---
title: "കുറ്റ്യാടിയിൽ മുമ്പും തട്ടിപ്പ്; മഖ്ബൂലും ജെറീസും കുപ്രസിദ്ധ പിടിച്ചുപറിക്കാരെന്ന് പൊലീസ്"
english_title: "Cheating in Kuttyadi before; Police say Maqbool and Jeris are infamous kidnappers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/42663/cheating-in-kuttyadi-before-police-say-maqbool-and-jeris-are-infamous-kidnappers"
published_at: "2022-05-14T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f167a41230_thattip kuttiady.jpg"
keywords: []
---

# കുറ്റ്യാടിയിൽ മുമ്പും തട്ടിപ്പ്; മഖ്ബൂലും ജെറീസും കുപ്രസിദ്ധ പിടിച്ചുപറിക്കാരെന്ന് പൊലീസ്

> **Lead Summary:** **കുറ്റ്യാടി: **വ്യാജ എക്‌സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണവും സ്വർണവും മദ്യവും കവർന്ന കേസിൽ പിടിയിലായ മഖ്ബൂലും ജെറീസും കുപ്രസിദ്ധ പിടിച്ചുപറിക്കാരെന്ന് പൊലീസ്. കുറ്റ്യാടിയിൽ മുമ്പും തട്ടിപ്പ് നടത്തിയതായും പൊലീസ്.

## Article Content

**കുറ്റ്യാടി: **വ്യാജ എക്‌സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണവും സ്വർണവും മദ്യവും കവർന്ന കേസിൽ പിടിയിലായ മഖ്ബൂലും ജെറീസും കുപ്രസിദ്ധ പിടിച്ചുപറിക്കാരെന്ന് പൊലീസ്. കുറ്റ്യാടിയിൽ മുമ്പും തട്ടിപ്പ് നടത്തിയതായും പൊലീസ്.

പുതിയങ്ങാടി ഫാത്തിമ മൻസിലിൽ മഖ്ബൂൽ (50), അത്തോളി കൊങ്ങന്നൂർ മീത്തൽവീട്ടിൽ ജെറീസ് (35) എന്നിവരാണ് നാദാപുരം ഡിവൈ.എസ്.പി. ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ ഒൻപതിന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം. തൊട്ടിൽപ്പാലം ബിവറേജ് ഷോപ്പിൽനിന്ന്‌ മദ്യം വാങ്ങിപ്പോവുകയായിരുന്ന കക്കട്ടിൽ മുള്ളമ്പത്ത് സ്വദേശി സന്തോഷിനെയാണ് തൊട്ടിൽപ്പാലം പൂക്കാട് റോഡിൽവെച്ച് മഖ്ബൂലും ജെറീസും വാഹനം തടഞ്ഞ് 5000 രൂപയും മദ്യക്കുപ്പികളും കവർന്നത്.

എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുകയും അളവിൽ കൂടുതൽ മദ്യം കൈവശമുണ്ടെന്ന് പറഞ്ഞ് പിഴ എന്ന രൂപത്തിൽ പണം കവരുകയായിരുന്നു. സന്തോഷിന്റെ പരാതിയിൽ അന്വേഷണം ഊർജിതമാക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി കോഴിക്കോട്ടുവെച്ചാണ് പ്രതികൾ പിടിയിലായത്.

തൊട്ടിൽപ്പാലത്തെത്തിച്ച പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി പേരാമ്പ്ര കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, പ്രതികളുടെപേരിൽ സമാനമായ കേസ് കുറ്റ്യാടിസ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മദ്യം വാങ്ങിപ്പോവുകയായിരുന്ന മുള്ളമ്പത്ത് പൊയിൽ കുഞ്ഞിക്കണ്ണന്റെ വാഹനം തളീക്കര ഓത്യോട്ട് തടഞ്ഞുനിർത്തി അരപ്പവൻ സ്വർണവും 27,000 രൂപ കവർന്നെന്നുമാണ് കേസ്.

പിടിയിലായവരുടെപേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നേരത്തേ കേസുള്ളതായും പോലീസ് അറിയിച്ചു. എസ്.സി.പി.ഒ. സദാനന്ദൻ, കെ. ലതീഷ്, സി.പി.ഒ പി. സബീഷ്, കെ.പി. അനിൽ കുമാർ എന്നിവരും സ്ക്വാഡിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/42663/cheating-in-kuttyadi-before-police-say-maqbool-and-jeris-are-infamous-kidnappers)