---
title: "കുറ്റ്യാടിയിൽ വൻ എംഡിഎംഎ വേട്ട; ബെംഗളൂരുവിലെ ഹോട്ടൽ വ്യാപാരി അറസ്റ്റിൽ, വീട്ടിലെ തൊടിയിൽനിന്ന് 104 ഗ്രാം ലഹരിമരുന്ന് പിടികൂടി"
english_title: "Massive MDMA Seizure in Kuttiyadi; Bengaluru Hotelier Arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/391695/kuttiyadi-mdma-seizure-bengaluru-hotelier-arrested"
published_at: "2026-11-15T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af93fb994f6f_kuttiyadi-mdma-seizure-bengaluru-hotelier-arrested.jpg"
keywords: ["MDMASeizure", "KuttiyadiPolice", "DANSAF", "DrugBust", "KeralaCrime"]
---

# കുറ്റ്യാടിയിൽ വൻ എംഡിഎംഎ വേട്ട; ബെംഗളൂരുവിലെ ഹോട്ടൽ വ്യാപാരി അറസ്റ്റിൽ, വീട്ടിലെ തൊടിയിൽനിന്ന് 104 ഗ്രാം ലഹരിമരുന്ന് പിടികൂടി

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിയിൽ വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് സംശയിക്കുന്ന വൻ ലഹരിമരുന്നുശേഖരവുമായി ബെംഗളൂരുവിലെ ഹോട്ടൽ വ്യാപാരിയായ കുറ്റ്യാടി സ്വദേശി അറസ്റ്റിൽ. മൊകേരി മാവുള്ളചാൽ സ്വദേശി പ്രദീപനെയാണ് കുറ്റ്യാടി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്നും വീട്ടിൽ നടത്തിയ പരിശോധനയിലുമായി ആകെ 105.80 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

## Article Content

കുറ്റ്യാടി: കുറ്റ്യാടിയിൽ വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് സംശയിക്കുന്ന വൻ ലഹരിമരുന്നുശേഖരവുമായി ബെംഗളൂരുവിലെ ഹോട്ടൽ വ്യാപാരിയായ കുറ്റ്യാടി സ്വദേശി അറസ്റ്റിൽ. മൊകേരി മാവുള്ളചാൽ സ്വദേശി പ്രദീപനെയാണ് കുറ്റ്യാടി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്നും വീട്ടിൽ നടത്തിയ പരിശോധനയിലുമായി ആകെ 105.80 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

മൊകേരി കോളേജ് റോഡിൽ രാത്രി ഒമ്പതരയോടെയായിരുന്നു അറസ്റ്റ്. സർക്കാർ ആർട്സ് കോളേജിന് സമീപത്തുവച്ച് പ്രദീപനെ തടഞ്ഞുനിർത്തി നടത്തിയ ദേഹപരിശോധനയിൽ 1.80 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് 104 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തത്. വീടിനോടുചേർന്നുള്ള തൊടിയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.

നേരത്തെ കുറ്റ്യാടി ബസ് സ്റ്റാൻഡിൽ കൂൾബാറും തുണിക്കടയും നടത്തിയിരുന്ന വ്യക്തിയാണ് പ്രദീപൻ. വ്യാപാരരംഗത്തെ പ്രവർത്തനങ്ങളിലൂടെ പ്രദേശത്തെ പോലീസുകാരുമായും പോലീസ് സ്റ്റേഷനുമായും ഇയാൾക്ക് നല്ല പരിചയമുണ്ടായിരുന്നു. പിന്നീട് കുറ്റ്യാടിയിലെ വ്യാപാരസ്ഥാപനങ്ങൾ അവസാനിപ്പിച്ച് ബെംഗളൂരുവിൽ ഹോട്ടൽ ബിസിനസിലേക്ക് മാറുകയായിരുന്നു. ഇതിനുശേഷവും നാട്ടിലെ പോലീസുകാരുമായുള്ള സൗഹൃദം ഇയാൾ നിലനിർത്തിയിരുന്നതായാണ് വിവരം.

അടുത്തിടെയാണ് പ്രദീപന് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്ന രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് ലഭിച്ചത്. ഇടയ്ക്കിടെ മാത്രം നാട്ടിലെത്താറുള്ള പ്രദീപനെക്കുറിച്ചുള്ള വിവരം തുടക്കത്തിൽ പോലീസുകാർക്കുപോലും വിശ്വസിക്കാൻ പ്രയാസമായിരുന്നു. എന്നാൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഇയാളെ നിരീക്ഷണത്തിലാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രദീപൻ രാത്രി നടക്കാനിറങ്ങിയപ്പോഴാണ് പോലീസ് സംഘം വളഞ്ഞത്. ദേഹപരിശോധനയിൽ എംഡിഎംഎ കണ്ടെത്തിയതോടെ വീട്ടിലും പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് തൊടിയിൽ ഒളിപ്പിച്ചുവച്ച ലഹരിമരുന്നുശേഖരം കണ്ടെത്തിയത്.

പ്രദീപന്റെ അറസ്റ്റ് മൊകേരി പ്രദേശവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്. ബെംഗളൂരുവിൽ നല്ല നിലയിൽ ഹോട്ടൽ ബിസിനസ് നടത്തുകയും നാട്ടുകാരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന ഇയാൾ ലഹരിക്കേസിൽ പിടിയിലായത് അവിശ്വസനീയതയോടെയാണ് പലരും കേട്ടത്. നേരത്തെ ക്രിമിനൽ കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലാത്ത വ്യക്തിയാണെന്നും നാട്ടുകാർ പറയുന്നു.

പ്രദീപനെ കസ്റ്റഡിയിലെടുത്ത പോലീസ് വാഹനം വീട്ടുമുറ്റത്തെത്തിയപ്പോഴാണ് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ച് ഭാര്യയും മക്കളും അറിഞ്ഞതെന്നാണ് വിവരം.

പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ഉറവിടവും പ്രദീപനുമായി ബന്ധപ്പെട്ട ഇടപാടുകളും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇയാളിൽനിന്ന് ലഹരിമരുന്ന് വാങ്ങിയവരെയും വിതരണശൃംഖലയുമായി ബന്ധമുള്ള മറ്റുള്ളവരെയും തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുകയാണ്.

A Kuttiyadi native who runs a hotel business in Bengaluru was arrested by Kuttiyadi police and DANSAF teams after a drug tip-off. Police recovered 105.80 grams of MDMA, including 1.80 grams found during a body search and 104 grams hidden in the yard of his house.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/391695/kuttiyadi-mdma-seizure-bengaluru-hotelier-arrested)