---
title: "മൗനത്തിന്റെ നിഴലിലൂടെ നടന്ന കൃഷ്ണൻ; കുറ്റ്യാടിയുടെ ഓർമ്മകളിൽ ഒരു ‘പൊട്ടൻ’"
english_title: "Remembering Krishnan The Potten Of Kuttiady A Life In Margins"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/379263/kuttiady-krishnan-potthen-life-story-remembered"
published_at: "2026-08-20T06:36:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8653a644476_kuttiady-krishnan-potthen-life-story-remembered.jpg"
keywords: ["Kuttiady Krishnan", "Human Story", "Potten"]
---

# മൗനത്തിന്റെ നിഴലിലൂടെ നടന്ന കൃഷ്ണൻ; കുറ്റ്യാടിയുടെ ഓർമ്മകളിൽ ഒരു ‘പൊട്ടൻ’

> **Lead Summary:** **കുറ്റ്യാടി: **ചില മനുഷ്യരെ സമൂഹം അവരുടെ പേരുകൊണ്ടല്ല, അവർക്ക് പതിഞ്ഞുപോയ വിളിപ്പേരുകളിലൂടെയാണ് ഓർത്തെടുക്കുന്നത്. കുറ്റ്യാടിയുടെ തെരുവുകളിലും അങ്ങാടികളിലും അത്തരമൊരു വിളിപ്പേരിനുള്ളിൽ ജീവിതം മുഴുവൻ ഒതുങ്ങിപ്പോയ ഒരാളായിരുന്നു കൃഷ്ണൻ.

## Article Content

**കുറ്റ്യാടി: **ചില മനുഷ്യരെ സമൂഹം അവരുടെ പേരുകൊണ്ടല്ല, അവർക്ക് പതിഞ്ഞുപോയ വിളിപ്പേരുകളിലൂടെയാണ് ഓർത്തെടുക്കുന്നത്. കുറ്റ്യാടിയുടെ തെരുവുകളിലും അങ്ങാടികളിലും അത്തരമൊരു വിളിപ്പേരിനുള്ളിൽ ജീവിതം മുഴുവൻ ഒതുങ്ങിപ്പോയ ഒരാളായിരുന്നു കൃഷ്ണൻ.

> “ഏതു കൃഷ്ണൻ?” എന്ന് ചോദിച്ചാൽ പലർക്കും പെട്ടെന്ന് ഓർമ്മ വരണമെന്നില്ല. എന്നാൽ “വണ്ണാന്റവിടെ മാതേയിയുടെ മകൻ കൃഷ്ണൻ… പൊട്ടൻ… കോൺഗ്രസ് പൊട്ടൻ… ലക്ഷംവീട്ടിലെ പൊട്ടൻ…” എന്ന് പറഞ്ഞാൽ ആ മനുഷ്യനെ പലരും തിരിച്ചറിയും. ഒരു മനുഷ്യന്റെ യഥാർത്ഥ പേര് മറികടന്ന്, സമൂഹം പതിപ്പിച്ച ഒരു വിളിപ്പേര് അയാളുടെ മേൽവിലാസമായി മാറിയതിന്റെ നേർക്കാഴ്ച കൂടിയായിരുന്നു കൃഷ്ണന്റെ ജീവിതം.

കുറ്റ്യാടിയിലെ സാഹിത്യ പ്രവർത്തകൻ സൂപ്പി കുറ്റ്യാടി എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് കൃഷ്ണന്റെ ജീവിതവും മരണവും ഓർമ്മകളിലൂടെ വീണ്ടും തെളിയുന്നത്.

അങ്ങാടികളുടെ ചരിത്രത്തിൽ ഇത്തരം നിരവധി മനുഷ്യരുണ്ടായിരുന്നു. ഓമഞ്ചിയും കൃഷ്ണക്കുറുപ്പും മണ്ടൻ മുത്തപ്പയും ഒറ്റക്കണ്ണൻ പോക്കരും കൂനൻ കണാരനും കുതിരക്കാരൻ അദ്രുമാനും പോലെ, സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട മനുഷ്യർ. അവരുടെ പേരുകൾക്ക് പകരം സമൂഹം നൽകിയ വിശേഷണങ്ങളിലൂടെയായിരുന്നു പലപ്പോഴും അവർ അറിയപ്പെട്ടത്.

