---
title: "സെക്രട്ടറിയും എൻജിനീയറുമില്ല; മരുതോങ്കര പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നു"
english_title: "Maruthonkara Panchayat Staff Shortage Secretary Vacant Administration Crisis President KM Sathi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/382567/maruthonkara-panchayat-staff-shortage-administration-crisis"
published_at: "2026-09-14T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7afb877895_maruthonkara-panchayat-staff-shortage-administration-crisis.jpg"
keywords: ["Maruthonkara Panchayat", "Secretary Vacancy", "Panchayat Crisis"]
---

# സെക്രട്ടറിയും എൻജിനീയറുമില്ല; മരുതോങ്കര പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നു

> **Lead Summary:** **മരുതോങ്കര: **മരുതോങ്കര ഗ്രാമപഞ്ചായത്തിൽ ഉദ്യോഗസ്ഥരില്ലാത്തത് ഭരണ-വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്നു. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികകളായ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ തസ്തികകളാണ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നതെന്ന് പ്രസിഡന്റ് കെ.എം സതി പറഞ്ഞു.

## Article Content

**മരുതോങ്കര: **മരുതോങ്കര ഗ്രാമപഞ്ചായത്തിൽ ഉദ്യോഗസ്ഥരില്ലാത്തത് ഭരണ-വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്നു. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികകളായ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ തസ്തികകളാണ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നതെന്ന് പ്രസിഡന്റ് കെ.എം സതി പറഞ്ഞു.

പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം കോഴിക്കോട് ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി പരാതി നൽകിയിരുന്നു. മൂന്ന് ദിവസത്തിനകം സെക്രട്ടറിയെ നിയമിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും വാക്ക് പാലിച്ചില്ല. ഇതുവരെ ആരും ചുമതലയേറ്റിട്ടില്ല.

ഇതോടെ പഞ്ചായത്ത് ഭരണം പൂർണമായും പ്രതിസന്ധിയിലായി. സെക്രട്ടറി ഇല്ലാത്തതിനാൽ സാധാരണക്കാർക്ക് കിട്ടേണ്ട സേവനങ്ങൾ മുടങ്ങി. അപേക്ഷകൾ തീർപ്പാക്കുന്നില്ല, സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ കാലതാമസം, ഫണ്ടുകൾ വിനിയോഗിക്കാൻ കഴിയുന്നില്ല.

ലൈഫ് മിഷൻ അടക്കമുള്ള ക്ഷേമ പദ്ധതികളെയും ഈ ഉദ്യോഗസ്ഥ ക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്.എൻജിനീയറും ഓവർസിയറും ഇല്ലാത്തതിനാൽ വികസന പ്രവർത്തനങ്ങളും നിലച്ച മട്ടാണ്. പദ്ധതികളുടെ സാങ്കേതിക പരിശോധന നടത്താനോ എസ്റ്റിമേറ്റ് തയ്യാറാക്കാനോ ടെൻഡർ നടപടികൾ പൂർത്തിയാക്കാനോ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനോ ആളില്ല.

ഇതേ അവസ്ഥ തുടർന്നാൽ പഞ്ചായത്തിന് അനുവദിച്ച ഫണ്ടുകൾ പോലും നഷ്ടമാകുമെന്ന ആശങ്കയിലാണ് ഭരണസമിതി.അതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളിലും ഉദ്യോഗസ്ഥരെ നിയമിച്ച് പഞ്ചായത്തിന്റെ പ്രവർത്തനം സുഗമമാക്കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്നും പ്രസിഡന്റ് കെ.എം സതി മുന്നറിയിപ്പ് നൽകി.

English Summary:

Maruthonkara Grama Panchayat faces severe administration crisis due to vacancies in key posts like Secretary, Assistant Secretary, Assistant Engineer and Overseer. President KM Sathi said despite panchayat committee approaching Kozhikode Joint Director office and assurance to appoint secretary within three days, no appointment made. Lack of secretary delays public services, application disposal, scheme implementation and fund utilization including Life Mission. Absence of technical staff stalls estimates, tenders and supervision, risking loss of funds. Committee demands urgent government intervention, warns of agitation.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/382567/maruthonkara-panchayat-staff-shortage-administration-crisis)