---
title: "പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി "
english_title: " Plus One New Batches Denied To Government Schools In Kozhikode District-new-NEW-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374244/plus-one-new-batches-government-schools-ignored-kozhikode-new-NEW-new"
published_at: "2026-07-24T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62e0ccb4ce6_plus-one-new-batches-government-schools-ignored-kozhikode.jpg"
keywords: ["Latest News", "Plus One Admission", "Government Higher Secondary", "Aided Schools", "Kuttiyadi"]
---

# പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി 

> **Lead Summary:** **കുറ്റ്യാടി**:**[**സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിച്ചപ്പോൾ ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളെ പൂർണമായി അവഗണിച്ചതായി പരാതി. പുതിയതായി അനുവദിച്ച 20 ബാച്ചുകളും എയ്ഡഡ് സ്ഥാപനങ്ങൾക്കു മാത്രമാണ് നൽകിയിരിക്കുന്നത്.

## Article Content

**കുറ്റ്യാടി**:**[**സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിച്ചപ്പോൾ ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളെ പൂർണമായി അവഗണിച്ചതായി പരാതി. പുതിയതായി അനുവദിച്ച 20 ബാച്ചുകളും എയ്ഡഡ് സ്ഥാപനങ്ങൾക്കു മാത്രമാണ് നൽകിയിരിക്കുന്നത്.

വടകര താലൂക്കിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുന്ന കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. കുന്നുമ്മൽ ഉപജില്ലയിലെ രണ്ട് സർക്കാർ ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി സൗകര്യമുള്ള ഏക സ്ഥാപനമാണിത്.

നിലവിലുള്ള 8 ബാച്ചുകളിൽ 65 കുട്ടികളെ വരെ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി പൂർത്തിയാക്കുന്ന 650 കുട്ടികളിൽ 400 ഔദ്യോഗിക സീറ്റുകളും മാർജിനൽ ഇൻക്രീസ് വഴി 120 സീറ്റുകളും മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ളത്.

രണ്ട് ബാച്ചുകൾ കൂടി ലഭിച്ചാൽ പോലും സീറ്റുകൾ തികയാത്ത സാഹചര്യമാണുള്ളത്. ഭാവിയിൽ ഒരു ബാച്ചിൽ 40 കുട്ടികൾ എന്ന നിലയിലേക്ക് മാറേണ്ടതുണ്ടെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ബയോളജി സയൻസ് ബാച്ചുകൾ മാത്രമുള്ള ഇവിടെ കമ്പ്യൂട്ടർ സയൻസ് ഉൾപ്പെടെയുള്ള പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ സർക്കാർ സ്കൂളുകളെ അവഗണിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. പ്രവേശന ആവശ്യകതയും പ്രാദേശിക ആവശ്യവും ശാസ്ത്രീയമായി വിലയിരുത്താതെയുള്ള ഈ തീരുമാനം എയ്ഡഡ് മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആക്ഷേപവും ഇതിനകം ഉയർന്നു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374244/plus-one-new-batches-government-schools-ignored-kozhikode-new-NEW-new)