എന്നാൽ അവർ വെറും കഥാപാത്രങ്ങളായിരുന്നില്ല. ചോരയും നീരുമുള്ള മനുഷ്യരായിരുന്നു. ചിരിക്കുകയും കരയുകയും വിശക്കുകയും അധ്വാനിക്കുകയും സ്നേഹിക്കുകയും ചെയ്ത മനുഷ്യർ.

കുറ്റ്യാടിയുടെ പഴയ അങ്ങാടിയിലും അത്തരം നിരവധി ജീവിതങ്ങൾ ഉണ്ടായിരുന്നു. കളിയാക്കാനും ചിരിക്കാനും, ചിലപ്പോൾ സമൂഹത്തിന്റെ അവഗണന സഹിക്കാനും വിധിക്കപ്പെട്ടവർ. വിശന്നും വയറൊട്ടിയും ആരും കാണാതെ കരഞ്ഞും, എല്ലാവർക്കും മുന്നിൽ ചിരിച്ചും അവർ തെരുവുകളിലെ ജീവിതം മുന്നോട്ടുകൊണ്ടുപോയി.

അവരിലൊരാളായിരുന്നു കൃഷ്ണൻ. സമ്പന്നരുടെ വീടുകളിലെ കിടക്കകളും തലയണകളും തുന്നിയ കൈകളായിരുന്നു കൃഷ്ണന്റേത്. ഉമ്മമാരുടെ കുപ്പായങ്ങളിൽ കലാപരമായി മാറുവലിച്ചു, കുടുക്കുകൾ തുന്നിച്ചേർത്തു. മീൻകുട്ട ചുമന്നും മറ്റു ചെറിയ ജോലികൾ ചെയ്തും അധ്വാനിച്ചാണ് ആ മനുഷ്യൻ ജീവിതം മുന്നോട്ടുകൊണ്ടുപോയത്.

പക്ഷേ, മറ്റുള്ളവരുടെ ജീവിതത്തിന് ആവശ്യമായ കിടക്കകളും തലയണകളും തുന്നിയ ആ മനുഷ്യന് സ്വന്തം ജീവിതം തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല.

കൂലി ചോദിക്കാനുള്ള വാക്കുകൾ പോലും അയാൾക്ക് പലപ്പോഴും ഉണ്ടായിരുന്നില്ല. നിശബ്ദതയായിരുന്നു കൃഷ്ണന്റെ ഭാഷ. എന്നാൽ ആ നിശബ്ദതയ്ക്കിടയിലും അയാൾ ചിരിച്ചു. മോണകാട്ടി ചിരിച്ചു. സമൂഹത്തിന്റെ കാപട്യങ്ങൾക്ക് മുന്നിൽ കരയാൻ തയ്യാറല്ലെന്നൊരു നിശ്ശബ്ദ പ്രഖ്യാപനം പോലെ ആ ചിരി തോന്നിയിരുന്നുവെന്ന് സൂപ്പി കുറ്റ്യാടി കുറിപ്പിൽ ഓർക്കുന്നു.

രാഷ്ട്രീയത്തിന്റെ വലിയ ആശയങ്ങൾ മനസ്സിലാക്കിയല്ല കൃഷ്ണൻ കോൺഗ്രസിനൊപ്പം നിന്നത്. ചുറ്റുമുള്ളവരുടെ രാഷ്ട്രീയ ചായ്വിനൊപ്പം അയാളും കോൺഗ്രസുകാരനായി. എന്നാൽ ജാഥകളോടും ആഘോഷങ്ങളോടും കൃഷ്ണന് വലിയ ആവേശമായിരുന്നു.

