---
title: "ബോധവൽക്കരണ നാടകവുമായി വിദ്യാർത്ഥികൾ വീട്ടുമുറ്റങ്ങളിലേക്ക്"
english_title: "Students walk into backyards with awareness play."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/47743/students-walk-into-backyards-with-awareness-play"
published_at: "2022-06-07T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f6ead3b40d_kalari_2.jpg"
keywords: []
---

# ബോധവൽക്കരണ നാടകവുമായി വിദ്യാർത്ഥികൾ വീട്ടുമുറ്റങ്ങളിലേക്ക്

> **Lead Summary:** **കുറ്റ്യാടി : **മഹാമാരിയിൽ അടച്ചുപൂട്ടിയ ഇടങ്ങൾ വീണ്ടും തുറന്നു കിട്ടിയപ്പോൾ അതിജീവനത്തിന്റെ ആവേശവുമായി ജനസമൂഹത്തിലേക്ക് ബോധവത്കരണ നാടകസങ്കേതവുമായി ഇറങ്ങിയിരിക്കുകയാണ് ഒരു സംഘം ഹൈസ്കൂൾ വിദ്യാർഥിനികൾ.

## Article Content

**കുറ്റ്യാടി : **മഹാമാരിയിൽ അടച്ചുപൂട്ടിയ ഇടങ്ങൾ വീണ്ടും തുറന്നു കിട്ടിയപ്പോൾ അതിജീവനത്തിന്റെ ആവേശവുമായി ജനസമൂഹത്തിലേക്ക് ബോധവത്കരണ നാടകസങ്കേതവുമായി ഇറങ്ങിയിരിക്കുകയാണ് ഒരു സംഘം ഹൈസ്കൂൾ വിദ്യാർഥിനികൾ.

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുറ്റ്യാടിയിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വീ വിൻ എന്ന കൂട്ടായ്മയിലെ ഇരുപത് പെൺകുട്ടികളാണ് ബോധവത്കരണ നാടകവുമായി വീട്ടുമുറ്റങ്ങൾ തേടിയെത്തുന്നത്.

'വീടകം' എന്ന് പേരിട്ടിരിക്കുന്ന ഈ നാടക പര്യടനത്തിലൂടെ സാമൂഹിക മാറ്റങ്ങൾ വീടുകളുടെ അകത്തളങ്ങളിൽ നിന്ന് തന്നെ തുടങ്ങണമെന്ന സന്ദേശമാണ് കുട്ടികൾ പകർന്നു നൽകുന്നത്. സമൂഹ ശരീരത്തെ കാർന്നുതിന്നുന്ന വിവിധ വിപത്തുകൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥിനികൾ സമുഹമധ്യത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്.

പുതിയ കാലത്തിലെ പല ലഹരികളുടെ ചതിക്കുഴികളെക്കുറിച്ചും അമിത ജങ്ക്ഫുഡ് ഉപഭോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും സൈബർ അടിമത്തങ്ങളെ കുറിച്ചും ഒക്കെയുള്ള ജാഗ്രതാ മുന്നറിയിപ്പുകളാണ് കുട്ടികൾ ഈ നാടകയാത്ര വഴി വീടുകളിൽ എത്തിക്കുന്നത്.

പ്രതിസന്ധികളിൽ പതറാതെ പരിഹാരമാർഗ്ഗം കണ്ടെത്താൻ സഹായിക്കുന്ന വിവിധ സർക്കാർ ഏജൻസികളുടെ ഫോൺ നമ്പറുകളും ലഘുലേഖാ രൂപത്തിൽ ഈ നാടകം വഴി വിതരണം ചെയ്യും.

സാമൂഹിക ബോധവത്കരണത്തിനുള്ള പതിവ് രീതിയായ തെരുവിലെ നാടകാവതരണത്തിന് പകരമായാണ് വീട്ടുമുറ്റങ്ങൾ അരങ്ങാക്കുന്ന 'വീടകം' എന്ന സർഗാത്മക പരീക്ഷണം കുട്ടികൾ നടത്തുന്നത്. വീടുകളെ തേടിയെത്തുന്ന ബോധവത്കരണ നാടകം എന്ന പുതുമ കൊണ്ട് തന്നെ ഏറെ ജനശ്രദ്ധ നേടുന്നതാണ് കുട്ടികളുടെ ഈ സാമൂഹിക പ്രവർത്തനം.

ഒരു പ്രദേശത്തെ കുടുംബശ്രീ, അയൽക്കൂട്ടം പോലെയുള്ള കൂട്ടായ്മകളുടെ പിന്തുണയോടെ കുടുതൽ പേരിലേക്ക് ഈ ഉദ്യമത്തിന് എത്തിച്ചേരാൻ കഴിയും എന്നാണ് ഈ നാടകസംഘം പ്രതീക്ഷിക്കുന്നത്. കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോട് കൂടിയാണ് വീ വിൻ കൂട്ടായ്മ ഈ നൂതന ബോധവൽക്കരണ സങ്കേതം ജനങ്ങളിൽ എത്തിക്കുന്നത്.

അനുപ്രിയ, ഋതിക രാജ്, നീലാംബരി വിനോദ്, സേതുലക്ഷ്മി, ലുലു സഹീർ, സ്നിഗ്ദ്ധ സുരേഷ്, അർച്ചന, എന്നിവർ പ്രധാന വേഷമിടുന്ന നാടക സംഘത്തിൽ റിദ,ഇഷ്മ,ദേവിക പ്രമോദ്,ഋതുവർണ്ണ,ആർഷ,നക്ഷത്ര സാജൻ,ദേവതീർത്ഥ,ദേവിക.കെ.എസ് ,ദേവനന്ദ ചന്ദ്രൻ,സ്നിഗ്ദ്ധ.സി.വി,നിവേദ്യ.ആർ എന്നീ വിദ്യാർത്ഥിനികൾ കൂടി പങ്കെടുക്കുന്നു.

കുറ്റ്യാടിയിലെ പൂളത്തറയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ നാടകയാത്രയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എസ്‌.എം.സി ചെയർമാൻ വി.കെ. റഫീഖ്, എസ്.ആർ.ജി കൺവീനർ കെ.പി. രമേശൻ, വാർഡ് മെമ്പർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സേതുലക്ഷ്മി, ഇഷ്മ എന്നിവർ സംസാരിച്ചു.

കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർമാരായ എൻ.പി പ്രേംരാജ്, കെ.എ. രേഖ എന്നിവരുടെ നേതൃത്വത്തിലാണ് 'വീടകം' ബോധവത്കരണ നാടകയാത്ര ജനങ്ങളിലേക്ക് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/47743/students-walk-into-backyards-with-awareness-play)