---
title: " പ്രതിഭകളെ ആദരിച്ച് കാവിലുംപാറ ഗവ. ഹൈസ്കൂൾ: എം.എൽ.എ കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു"
english_title: "Kavilumpara Govt School Honors Students in Felicitation Ceremony"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372561/kavilumpara-govt-school-students-felicitation-mla-abhijith"
published_at: "2026-07-15T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5769f2c8c1b_kavilumpara-govt-school-students-felicitation-mla-abhijith.jpg"
keywords: ["Latest News", "Kavilumpara", "School", "Students", "MLA"]
---

#  പ്രതിഭകളെ ആദരിച്ച് കാവിലുംപാറ ഗവ. ഹൈസ്കൂൾ: എം.എൽ.എ കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കാവിലുംപാറ**:**[**എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് തുടങ്ങി വിവിധ പൊതുപരീക്ഷകളിലും മത്സരപരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി കാവിലുംപാറ ഗവൺമെന്റ് ഹൈസ്കൂൾ സംഘടിപ്പിച്ച അനുമോദന സമ്മേളനം ശ്രദ്ധേയമായി.

## Article Content

**കാവിലുംപാറ**:**[**എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് തുടങ്ങി വിവിധ പൊതുപരീക്ഷകളിലും മത്സരപരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി കാവിലുംപാറ ഗവൺമെന്റ് ഹൈസ്കൂൾ സംഘടിപ്പിച്ച അനുമോദന സമ്മേളനം ശ്രദ്ധേയമായി.

നാദാപുരം നിയോജകമണ്ഡലം എം.എൽ.എ കെ.എം. അഭിജിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമൂഹത്തിന്റെ വളർച്ചയ്ക്ക് പ്രതിഭകളെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് എം.എൽ.എ പറഞ്ഞു.

സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം വളർത്താനും, ലഭിക്കുന്ന അവസരങ്ങൾ ധൈര്യപൂർവം ഏറ്റെടുക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. സദസ്സിലെ വിദ്യാർത്ഥികളോട് എം.എൽ.എ പാടാൻ ആവശ്യപ്പെട്ടപ്പോൾ, ധൈര്യത്തോടെ വേദിയിലെത്തി പാടിയ അവന്തിക എന്ന വിദ്യാർത്ഥിനിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്കൂളിലെ രക്ഷിതാവുമായ മേഘ ടീച്ചർ അധ്യക്ഷത വഹിച്ചു. മലയോര മേഖലയിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമായ ഈ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കൽ തുടങ്ങിയ ആവശ്യങ്ങൾ അവർ യോഗത്തിൽ ഉന്നയിച്ചു. സ്കൂളിന്റെ സമഗ്ര വികസനത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് എം.എൽ.എ ഉറപ്പുനൽകി.

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ്, ഇൻസ്പയർ അവാർഡ്, വൈ.ഐ.പി അവാർഡ്, ഇ.എൽ.ഇ.പി അവാർഡ്, നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ജേതാക്കൾ എന്നിവർക്ക് ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് പി.ഇ. ശ്രീജ എം.എൽ.എയെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.പി.സി കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണറും കുരുന്നുകളുടെ പുഷ്പവൃഷ്ടിയും ചടങ്ങിന് മിഴിവേകി. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പി.ടി.എ, എസ്.എം.സി, എം.പി.ടി.എ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372561/kavilumpara-govt-school-students-felicitation-mla-abhijith)