലാണ് കാട്ടാന എത്തിയത്. പറമ്പിലെ കയ്യാലകൾ തകർത്ത ആന, വൻതോതിൽ വാഴക്കൃഷിയും നശിപ്പിച്ചിട്ടുണ്ട്.

## Article Content

കുറ്റ്യാടി: ജനവാസമേഖലയായ വട്ടിപ്പനയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രദേശത്ത് ആനയിറങ്ങിയത്. വട്ടിപ്പന കാവുങ്കൽ താഴെ രാജുവിന്റെ പുരയിടത്തിലാണ് കാട്ടാന എത്തിയത്. പറമ്പിലെ കയ്യാലകൾ തകർത്ത ആന, വൻതോതിൽ വാഴക്കൃഷിയും നശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമുണ്ടായ ചുഴലിക്കാറ്റിൽ രാജുവിന്റെ നിരവധി ഗ്രാമ്പൂ, ജാതി മരങ്ങൾ ഒടിഞ്ഞുവീണ് നശിച്ചിരുന്നു. ഈ പ്രകൃതിക്ഷോഭത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറും മുൻപാണ് കർഷകന് തിരിച്ചടിയായി വീണ്ടും കാട്ടാനയാക്രമണം ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റും വന്യജീവി ശല്യവും ഒന്നിനുപിറകെ ഒന്നായി ബാധിച്ചതോടെ വട്ടിപ്പനയിലെ കർഷക കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാണ്.

വനംവകുപ്പ് അധികൃതർ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും, കൃഷിനാശം സംഭവിച്ച കർഷകന് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

മലയോര നിവാസികളുടെ ജീവനും സ്വത്തിനും കാട്ടുമൃഗങ്ങൾ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും, ബന്ധപ്പെട്ട അധികാരികൾ ഇതിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജമാൽ കോരങ്ങോട്ട്, വൈസ് പ്രസിഡന്റ് കെ. സി. കൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി പി. വി. ജോൺസൺ എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367553/wild-elephant-destroys-crops-in-kavilumpar)