---
title: "ലഹരി വേട്ടയ്ക്ക് പുതിയ മുഖം; ‘തൂഫാൻ’ രണ്ടാംഘട്ടത്തിൽ ആന്റി നാർക്കോട്ടിക് ടീം, ഉറവിടങ്ങൾ തേടി പ്രത്യേക സംഘം"
english_title: "Operation Thoofan Second Phase Ward Level Anti Narcotic Investigation Team Ramesh Chennithala Press Conference"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/383326/operation-thoofan-second-phase-anti-narcotic-team-ward-level-jagratha-samithi-ramesh-chennithala"
published_at: "2026-09-18T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad34a30535a_operation-thoofan-second-phase-anti-narcotic-team-ward-level-jagratha-samithi-ramesh-chennithala1.jpg"
keywords: ["Operation Thoofan", "Ramesh Chennithala", "Home Minister", "Anti Narcotic Investigation Team"]
---

# ലഹരി വേട്ടയ്ക്ക് പുതിയ മുഖം; ‘തൂഫാൻ’ രണ്ടാംഘട്ടത്തിൽ ആന്റി നാർക്കോട്ടിക് ടീം, ഉറവിടങ്ങൾ തേടി പ്രത്യേക സംഘം

> **Lead Summary:** കുറ്റ്യാടി : സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടിയായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

## Article Content

കുറ്റ്യാടി : സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടിയായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഉയർന്ന മൂല്യമുള്ളതും അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ളതുമായ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണം ലക്ഷ്യമിട്ട് രൂപീകരിച്ച ടീമിന്റെ പ്രവർത്തനം ഇന്നലെ മുതൽ (സെപ്റ്റംബർ 18) ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് തൂഫാൻ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തൂഫാൻ ജനജാഗ്രതാ സമിതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 28ന് മലപ്പുറം വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുമെന്നും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കുമെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാപ്രവർത്തകർ, ഹരിതകർമ സേന, യുവജനസംഘടനകൾ എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും തൂഫാൻ ജനജാഗ്രത സമിതികൾ എന്നാണ് വിവരം.

പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളായിരിക്കും രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുക എന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന തൂഫാൻ കെയറിൽ സംസ്ഥാനത്തെ 35 ഓളം പ്രധാനപ്പെട്ട ആശുപത്രികൾ പങ്കാളികളാകാൻ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. ഐ.എം.എയുമായി ചേർന്ന് തൂഫാൻ റീഹാബിലിറ്റേഷൻ പ്രോട്ടോക്കോൾ നടപ്പിലാക്കും.

ലഹരിയുടെ കെണിയിൽ അകപ്പെട്ടുപോയവർക്ക് തുറന്നു സംസാരിക്കാൻ തൂഫാൻ ആപ്പ് നിലവിൽ വരും. അമൃത യൂണിവേഴ്സിറ്റി ഐ.ടി വിഭാഗമാണ് ഇതിനായുള്ള സാങ്കേതിക സഹായം നൽകുന്നത് എന്നാണ് മന്ത്രി അറിയിച്ചത്. ലഹരി വിതരണത്തിന്റെ തോത് കുറച്ചതിനൊപ്പം ഡിമാൻഡ് കുറയ്ക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

തൂഫാൻ നോഡൽ ഓഫീസറും നോർത്ത് ഐ.ജിയുമായ പുട്ട വിമലാദിത്യ നേതൃത്വം നൽകുന്ന ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീമിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളാണ് രൂപീകരിച്ചിട്ടുള്ളത്.

ഓരോ യൂണിറ്റിലും ഒരു ഡിവൈ.എസ്.പി, രണ്ട് സി.ഐമാർ, രണ്ട് എസ്.ഐമാർ, എ.എസ്.ഐമാർ ഉൾപ്പെടെ 10 സി.പി.ഒ, എസ്.സി.പി.ഒമാർ അടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഉയർന്ന മൂല്യമുള്ള മയക്കുമരുന്ന് കേസുകളിൽ കൂടുതൽ ശാസ്ത്രീയവും കേന്ദ്രീകൃതവുമായ അന്വേഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്തെ എം.ഡി.എം.എ കേസിൽ പ്രധാനപ്പെട്ട നാല് കണ്ണികളെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചെന്നൈയിലും ബിഹാറിലുമുള്ള ഒളിത്താവളങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇതുവരെ 13 പേർ അറസ്റ്റിലായിട്ടുണ്ട്.

ലഹരി വാങ്ങുന്നതിനായി പ്രതികൾക്ക് സാമ്പത്തിക സഹായം നൽകുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്തേക്കുള്ള ലഹരി വിതരണത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വന്നിട്ടുണ്ടെന്നും മന്ത്രി രമേശ് ചെന്നിത്തല പി.ആർ.ഡിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

**English Summary:**

Home Minister Ramesh Chennithala announced second phase of Operation Thoofan against drug mafia. As first step, Anti Narcotic Investigation Team formed to probe high-value inter-state and international drug trafficking cases, operational from September 18. Team led by Thoofan nodal officer North IG Putta Vimaladitya with three units in Thiruvananthapuram, Ernakulam, Kozhikode. Thoofan Jana Jagratha Samithis will be formed with LSGD to expand anti-drug activities to ward level, state inauguration on September 28 at Vengara Malappuram by Chief Minister VD Satheesan, chaired by Industries Minister PK Kunhalikutty. Rehabilitation focus with Thoofan Care, 35 hospitals, IMA protocol and Thoofan App with Amrita University IT support.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/383326/operation-thoofan-second-phase-anti-narcotic-team-ward-level-jagratha-samithi-ramesh-chennithala)