---
title: "പകൽപ്പോലും ഭീതി പരത്തി കാട്ടാനകൾ; തൊട്ടിൽപ്പാലം കാവിലുംപാറ ചൂരണിലെ ജനവാസ മേഖലയിൽ ഭീതി, ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ"
english_title: "Thottilpalam, Kavilumpara Choorani, Wild elephants, Thottilpalam wild elephant menace"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369648/thottilpalam-kavilumpara-choorani-wild-elephants-thottilpalam-wild-elephant-menace"
published_at: "2026-07-01T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44a22d65508_KAATANA.jpg"
keywords: ["Latest News", "Thottilpalam", "Kavilumpara Choorani", "Wild Elephants"]
---

# പകൽപ്പോലും ഭീതി പരത്തി കാട്ടാനകൾ; തൊട്ടിൽപ്പാലം കാവിലുംപാറ ചൂരണിലെ ജനവാസ മേഖലയിൽ ഭീതി, ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ

> **Lead Summary:** **തൊട്ടിൽപ്പാലം:[ **കാവിലുംപാറ പഞ്ചായത്തിലെ ചൂരണി, പക്രംതളം, കാരിമുണ്ട മേഖലകളിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു.

## Article Content

**തൊട്ടിൽപ്പാലം:[ **കാവിലുംപാറ പഞ്ചായത്തിലെ ചൂരണി, പക്രംതളം, കാരിമുണ്ട മേഖലകളിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

പകൽസമയങ്ങളിൽ പോലും കാട്ടാനകളുടെ സാന്നിധ്യം പതിവായതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.

കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനകൾ വാഴ, തെങ്ങ് ഉൾപ്പെടെയുള്ള നിരവധി കാർഷികവിളകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

ഇതോടെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ജനവാസ മേഖലയിലേക്ക് കാട്ടാനകൾ എത്തുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ വീടിന് പുറത്തേക്ക് പോകാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചൂരണിയിൽ കാട്ടാനയിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാട്ടാനശല്യം പതിവായ പക്രംതളം, ചൂരണി, കാരിമുണ്ട പ്രദേശങ്ങളിൽ നാട്ടുകാർ ചേർന്ന് പിആർടി (പ്രിവന്റീവ് റെസ്‌പോൺസ് ടീം) രൂപീകരിച്ച് ജാഗ്രതാ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെ അഭാവം പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുകയാണ്.

ടോർച്ചുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും, വന്യജീവി ആക്രമണം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ച് കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369648/thottilpalam-kavilumpara-choorani-wild-elephants-thottilpalam-wild-elephant-menace)