---
title: "തടസ്സപ്പെട്ട റോഡ് പണികൾ ഉടൻ പൂർത്തിയാക്കണം; വകുപ്പുകൾക്ക് കർശന നിർദേശവുമായി പാറക്കൽ അബ്ദുല്ല എം.എൽ.എ"
english_title: "Stalled Road Works To Resume Soon In Kuttiady Strict Direction By Parakkal Abdulla MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/381092/parakkal-abdulla-mla-stalled-road-works-resume-soon-kozhikode-review-meeting"
published_at: "2026-09-04T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a6d48d0e50_parakkal-abdulla-mla-stalled-road-works-resume-soon-kozhikode-review-meeting.jpg"
keywords: ["Parakkal Abdulla MLA", "Kuttiady Road Works", "Kozhikode PWD Review Meeting"]
---

# തടസ്സപ്പെട്ട റോഡ് പണികൾ ഉടൻ പൂർത്തിയാക്കണം; വകുപ്പുകൾക്ക് കർശന നിർദേശവുമായി പാറക്കൽ അബ്ദുല്ല എം.എൽ.എ

> **Lead Summary:** കുറ്റ്യാടി: മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമാണം തടസ്സപ്പെടുന്നത് ഒഴിവാക്കി പ്രവൃത്തികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു.

## Article Content

കുറ്റ്യാടി: മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമാണം തടസ്സപ്പെടുന്നത് ഒഴിവാക്കി പ്രവൃത്തികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു.

റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി എം.എൽ.എ ഓഫീസിൽ ചേർന്ന പൊതുമരാമത്ത് വകുപ്പ്, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടർമാരുടെയും അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയെ തുടർന്ന് തടസ്സപ്പെട്ട റോഡ് പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കാൻ യോഗത്തിൽ ധാരണയായി. നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക നൂലാമാലകളും വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങളും അടിയന്തരമായി പരിഹരിച്ച് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.

ആയഞ്ചേരി തെരു–അരൂർ കല്ലുമ്പുറം റോഡ്, കാവിൽ–തീക്കുനി റോഡ്, എസ്മുക്ക്–മംഗലാട്–കോട്ടപ്പള്ളി–തിരുവള്ളൂർ റോഡിന്റെ രണ്ടാം റീച്ച് എന്നിവയുടെ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ടാണ് യോഗത്തിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊണ്ടത്.

റോഡ് നിർമാണം നീണ്ടുപോകുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ അടിയന്തര ഇടപെടലുകൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു. നിർമാണ പ്രവൃത്തികളുടെ പുരോഗതി കൃത്യമായി വിലയിരുത്തുകയും തടസ്സങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ ഉടൻ പരിഹരിക്കുകയും ചെയ്യുമെന്ന് യോഗം വ്യക്തമാക്കി.

റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങളുടെ യാത്രാദുരിതം കുറയ്ക്കുന്നതിനാണ് പ്രധാന പരിഗണന നൽകേണ്ടതെന്നും എം.എൽ.എ യോഗത്തിൽ നിർദേശിച്ചു.

**English Summary:**

MLA Parakkal Abdulla said coordination between departments is essential to avoid stalling and expedite road construction works in constituency. He was speaking while chairing review meeting of PWD, Kerala Water Authority officials and contractors at MLA office to resolve issues related to road construction. Meeting agreed to resume stalled works immediately due to lack of coordination. MLA gave strict direction to resolve technical issues and inter-department disputes urgently and complete works in time-bound manner. Final decisions taken regarding Ayanchery Theru-Aroor Kallumburam Road, Kavil-Theekuni Road, and second reach of Esmukk-Mangalad-Kottapalli-Thiruvallur Road. Meeting decided to make urgent interventions as prolonged construction causing hardship to locals and travelers and to evaluate progress regularly and resolve obstacles with coordination.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/381092/parakkal-abdulla-mla-stalled-road-works-resume-soon-kozhikode-review-meeting)