---
title: "മരുതോങ്കര മരംമുറിക്കേസ്: ആറാം പ്രതി ജെസിബി ഡ്രൈവർ ദിനേശ് കുമാറിന് ജാമ്യം"
english_title: "Maruthonkara Tree Felling Case Sixth Accused Dinesh Kumar Gets Bail Nadapuram Court"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/381018/maruthonkara-tree-felling-case-sixth-accused-dinesh-kumar-gets-bail-"
published_at: "2026-09-03T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9986b7281ba_maruthonkara-tree-felling-case-sixth-accused-dinesh-kumar-gets-bail.jpg"
keywords: ["Maruthonkara Tree Felling Case", "Nadapuram Court", "Kerala Police Case"]
---

# മരുതോങ്കര മരംമുറിക്കേസ്: ആറാം പ്രതി ജെസിബി ഡ്രൈവർ ദിനേശ് കുമാറിന് ജാമ്യം

> **Lead Summary:** **മരുതോങ്കര: ** മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയ കേസിൽ ആറാം പ്രതി തമിഴ്നാട് സ്വദേശി ദിനേശ് കുമാറിന് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പ്രതിക്കു വേണ്ടി അഡ്വക്കേറ്റ് ബിന്ദു പുതിയാറക്കൽ കോടതിയിൽ ഹാജരായി.

## Article Content

**മരുതോങ്കര: ** മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയ കേസിൽ ആറാം പ്രതി തമിഴ്നാട് സ്വദേശി ദിനേശ് കുമാറിന് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പ്രതിക്കു വേണ്ടി അഡ്വക്കേറ്റ് ബിന്ദു പുതിയാറക്കൽ കോടതിയിൽ ഹാജരായി.

കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് അഞ്ച് പ്രതികൾ നിലവിൽ വടകര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. മരം പിഴുതെടുക്കാൻ ഉപയോഗിച്ച ജെ.സി.ബി.യുടെ ഡ്രൈവറായ ദിനേശനെ കഴിഞ്ഞ ദിവസമാണ് എസ്.ഐ. എസ്.പി. സുഹൈലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.  മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റി ഭാഗത്ത് ജലസേചന വകുപ്പിന്റെ ഭൂമിയിൽ നിന്ന് ഒരു മാസക്കാലയളവിനുള്ളിൽ തേക്കുൾപ്പെടെ പതിനഞ്ചോളം വിലപിടിപ്പുള്ള മരങ്ങളും മറ്റ് പാഴ്മരങ്ങളും വെട്ടിമാറ്റിയെന്നാണ് കേസ്. പ്രദേശത്ത് നടക്കുന്ന റോഡ് പണിയുമായി ബന്ധപ്പെട്ട് ചില മരങ്ങൾ മുറിക്കാൻ അനുമതിയുണ്ടായിരുന്നതിന്റെ മറപിടിച്ചാണ് സമീപത്തെ സർക്കാർ ഭൂമിയിലെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ മാഫിയ സംഘം വെട്ടിക്കടത്തിയതെന്ന് പറയപ്പെടുന്നു.

നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ പാലം പണിയുടെ കല്ലും മെറ്റലും സംഭരിക്കാനാണെന്നാണ് ഇവർ മറുപടി നൽകിയിരുന്നത്. ഇരുപത് വർഷം മുൻപ് സമൂഹ വനവൽക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങളടക്കമാണ് കടത്തിയത്.

തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മരം മുറിച്ച കുറ്റികൾ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം എം.എൽ.എ കെ.എം. അഭിജിത്ത് വ്യക്തമാക്കുകയും ജലസേചന മന്ത്രിയുടെ ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

**English Summary:**

The Nadapuram First Class Magistrate Court has granted bail to the sixth accused, Dinesh Kumar, a Tamil Nadu native and JCB driver, in the Maruthonkara tree felling case. He was arrested by SI S.P. Suhaile for using a JCB to uproot trees on Irrigation Department land in Mundakkutti. Five other accused are currently remanded in Vadakara Sub Jail. Police have applied for their custody for further questioning. MLA K.M. Abhijith assured strict action, while the Irrigation Minister requested an urgent report.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/381018/maruthonkara-tree-felling-case-sixth-accused-dinesh-kumar-gets-bail-)