---
title: "വനിതകൾ കേരള പൊലീസിന്റെ അഭിമാനം: റവാഡാ ചന്ദ്ര ശേഖർ; വനിതാ ബറ്റാലിയനിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു"
english_title: "Kerala Police Women Are a Source of Pride, Says Ravada Chandra Shekhar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/383968/women-pride-kerala-police-ravada-chandra-shekhar"
published_at: "2026-09-23T22:35:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab407a48bcca_women-pride-kerala-police-ravada-chandra-shekhar.jpg"
keywords: ["Kerala Police", "Women Battalion", "Ravada Chandra Shekhar", "operation toofan"]
---

# വനിതകൾ കേരള പൊലീസിന്റെ അഭിമാനം: റവാഡാ ചന്ദ്ര ശേഖർ; വനിതാ ബറ്റാലിയനിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തിരുവനന്തപുരം:** കാലഘട്ടം ആവശ്യപ്പെടുന്നതനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കാൻ വനിതാ ബറ്റാലിയൻ അംഗങ്ങൾ പര്യാപ്തരാണെന്നും വനിതകൾ കേരള പൊലീസിന്റെ അഭിമാനമാണെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ പറഞ്ഞു. മേനംകുളം ആസ്ഥാനമായുള്ള കേരള സായുധ വനിതാ ബറ്റാലിയനിൽ വിവിധ വികസന-ക്ഷേമ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളോട് സൗഹാർദപരമായി പെരുമാറാനും അവർക്ക് നീതി ലഭ്യമാക്കാനും സേനാംഗങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

## Article Content

**തിരുവനന്തപുരം:** കാലഘട്ടം ആവശ്യപ്പെടുന്നതനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കാൻ വനിതാ ബറ്റാലിയൻ അംഗങ്ങൾ പര്യാപ്തരാണെന്നും വനിതകൾ കേരള പൊലീസിന്റെ അഭിമാനമാണെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ പറഞ്ഞു. മേനംകുളം ആസ്ഥാനമായുള്ള കേരള സായുധ വനിതാ ബറ്റാലിയനിൽ വിവിധ വികസന-ക്ഷേമ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളോട് സൗഹാർദപരമായി പെരുമാറാനും അവർക്ക് നീതി ലഭ്യമാക്കാനും സേനാംഗങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വനിതാ പൊലീസ് സേനാംഗങ്ങളുടെ ക്ഷേമവും പരിശീലനവും ലക്ഷ്യമിട്ട് ഒരുക്കിയ ‘ശക്തി ഹാൾ’, ‘പ്രജ്ഞ ലേണിംഗ് സെന്റർ’ സ്മാർട്ട് ക്ലാസ്‌റൂം, ‘അഭയ ക്ലിനിക്ക്’, കെ.എ.ഡബ്ല്യു.പി. ബറ്റാലിയന്റെ പുതിയ വെബ്‌സൈറ്റ് എന്നിവയാണ് പ്രധാനമായി ഉദ്ഘാടനം ചെയ്ത പദ്ധതികൾ.

വനിതാ പൊലീസ് സേനാംഗങ്ങൾക്ക് സ്വയംരക്ഷാ പരിശീലനം നൽകുന്നതിനായാണ് ‘ശക്തി ഹാൾ’ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘പ്രജ്ഞ ലേണിംഗ് സെന്റർ’ സ്മാർട്ട് ക്ലാസ്‌റൂമും സേനാംഗങ്ങൾക്ക് കൗൺസിലിങ്ങിന് സൗകര്യമൊരുക്കുന്ന ‘അഭയ ക്ലിനിക്കും’ പദ്ധതികളുടെ ഭാഗമാണ്.

സേനാംഗങ്ങളുടെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കുന്നതിനുള്ള ‘ബർത്ത് ഡേ ട്രീ’ പദ്ധതിക്കും സംസ്ഥാന പൊലീസ് മേധാവി തുടക്കമിട്ടു. ഉദ്യോഗസ്ഥരുടെ ജന്മദിനങ്ങളിൽ അവരുടെ വിവരങ്ങൾ കൺട്രോൾ റൂമിലെ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും അവരുടെ നേതൃത്വത്തിൽ ബറ്റാലിയൻ പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ രീതി.

ഓരോ മാസവും ബറ്റാലിയനിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്ന സേനാംഗങ്ങളെ ആദരിക്കുന്നതിനായി അവരുടെ ഫോട്ടോയും വിവരങ്ങളും പ്രദർശിപ്പിക്കുന്ന ‘വീരാംഗനാ വാൾ’ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ബറ്റാലിയൻ അംഗങ്ങൾക്ക് ധരിക്കാനായി രൂപകൽപ്പന ചെയ്ത ടി-ഷർട്ടിന്റെ പ്രകാശനവും ഡിജിപി നിർവഹിച്ചു.

ചടങ്ങിന്റെ ഭാഗമായി യങ് ഇന്ത്യ സ്വയംരക്ഷാ പരിശീലകരെയും ഹാറ്റ്സിന്റെ കൗൺസലിംഗ് സംഘത്തെയും ആദരിച്ചു. സ്വയംരക്ഷാ പരിശീലനത്തിന്റെ പ്രദർശനവും ‘ബർത്ത് ഡേ ട്രീ’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ ചടങ്ങും നടന്നു.

ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി.ഐ.ജിയുടെ അധിക ചുമതലയുമുള്ള ഡോ. ജെ. ഹിമേന്ദ്രനാഥ്, വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്റ് അഞ്ജലി ഭാവന, കേരള ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്റ് കെ.ഇ. ബൈജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

English Summary:

State Police Chief Ravada Azad Chandra Shekhar said women are a source of pride for Kerala Police while inaugurating various development and welfare projects at the Kerala Armed Women Battalion headquarters in Menamkulam. The projects include Shakti Hall for self-defence training, Pragya Learning Centre smart classroom, Abhaya Clinic for counselling and a new battalion website. The Birthday Tree initiative was also launched, along with the Veerangana Wall to honour personnel for outstanding service each month. A battalion T-shirt was released, while self-defence trainers and the HATS counselling team were honoured.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/383968/women-pride-kerala-police-ravada-chandra-shekhar)