---
title: "കാട്ടുപന്നികളെ കൊല്ലരുതെന്ന് മേനകാ ഗാന്ധി; ആശങ്കയോടെ മലയോര കർഷകർ"
english_title: "Menaka Gandhi urges not to kill wild boars; Hill farmers worried"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/45475/menaka-gandhi-urges-not-to-kill-wild-boars-hill-farmers-worried"
published_at: "2022-05-27T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629108a78057d_menaka gandhi.jpg"
keywords: []
---

# കാട്ടുപന്നികളെ കൊല്ലരുതെന്ന് മേനകാ ഗാന്ധി; ആശങ്കയോടെ മലയോര കർഷകർ

> **Lead Summary:** **കുറ്റ്യാടി : **കാട്ടുപന്നികളെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരിന് കത്ത് നൽകിയ മേനകാ ഗാന്ധി സുപ്രധാന നീക്കത്തിൽ ആശങ്കയും പ്രതിഷേധവുമായി മലയോര കർഷകർ.

## Article Content

**കുറ്റ്യാടി : **കാട്ടുപന്നികളെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരിന് കത്ത് നൽകിയ മേനകാ ഗാന്ധി സുപ്രധാന നീക്കത്തിൽ ആശങ്കയും പ്രതിഷേധവുമായി മലയോര കർഷകർ.

അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനകാ ഗാന്ധി രംഗത്ത് വന്നത്. തെരുവ് പട്ടികളെ കൊല്ലുന്നത് തടഞ്ഞു കൊണ്ടുള്ള സുപ്രിം കോടതി വിധി നേടിയയാളാണ് മേനകാ ഗാന്ധി.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മേനകാ ഗാന്ധി വനം വകുപ്പ് മന്ത്രിക്ക് കത്തയച്ചു. മനേകാ ഗാന്ധിക്ക് രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷന്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശ സ്ഥാപന അധ്യക്ഷമാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി നല്‍കാന്‍ തീരുമാനിച്ചതെന്ന് വനംമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

നിലവിലുള്ള കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെയും മറ്റ് ജനങ്ങളുടെയും ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

വനത്തിനുള്ളില്‍ കടന്ന് കാട്ടുപന്നികളെ വെടിവെയ്ക്കാനും നശിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല.സര്‍ക്കാരിന്റെ നല്ല ഉദ്ദേശ്യത്തെ തകിടം മറിയ്ക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം കേന്ദ്ര സര്‍ക്കാര്‍ കാണാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/45475/menaka-gandhi-urges-not-to-kill-wild-boars-hill-farmers-worried)