കോൺഗ്രസ് ജാഥകളിലും നടോൽ അമ്പലത്തിലേക്കുള്ള കൊല്ലം വരവിലും സാംസ്കാരിക ഘോഷയാത്രകളിലുമെല്ലാം കൃഷ്ണൻ സജീവ സാന്നിധ്യമായിരുന്നു. മുത്തുക്കുടയേന്തി നിറഞ്ഞ ചിരിയോടെ മുന്നോട്ട് നീങ്ങുന്ന കൃഷ്ണന്റെ ചിത്രം ഇന്നും ചിലരുടെ ഓർമ്മയിലുണ്ട്.

> ആ ചിരിയിൽ ഒരു ചോദ്യം ഉണ്ടായിരുന്നിരിക്കാം—“ഞാനും ഒരു മനുഷ്യനാണെടോ.”

അതെ, കൃഷ്ണനും മനുഷ്യനായിരുന്നു.

അവനെയും ഒരു അമ്മ നൊന്തുപെറ്റതാണ്.

സമൂഹത്തിന്റെ പൊതുബോധം പലപ്പോഴും മറന്നുപോകുന്ന ഏറ്റവും ലളിതമായ സത്യം അതായിരുന്നു.

അധ്വാനിച്ച് ജീവിച്ച ആ സാധുമനുഷ്യൻ ഒടുവിൽ ആരവങ്ങളില്ലാതെ ജീവിതത്തിൽ നിന്ന് അരങ്ങൊഴിഞ്ഞു. വലിയ ആൾക്കൂട്ടങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ, പച്ചമണ്ണിൽ ഒരു ഓർമ്മത്തെറ്റുപോലെ.

എന്നാൽ ചില ജീവിതങ്ങൾ മരണത്തോടെ അവസാനിക്കുന്നില്ല. അവർ നടന്ന വഴികളിലും, ചിരിച്ച മുഖങ്ങളിലും, നാം ഒരിക്കൽ ശ്രദ്ധിക്കാതെ കടന്നുപോയ നിമിഷങ്ങളിലുമാണ് അവർ പിന്നീട് തിരിച്ചെത്തുന്നത്.

കുറ്റ്യാടിയുടെ പഴയ അങ്ങാടിയുടെ ഓർമ്മകളിൽ കൃഷ്ണനും അങ്ങനെ തിരിച്ചെത്തുകയാണ്. മറ്റുള്ളവർക്കായി കിടക്കകൾ തുന്നിയ, തലയണകൾ നിറച്ച, വസ്ത്രങ്ങൾക്ക് കുടുക്കുകൾ തുന്നിച്ചേർത്ത, അധ്വാനിച്ച് ജീവിച്ച ഒരു മനുഷ്യനായി.

‘പൊട്ടൻ’ എന്ന വിളിപ്പേരിനപ്പുറം, സ്വന്തം വേദനകളെ മൗനത്തിൽ ഒളിപ്പിച്ച ഒരു മനുഷ്യനായി. ചിരി പെയ്ത മഴയായും നിലാവ് പൂത്ത രാത്രിയായും ആ ഓർമ്മയിൽ കൃഷ്ണൻ ഇനി ജീവിക്കും.

> “താങ്കളെ പൊട്ടനെന്ന് വിളിച്ചുപോയതിൽ മാപ്പ്…”

സൂപ്പി കുറ്റ്യാടിയുടെ ഈ വാക്കുകൾ കൃഷ്ണനോടുള്ള ഒരു വ്യക്തിയുടെ മാപ്പപേക്ഷ മാത്രമല്ല. സമൂഹം അരികിലേക്ക് മാറ്റിനിർത്തിയ അനേകം മനുഷ്യരോട് നാം പറയേണ്ട ഒരു പൊതുമാപ്പിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

**English Summary**

> A Facebook note by Kuttiady-based writer Suppi Kuttiady remembers Krishnan, known locally as "Potten". Son of Matheyi from Vannandavide, Krishnan earned a living by stitching beds, pillows and buttons, and doing small jobs like carrying fish baskets. Though he had no loud voice to demand wages, he faced life with silence and a smile. He participated actively in Congress processions and temple festivals. The note highlights how society often remembered marginalized people by nicknames rather than names. It ends with an apology for calling him "Potten", seen as a collective reminder to acknowledge the dignity of those pushed to the margins.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/379263/kuttiady-krishnan-potthen-life-story-remembered)